- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിസ്റ്റുകളുടെയും ചൈനയുടെയും കണ്ണിലെ കരട്; വിശ്വാസ്യതയില്‍ ഒന്നാമന്; ജര്‍മ്മന്‍ ഏകീകരണത്തിന്റെ സുത്രധാരര്‍; ആഗോള എക്സ്ക്ലൂസീവുകള്‍ ഒരുപാട്; ഇപ്പോള്‍ ട്രംപിന്റെ കോളുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മോദിയുടെ ധീരത പുറത്തൂകൊണ്ടുവന്നു; ജര്‍മ്മന്‍ പത്രം എഫ് എ ഇസഡ് വീണ്ടും ഞെട്ടിക്കുമ്പോള്‍!
എഫ് എ ഇസഡ് വീണ്ടും ഞെട്ടിക്കുമ്പോള്‍!
യുഎസ് പ്രസിഡന്റും ക്ഷിപ്രകോപിയുമായ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് നാലുതവണ വിളിച്ചിട്ടുപോലും ഫോണ്‍ എടുക്കാന്‍ കുട്ടാക്കാതെ പ്രതിഷേധിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരത, പുറത്തുകൊണ്ടുവന്നത്, കിടയറ്റ അമേരിക്കന്‍ മാധ്യമങ്ങളോ, കാക്കത്തൊള്ളായിരത്തോളമുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകളളോ അല്ല. 75 വര്‍ഷം പഴക്കമുള്ള ഒരു ജര്‍മ്മന്‍ പത്രമായിരുന്നു. പേര്, ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ സെയ്തുങ്. എഫ് എ ഇസഡ് എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പത്രം ഇപ്പോള്‍ ഈ ഒരുഒറ്റ വാര്‍ത്ത കൊണ്ട് ഇന്ത്യയിലും അമേരിക്കയിലും ഒരുപോലെ ചര്‍ച്ചയാവുകയാണ്.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്ക്് ഒറ്റയടിക്ക് 50 ശതമാനം തീരുവ കൂട്ടിയ ട്രംപിന്റെ വിരട്ടലിന് മോദി വഴങ്ങില്ലെന്നും, റഷ്യ-ഇന്ത്യ-ചൈന എന്ന് പുതിയ കൂട്ടായ്മയുടെ സാധ്യതയും ഈ വിഖ്യാത പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. യുഎസ് വിപണിയുടെ മേലുളള മറ്റുരാജ്യങ്ങളുടെ ആശ്രയത്വത്തെ ചൂഷണം ചെയ്യുന്ന ട്രംപിന്റെ പതിവ് സമീപനത്തെയാണ് മോദി ചെറുത്തതെന്ന് പത്രം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ അടിയറ വയ്ക്കാതെയാണ് ട്രംപിന്റെ ആദ്യകാലയളവില്‍ മോദി സഹകരണാടിസ്ഥാനത്തിലുള്ള ബന്ധം നിലനിര്‍ത്തിയത്. തങ്ങള്‍ക്ക് വഴങ്ങാനായി പലവട്ടം ട്രംപ് പ്രേരിപ്പിച്ചതാണ് ഈ സാഹചര്യത്തിലെ അത്ഭുതകരമായ കാര്യമെന്നും ഫ്രാങ്കഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ എഴുതുന്നു.
ഈ വാര്‍ത്ത ഇന്ത്യയോ- അമേരിക്കയോ ഇതുവരെ നിഷേധിച്ചിട്ടില്ല. അങ്ങനെ നിഷേധിക്കാന്‍ കഴിയുകയുമില്ല. കാരണം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ദിനപ്പത്രങ്ങളില്‍ ഒന്നാണ് എഫ ്എ ഇസഡ്. ആഴത്തിലുള്ള രാഷ്ട്രീയ സാമൂഹിക വിശകലനങ്ങളാണ് പത്രത്തിന്റെ കാതല്‍. ലോകത്തെ ഞെട്ടിച്ച ഒരുപാട് സംഭവങ്ങളില്‍ ജര്‍മ്മനിയുടെ ഭാഗധേയം നിര്‍ണ്ണയിച്ച പത്രമാണിത്.
