- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ഇവൻ ശരിക്കും പറക്കുമോ?; ടൂറിസം വകുപ്പ് പറഞ്ഞത് പോലെ ആ എഫ്-35 ക്ക് കേരളം വിടാൻ ഉദ്ദേശമില്ലേ..!; ഒടുവിൽ യുകെ യുടെ അറ്റകൈ പ്രയോഗം; വിമാനത്തെ എയർലിഫ്റ്റ് ചെയ്യാൻ സാധ്യത; രാജ്യാതിർത്തികൾ താണ്ടി ഗ്ലോബ്മാസ്റ്റർ തലസ്ഥാനത്ത് എത്തും?; എല്ലാ സാധ്യതകളും പരിശോധിച്ച് അധികൃതർ; കുടുങ്ങിപ്പോയ അനാഥനെ ഇനിയാര് തുണയ്ക്കും!
തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിറുത്തിയിട്ടിരിക്കുന്ന യുദ്ധവിമാനത്തിന്റെ അനിശ്ചിതത്വം തുടരുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അന്ന് മുതൽ കുടുങ്ങിപ്പോയ യുകെ യുടെ യുദ്ധ വിമാനത്തെ പറ്റി പല വാർത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ ടൂറിസം വകുപ്പ് പേജിൽ ഒരു കൗതുകമുള്ള പരസ്യവും തെളിഞ്ഞത്. വിദേശത്ത് നിന്നുമെത്തിയ ആശാന് കേരളത്തിൽ നിന്ന് പോകാൻ മനസ്സ് അനുവദിക്കുന്നില്ല എന്ന തരത്തിലായിരുന്നു പരസ്യം. ഇപ്പോഴിതാ, ടൂറിസം വകുപ്പ് പറഞ്ഞത് പോലെ ഇവിടെ നിന്നും പോകാൻ മടിക്കുന്ന ആ എഫ്-35 യുദ്ധ വിമാനത്തെ എയർ ലിഫ്റ്റ് ചെയ്യാൻ പ്ലാൻ.
എം-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് യുകെ ഇപ്പോൾ പരിശോധിക്കുന്നത്. ജൂൺ 15-ന് അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായിരുന്നു ബ്രിട്ടന്റെ എഫ്-35B സ്റ്റെൽത്ത് യുദ്ധവിമാനം. ഇത്രയും ദിവസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് യുകെ ഒരു അസാധാരണ നീക്കം നടത്താൻ തീരുമാനം എടുത്തിരിക്കുന്നത്. ഇത്തരം യുദ്ധവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂർവമായ നീക്കമെന്നാണ് അധികൃതർ പറയുന്നത്.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അഞ്ചാം തലമുറ വിമാനത്തിന്റെ ഹ്രസ്വ ടേക്ക്-ഓഫ് വെർട്ടിക്കൽ ലാൻഡിംഗ് (STOVL) പതിപ്പാണ് എഫ്-35ബി. ഇൻഡോ-പസഫിക്കിൽ വിന്യസിച്ചിട്ടുള്ള റോയൽ നേവിയുടെ മുൻനിര വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് തിരിച്ചു മടങ്ങാൻ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുദ്ധവിമാനം വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തിരമായി തലസ്ഥാനത്ത് ലാൻഡ് ചെയ്തത്.
അതിനിടെ വിമാനത്താവളത്തിന്റെ സേവനം ഉപയോഗിച്ചതിന് പാര്‍ക്കിങ് ഫീസ് ഈടാക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിദേശ സൈനിക വിമാനമായതിനാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വിമാനത്തിന്റെ ഭാരം അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. ഇതുവരെ മൂന്ന് ലക്ഷം രൂപ വാടകയായിട്ടുണ്ട്. ഇത്രയും ചെറിയ തുക ആയതു കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും കേന്ദ്രം ഈടാക്കാന്‍ ഇടയില്ല. ആദാനി ഗ്രൂപ്പിന് കേന്ദ്രം വാടക നല്‍കിയേക്കും. ബ്രിട്ടിഷ് നാവിക സേനയുടെ 110 മില്യന്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റാണ് ഇത്.
കേരളത്തിലെ മഴകൊണ്ട് നശിക്കേണ്ടെന്ന് കരുതി ഹാങറിലേക്ക് മാറ്റയിടാമെന്ന ഇന്ത്യയുടെ വാഗ്ദാനം ആദ്യം ബ്രിട്ടന്‍ തള്ളിയിരുന്നു. ഇന്ത്യയ്ക്ക് സ്വന്തമാല്ലാത്ത അഞ്ചാം തലമുറ യുദ്ധ വിമാനം ഇന്ത്യയുടെ പരിധിയിലുള്ള ഹാങറിലേക്ക് മാറ്റാത്തത് ഇന്ത്യയെ വിശ്വസമില്ലാത്തതിനാലാണ് എന്നാണ് പ്രചാരണമുണ്ടായത്. ഈ വാദങ്ങളെ റോയല്‍ നേവി തള്ളിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ യുകെയില്‍ നിന്നും എന്‍ജിനീയറിങ് ടീം എത്തിയാലുടന്‍ വിമാനം ഹാങറിലേക്ക് മാറ്റുമെന്നും റോയല്‍ നേവി വക്താവ് അറിയിച്ചിട്ടുണ്ട്.
അതേസമയം മറ്റൊരു രാജ്യത്ത് വിമാനം നിര്‍ത്തിയിട്ടിരിക്കുന്നു എന്നതിനാല്‍ ബ്രിട്ടണ് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. വിമാനം തുറസായ സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ എഫ്-35ബിയില്‍ കൃത്രിമം കാണിക്കാനൊന്നും സാധിക്കില്ലെന്ന് വ്യോമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിന്‍ വ്യക്തമാക്കി. വിമാനം പുറത്താണെങ്കിലും യുകെ സാറ്റ്‌ലൈറ്റ് വിമാനത്തെ നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വിമാനത്തിന് അരികിലെത്തിയാല്‍ പോലും ആദ്യം അറിയുന്നത് യു.കെയായിരിക്കുമെന്ന് സാരം.