വാഷിങ്ടണ്‍ : യുഎസ് നാവികസേനയുടെ എഫ് -35 യുദ്ധവിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണു. യുദ്ധവിമാനം തകര്‍ന്ന സംഭവം ബുധനാഴ്ചയാണ് പുറത്തുവന്നത്. വിമാനാപകടത്തെക്കുറിച്ച് യുഎസ് നാവികസേന ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. വിമാനത്തിന്റെ പൈലറ്റ് അപകടത്തില്‍ നിന്ന് വിജയകരമായി രക്ഷപ്പെട്ടതായി നാവിക സേന അറിയിച്ചു. കാലിഫോര്‍ണിയയിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ ലെമൂറിന് സമീപമാണ് യുദ്ധവിമാനം തകര്‍ന്നുവീണത്. അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നും അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2014ലാണ് ഈ യുദ്ധ വിമാനം പുറത്തു ഇറങ്ങിയത്. 20 വിമാനങ്ങളാണ് ഇതുവരെ തകര്‍ന്നത്.

തകര്‍ന്നുവീണ എഫ്-35 യുദ്ധവിമാനം ''റഫ് റൈഡേഴ്സ്'' എന്നറിയപ്പെടുന്ന സ്‌ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ വിഎഫ്-125 ന്റേതാണെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. പൈലറ്റുമാര്‍ക്കും എയര്‍ക്രൂവിനും പരിശീലനം നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു ഫ്‌ലീറ്റ് റീപ്ലേസ്മെന്റ് സ്‌ക്വാഡ്രണാണ് വിഎഫ്-125. ലോകത്തിലെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായി എഫ്-35 കണക്കാക്കപ്പെടുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനവുമാണിത്. ബ്രിട്ടണിന്റെ എഫ് 35 എന്ന വിമാനം തിരുവനന്തപുരത്ത് അറ്റകുറ്റപണിക്ക് കിടന്നത് വലിയ വാര്‍ത്തയായിരുന്നു.

എത്ര ശ്രമിച്ചിട്ടും ദിവസങ്ങളോളം അറ്റകുറ്റപണി നടത്താന്‍ ആയില്ല. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് വിമാനം പറത്തി കൊണ്ടു പോയത്. ഇത് ആഗോള തലത്തില്‍ എഫ് 35 ഗണത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് നാണക്കേടായിരുന്നു. ഇതിനിടെയാണ് അമേരിക്കന്‍ യുദ്ധ വിമാനം തകര്‍ന്നു വീഴുന്നത്. പൈലറ്റ് സുരക്ഷിതനാണ്. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല. എന്താണ് അപകട കാരണം എന്ന് വ്യക്തമല്ല. അന്വേഷിക്കുന്നുണ്ടെന്നാണ് നേവി അറിയിക്കുന്നത്. മധ്യ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തിന് ഏകദേശം 64 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ലെമൂര്‍ എന്ന നാവിക വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പൈലറ്റുമാരെയും എയര്‍ക്രൂകളെയും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പറന്ന വിമാനമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. യുഎസിന്റെ പടക്കപ്പലുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഫൈറ്റര്‍ ജെറ്റാണ് ഇതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഏകദേശം 876 കോടി രൂപയാണ് ഇതിന്റെ വില. അഞ്ചാം തലമുറ യുദ്ധവിമാനമായ ഇതിനെ പശ്ചിമേഷ്യയിലും യുഎസ് ഉപയോഗിക്കുന്നുണ്ട്. ഇസ്രായേല്‍ അടക്കം 17 സഖ്യരാജ്യങ്ങള്‍ക്കാണ് യുഎസ് ഇത് നല്‍കിയിരിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലം 39 ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന എഫ് 35 ബ്രിട്ടിഷ് യുദ്ധവിമാനം ദിവസങ്ങള്‍ക്ക് മുമ്പാണ് മടങ്ങിയത്.

എഫ് 35 വിമാനം തകരാറിലായ ഘട്ടത്തില്‍ പൂര്‍ണ സഹായം നല്‍കിയ തിരുവനന്തപുരം വിമാനത്താവളത്തോടുള്ള നന്ദി അറിയിച്ചതിനുശേഷമാണ് യുകെ സൈനികര്‍ മടങ്ങിയത്. യുകെ എയര്‍ഫോഴ്‌സ് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് തോം സോയര്‍ നേരിട്ടെത്തി എയര്‍പോര്‍ട്ട് അധികൃതരെ നന്ദി അറിയിച്ചു. റോയല്‍ എയര്‍ഫോഴ്‌സിന്റെ ഉപഹാരവും കൈമാറി. രാത്രി ഒന്‍പതരയോടെ 17 അംഗ സംഘം റോയല്‍ എയര്‍ഫോഴ്‌സിന്റെ എ 400 വിമാനത്തില്‍ മടങ്ങി.

അറബിക്കടലില്‍ സഞ്ചരിച്ച ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെ കഴിഞ്ഞ മാസം 14നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടാകുകയായിരുന്നു. ജൂണ്‍ 14 മുതല്‍ ഈ മാസം 6 വരെ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസായി 5 ലക്ഷം രൂപ ബ്രിട്ടിഷ് സേന വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു നല്‍കിയതായാണു വിവരം.

അറബിക്കടലില്‍ സംയുക്ത സൈനികാഭ്യാസത്തിനെത്തിയ വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നകന്ന എഫ്-35 യുദ്ധവിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ജൂണ്‍ 14-ന് രാത്രി 9.30-നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഇന്ധനംനിറച്ച് അടുത്തദിവസം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് മറ്റ് സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയത്. ആയിരം കോടിയിലേറെ രൂപ വിലവരുന്ന വിമാനം ദിവസങ്ങളോളം വിമാനത്താവളത്തിലെ ബേയില്‍ മഴയും വെയിലുമേറ്റു കിടന്നു. തുടര്‍ന്ന് 39-ാം ദിവസമാണ് തിരിച്ചുപറന്നത്.