ജര്‍മ്മനിയിലെ ന്യൂയോര്‍ക്ക് ടൈംസ്
അമേരിക്കക്കാര്‍ക്ക് എങ്ങനെയാണ് ന്യൂയോര്‍ക്ക് ടൈംസ് അതുപോലെയാണ് ജര്‍മ്മനിക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ. ജര്‍മ്മനിയുടെ പൊതുമനസാക്ഷിയെന്നാണ്, എവിടേക്കും ചായാതെ സ്വതന്ത്രമായ എഡിറ്റോറിയല്‍ നയമുള്ള ഈ പത്രം വിശേഷിപ്പിക്കപ്പെടുന്നത്. വലിയ ചരിത്രമുള്ള ഒരു മാധ്യമമാണിത്.
ഒരാള്‍ എഡിറ്ററായാല്‍ അത് തീരുമാനങ്ങളില്‍ ഏകാധിപത്യം കൊണ്ടുവരുമെന്ന് ഭയന്ന് നാല് എഡിറ്റര്‍മാരുള്ള പത്രമാണിത്. എഫ് എ ഇസഡിന്റെ ആദ്യ പതിപ്പ് 1949 നവംബര്‍ 1നാണ് ഇറങ്ങിയത്. ഹാന്‍സ് ബോംഗാര്‍ട്ടന്‍, എറിക് ഡോംബ്രോവ്സ്‌കി, കാള്‍ കോണ്‍, പോള്‍ സേഥെ, എറിക് വെല്‍ട്ടര്‍ എന്നീ നാലുപേരായിരുന്നു ഇതിന്റെ സ്ഥാപക എഡിറ്റര്‍മാര്‍. 1943-ല്‍ നാസികള്‍ നിരോധിച്ച ഫ്രാങ്ക്ഫര്‍ട്ടര്‍ സെയ്തുങ്് എന്ന പത്രത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് പറയുന്നുണ്ട്. ആദ്യത്തെ പത്രത്തിലുണ്ടായിരുന്നു ചില എഡിറ്റര്‍മാര്‍ 49-ല്‍ പരിഷ്‌ക്കരിച്ച പേരുമായി പ്രസിദ്ധീകരണം തുടങ്ങിയ പുതിയ പത്രത്തിലും ഉണ്ടായിരുന്നു. പക്ഷേ ആദ്യലക്കത്തില്‍തന്നെ അവര്‍ മുന്‍ പത്രത്തിന്റെ പിന്‍ഗാമിയെന്നോ അതിന്റെ പാരമ്പര്യം തുടരുന്നെന്നോ ഉള്ള ആശയത്തെ നിരാകരിച്ചു. പക്ഷേ നാസികളുടെ കണ്ണില്‍ കരടായിരുന്ന, സ്വാതന്ത്ര്യം, ജനാധിപത്യം, വംശീയ വിരുദ്ധത തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.
ലേ ഔട്ടില്‍ മറ്റുപത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അവര്‍. തലക്കെട്ടുകള്‍ ബ്ലാക്ക്‌ലെറ്റര്‍ ഫോര്‍മാറ്റിലാണ് കൊടുത്തിരുന്നത്. ഒന്നാം പേജില്‍ അവര്‍ ഫോട്ടോകൊടുത്തത് അപൂര്‍വമായിരുന്നു. പക്ഷേ അവര്‍ ടൈറ്റില്‍പേജില്‍ കൊടുക്കുന്ന ചിത്രങ്ങള്‍ ചരിത്രമാവുകയും ചെയ്യും. 1990 ഒക്ടോബര്‍ 4 ന് (ജര്‍മ്മന്‍ യൂണിറ്റി ദിനം) ജര്‍മ്മന്‍ പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ ആളുകള്‍ ആഘോഷിക്കുന്ന ഫോട്ടോയും, 2001 സെപ്റ്റംബര്‍ 12 ന് തകര്‍ന്നുകൊണ്ടിരിക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററിനെയും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെയും കാണിക്കുന്ന ഫോട്ടോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റ് പത്രങ്ങള്‍ ആവുന്നത്ര ഇക്കിളി വാര്‍ത്തകളും, നടിമാരുടെ അര്‍ധനഗ്ന ഫോട്ടോകളുമൊക്കെ ഒന്നാംപേജില്‍ കൊടുത്തിരുന്ന കാലത്ത്, ശാന്തവും ഗൗരവവുമായി അവരുടെ ഫോര്‍മാറ്റ് വലിയ ചര്‍ച്ചയായി. ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേയില്‍ ഒരു പടം വരാന്‍ 'അസാധാരണമായ രീതിയില്‍ മരിക്കണം' എന്നായിരുന്നു ഒരുകാലത്ത് ജര്‍മ്മനിയിലുള്ള ചൊല്ല്.
2007 ഒക്ടോബര്‍ 5-ന്, എഫ് എ ഇസഡ് അതിന്റെ പരമ്പരാഗത ലേഔട്ട് മാറ്റി ഒന്നാം പേജില്‍ കളര്‍ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തുകയും നെയിംപ്ലേറ്റിന് പുറത്ത് ബ്ലാക്ക്‌ലെറ്റര്‍ ടൈപ്പ് മാറ്റിസ്ഥാപിക്കുകയും ചെയ്തു. പക്ഷേ ഇത് പത്രത്തിന്റെ പരമ്പരാഗത വായനക്കാര്‍ക്ക് ദഹിക്കാന്‍ സമയമെടുത്തു. ഈ മാറ്റങ്ങള്‍ 2009-ലെ ഒരു കോമഡി സിനിമയുടെ വിഷയവുമായി. അത്രമാത്രം സ്വാധീനമായിരുന്നു ആ പത്രത്തിന്.
ജര്‍മ്മന്‍ ഏകീകരണത്തിന്റെ സുത്രധാരര്‍
തീര്‍ത്തും ഗൗരവവും പ്രവചന സ്വഭാവമുള്ള വിശകലനങ്ങളും ആഴത്തിലുള്ള റിപ്പോര്‍ട്ടുകളുമായിന്നു, ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേയുടെ പ്രത്യേകത. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിയുടെ ജനാധിപത്യ ഐഡന്റിറ്റി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണിത്. ജര്‍മ്മനിയിലെ നാസിസത്തിന്റെ വേര് അറുക്കാനും പത്രം ആഞ്ഞുശ്രമിച്ചു. ജര്‍മ്മന്‍ രാഷ്ട്രീയ വ്യക്തികളും മുന്‍ നാസി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധങ്ങള്‍ ഇവര്‍ നിരന്തരം വാര്‍ത്തയാക്കി. അതുപോലെ സോവിയറ്റ് ചെമ്പട ജര്‍മ്മനിയോട് ചെയ്ത ക്രൂരതകളുടെ യഥാര്‍ത്ഥ ചിത്രവും ഈ പത്രം വെളിച്ചത്തുകൊണ്ടുവന്നു.
1950കളില്‍ യുദ്ധാനന്തര പുനര്‍നിര്‍മ്മാണമായിരുന്നു പത്രം അജണ്ടായി എടുത്തത്. പിന്നീട് പത്രത്തിന്റെ ശീതയുദ്ധ കവറേജും ശ്രദ്ധേമായിരുന്നു. അമേരിക്കയും- സോവിയറ്റ് യൂണിയനും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ബഹിരാകാശത്തുപോലും ഉണ്ടാവുന്ന പല സംഭവവികാസങ്ങളും ഈ ജര്‍മ്മന്‍ പത്രത്തില്‍ എക്‌സ്‌ക്ലൂസീവായി!
90-ലെ ജര്‍മ്മന്‍ എകീകരണത്തിനുവേണ്ടി രാജ്യത്തിന്റെ മനസാക്ഷി ഉണര്‍ത്തുക എന്ന വലിയ ദൗത്യവും ഇവര്‍ ഏറ്റെടുത്തു. പിന്നീട് യൂറോപ്യന്‍ യൂണിയന്‍ വന്നപ്പോഴും യൂറോ എന്ന പൊതുകറന്‍സി വന്നപ്പോഴും അതിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുന്ന നിരന്തര അവലോകനങ്ങളും വിശകലനങ്ങളുമായി പത്രം നിറഞ്ഞുനിന്നു. യൂറോയെക്കുറിച്ചുള്ള ജര്‍മ്മന്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ആഴത്തിലുള്ള അന്വേഷണാത്മക ലേഖനങ്ങള്‍ നല്‍കി. 2011-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ജിയോ പൊളിറ്റിക്കല്‍ പ്രത്യാഘാതങ്ങളും, അഫ്ഗാനിസ്ഥാന്‍ ദൗത്യത്തില്‍ ജര്‍മ്മനിയുടെ പങ്കും ചര്‍ച്ചയാക്കിയ ആദ്യത്തെ ജര്‍മ്മന്‍ പത്രമാണിത്.
ജര്‍മ്മനി അഭിമുഖീകരിക്കാന്‍ പോകുന്ന അഭയാര്‍ത്ഥി പ്രശ്നത്തെക്കുറിച്ച് 2015-ല്‍ തന്നെ അവര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ കുടിയേറ്റനയത്തെ അവര്‍ എതിര്‍ത്തത് വലിയ ചര്‍ച്ചയായി. ഇന്ന് ഇസ്ലാമിക ഭീകവാദംകൊണ്ട് ജര്‍മ്മനി വലയുമ്പോഴാണ്, ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേയുടെ വിശകലനങ്ങളിലെ സത്യം അറിയുക. യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുമ്പ്, പൈപ്പ്‌ലൈനിനെച്ചൊല്ലിയുള്ള ആഭ്യന്തര സര്‍ക്കാര്‍ തര്‍ക്കങ്ങളെയും റഷ്യന്‍ വാതകത്തെ ജര്‍മ്മനി ആശ്രയിക്കുന്നതിനെയും പത്രം വിശദമായി എഴുതി. ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകള്‍ പത്രം കൊടുത്തിട്ടുണ്ട്.
ചൈനയും ഈജിപ്തും നിരോധിക്കുന്നു
ഇക്കിളി- പൈങ്കിളി വാര്‍ത്തകളിലുടെ വായനക്കാരെ കൂട്ടുക എന്നരീതി ലോകവ്യാപകമായി മാധ്യമലോകത്ത് ഉണ്ടായപ്പോഴും, ഗൗരവമായ കണ്ടന്റിലൂടെ വളര്‍ന്ന വേറിട്ട കഥയാണ് ഈ പത്രത്തിന് പറയാനുള്ളത്. 1993-ലെ പത്രത്തിന്റെ സര്‍ക്കുലേഷന്‍ 3,91,013 കോപ്പികളായിരുന്നു. 2001-ല്‍, അത് 4,09,000 കോപ്പികളായി വര്‍ധിച്ചു. ഗൂഗിള്‍ യുട്യൂബ് യുഗം തുടങ്ങിയ 2007-ല്‍ സര്‍ക്കുലേഷന്‍ 3,82,499 കോപ്പികളായി കുറഞ്ഞു. ഇന്നും ടീവി ചാനലുകളും, സോഷ്യല്‍ മീഡിയുമൊക്കെ സജീവമായിട്ടും ഒരു പത്രം എന്ന നിലയില്‍ ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേ പിടിച്ചുനില്‍ക്കുന്നു. ലോക വ്യാപകമായി ദിനപ്പത്രങ്ങള്‍ പൂട്ടിപ്പോവുകയോ, ഓണ്‍ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറുകയോ ചെയ്ത സമയത്താണ് ഇതെന്ന് ഓര്‍ക്കണം. 2016-ല്‍ സര്‍ക്കുലേഷന്‍ 2,56,188 കോപ്പികളായിരുന്നു. ഇപ്പോഴും അത് നിലനിര്‍ത്തുന്നുണ്ട്. 2011-ലാണ് പത്രം അതിഗംഭീരമായ വികസനമുണ്ടായത്. ജീവനക്കാരില്‍ 40 വിദേശ ലേഖകരെ ഉള്‍പ്പെടുത്തി. ആ സമയത്ത് മൊത്തത്തില്‍, 800-ലധികം ആളുകള്‍ ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗുമെയ്‌നേയില്‍ ജോലിചെയ്തു. ഇപ്പോള്‍ പത്രത്തിന്റെ ഡിജിറ്റല്‍ വിഭാഗവും നന്നായി പോവുന്നുണ്ട്.
ഒരു തരത്തിലുള്ള ഭീഷണികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ല എന്നാണ്, എഫ് എ ഇസഡിന്റെ മറ്റൊരു പ്രത്യേകത. നൂറുകണക്കിന് ഭീഷണികളയും മാനനഷ്ടക്കേസുകളെയും അവര്‍ അതിജീവിച്ചു. 2006-ല്‍, ഇസ്ലാമിനെ അപമാനിക്കു' ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചൂവെന്ന് ആരോപിച്ച് ഈജിപ്തില്‍ പത്രം നിരോധിച്ചു. 2008 ഫെബ്രുവരിയില്‍, പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രം വീണ്ടും ഈജിപ്തില്‍ നിരോധിച്ചു. ലോകവ്യാപകമായി ഭീഷണിയും നേരിട്ടു. പക്ഷേ അവര്‍ തിരുത്തിയില്ല, കുലുങ്ങിയില്ല.
ജര്‍മ്മനിയിലേക്കുള്ള സ്പാനിഷ് കുടിയേറ്റത്തിനെതിരായ നിലപാട് കാരണം 2012 നവംബറില്‍ പത്രം സ്പെയിനില്‍ ശക്തമായ വിമര്‍ശനത്തിന് കാരണമായി. 2019 ജൂലൈയില്‍, ചൈന പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റ് അടക്കം രാജ്യത്ത് നിരോധിച്ചു. ഹോങ്കോംഗ് പ്രതിഷേധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇതിന് കാരണം. എന്നിട്ടും ചൈനയില്‍നിന്നുള്ള നിരവധി വാര്‍ത്തകള്‍ പത്രത്തിന് കിട്ടി. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോകവ്യാപകമായ നെറ്റ് വര്‍ക്ക് ഉള്ളതുകൊണ്ടും, തീര്‍ത്തും നിഷ്പക്ഷരാണ് എന്ന വിശ്വാസമുള്ളതും കൊണ്ടുമാണ് അവര്‍ ഈ രീതിയില്‍ ലോകത്തെ ഞെട്ടിക്കാന്‍ കഴിയുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ കൊഴിയുന്നത്. മോദിയുടെ ധീരത അതില്‍ അവസാനത്തെ കണ്ണിമാത്രം. മറ്റുപല മാധ്യമങ്ങള്‍ക്കും ഈ റിപ്പോര്‍ട്ട് കിട്ടിയാലും അമേരിക്കന്‍ വിധേയത്വംമൂലം പ്രസിദ്ധീകരിക്കാന്‍ കഴിയില്ലായിരുന്നു.
അവിടെയാണ് എഫ്എഇസഡിന്റെ ഫ്രീ എഡിറ്റോറിയലിന്റെ പ്രസക്തി.