- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി എന്‍എച്ച്എസില്‍ റേഡിയോഗ്രാഫറായി മലയാളി യുവതി; ദേശീയ മാധ്യമങ്ങളില്‍ വമ്പന്‍ തലക്കെട്ടുകള്‍; അടുത്തകാലത്തെത്തിയ എല്ലാവരുടെയും യോഗ്യതകള്‍ പുനഃപരിശോധിക്കാന്‍ നീക്കം; കമന്റുകളില്‍ യുകെ മലയാളി നഴ്സുമാര്‍ക്കും അസഭ്യവര്‍ഷം
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി എന്‍എച്ച്എസില്‍ റേഡിയോഗ്രാഫറായി മലയാളി യുവതി
ലണ്ടന്‍: റിസ്പഷനിസ്റ്റ് ആയിരുന്ന സ്മിത ജോണി എന്ന യുവതി റേഡിയോഗ്രാഫര്‍ ആയി യുകെയില്‍ ജോലിക്കെത്തുന്നു. ഇന്ത്യയില്‍ എവിടെയോ ഒരു ഹോസ്പിറ്റലില്‍ റിസ്പഷനിസ്റ്റ് ആയിരുന്ന സ്മിത തനിക്ക് 23 വര്‍ഷത്തെ റേഡിയോഗ്രാഫി പരിചയം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി യുകെയില്‍ എന്‍എച്ച്‌സില്‍ അഭിമുഖം പാസായി ജോലി കരസ്ഥമാക്കിയത് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി പരിചയ സമ്പത്തുണ്ടോ എന്ന് വ്യക്തമായി പരിശോധിക്കാതെ നടന്ന റിക്രൂട്‌മെന്റ് ചാകരയില്‍ ആയിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നൊക്കെ വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റുമായി നഴ്‌സുമാരും മറ്റും എത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഈ രാജ്യങ്ങളില്‍ നിന്നുള്ള നിയമനം ഇപ്പോള്‍ തടഞ്ഞത് പോലെ ഇന്ത്യയില്‍ നിന്നുള്ള സ്മിത ജോണിമാരെ കൂടുതല്‍ കണ്ടെത്തിയാല്‍ കൃത്യമായ യോഗ്യതയുള്ളവര്‍ക്ക് പോലും ഭാവിയില്‍ ഇന്ത്യയില്‍ നിന്നും യുകെയിലെ ജോലി കണ്ടെത്താനാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.
ജോലി കിട്ടാന്‍ കള്ളത്തരം കാട്ടിയവരുടെ ഉറക്കം നഷ്ടമാകുന്ന സാഹചര്യം
കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ കോട്ടയത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള സ്ഥാപനം വ്യാജ പരീക്ഷ നടത്തി 400 ഓളം പേരെയെങ്കിലും യുകെയില്‍ എത്തിച്ചു എന്ന കണ്ടെത്തല്‍ പുറത്തു വന്നതിനെ തുടര്‍ന്ന് എന്‍എംസി ഇപ്പോഴും ആ പരാതികളില്‍ തുടര്‍ അന്വേഷണം നടത്തുന്നു എന്ന് വിവരം പുറത്തു വരുമ്പോള്‍ തന്നെയാണ് വ്യാജ റേഡിയോഗ്രാഫറുടെ വിവരവും പുറത്തു വന്നിരിക്കുന്നത്.
ഐഇഎല്‍ടിഎസ് വ്യാജമായി ഒപ്പിച്ചെടുത്തു എന്ന പരാതിയില്‍ എന്‍എംസി നോട്ടീസ് ലഭിച്ച മലയാളി നഴ്‌സ് ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഇത്തരം പരാതികളെ അതീവ സൂക്ഷമതയോടെയാണ് എന്‍എച്ച്എസ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ വ്യാജ റേഡിയോഗ്രാഫര്‍ ആണെന്ന് വെളിപ്പെട്ട സ്മിത ജോയിയുടെ കാര്യം ദേശീയ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി മാറിയതോടെ അടുത്ത വര്‍ഷങ്ങളില്‍ എത്തിയ മുഴുവന്‍ പേരുടെയും യോഗ്യതയും പരിചയസമ്പത്തും ഒക്കെ വീണ്ടും പരിശോധിക്കാനുള്ള നീക്കം റിക്രൂട്‌മെന്റ് ചുമതലയുള്ള ജീവനക്കാര്‍ക്ക് വിവിധ ട്രസ്റ്റുകള്‍ നടക്കുന്നു എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ച വിശ്വസനീയ വിവരം.
അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ ജോലി ലഭിക്കാന്‍ ആരെങ്കിലും ട്രസ്റ്റില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ദാക്ഷിണ്യം ഇല്ലാത്ത നടപടികള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പും പലരുടെയും ഉറക്കം കെടുത്തുന്നതാണ്. അതിനിടെ വ്യാജ റേഡിയോഗ്രാഫറുടെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ നൂറുകണക്കിന് കമന്റുകളാണ് മലയാളി നഴ്സുമാരെ അടക്കം അധിക്ഷേപിച്ചു മുന്‍ നിര പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ കമന്റുകളായി പ്രത്യക്ഷപ്പെടുന്നത്.
ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ സ്റ്റാന്‍ഡേര്‍ഡ് മനസിലാകാതെ എത്തുന്ന വിദേശ ജീവനക്കാരുടെ കൈകളില്‍ എങ്ങനെ വിശ്വസിച്ചു നമ്മുടെ കുടുംബങ്ങളിലെ രോഗികളെ ഏല്‍പിക്കും എന്ന വിധത്തിലുള്ള കമന്റുകള്‍ വ്യക്തമാക്കുന്നത് വിദേശ ജീവനക്കാരെ മുഴുവന്‍ സംശയ കണ്ണില്‍ നോക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാകും എന്ന സൂചന കൂടിയാണ്. ബ്രിട്ടനില്‍ എത്തി ജോലി സാഹചര്യം പരിചയപ്പെടുന്ന ഘട്ടത്തില്‍ എക്‌സ്‌റേ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന സഹപ്രവര്‍ത്തകരുടെ നിരീക്ഷണമാണ് സ്മിത ജോണിയുടെ കള്ളത്തരം പുറത്തെത്തിച്ചത്.
സഹപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തില്‍ എന്‍എച്ച്എസ് അധികൃതര്‍ നടത്തിയ അന്വേഷണമാണ് വാസ്തവത്തില്‍ റിപ്ഷനിസ്റ്റ് മാത്രം ആയിരുന്ന സ്മിത ജോണി 23 വര്‍ഷത്തെ വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചത് എന്ന് തെളിയുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സറേയിലെ കാറ്റര്‍ഹം നോര്‍ത്ത് ഡൗണ്‍ ഹോസ്പിറ്റലില്‍ ജോലിക്കെത്തിയ സ്മിതയുടെ ആദ്യ ദിനം മുതല്‍ ജോലിയില്‍ പരിചയം ഇല്ലെന്നതിന്റെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.
എന്നാല്‍ യുകെയില്‍ എത്തിയതിന്റെ ആദ്യ ദിനങ്ങളില്‍ ആര്‍ക്കും ഉണ്ടാകാവുന്ന പരിഭ്രമവും വെപ്രാളവും ഒക്കെയാകാം സ്മിതയുടെ കാര്യത്തിലും ഉണ്ടായത് എന്ന നിഗമനമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍ സീനിയര്‍ ആയി ജോലി ചെയ്യുന്ന പലര്‍ക്കും സ്മിതയുടെ കാര്യത്തില്‍ തോന്നിയ സംശയമാണ് ഒടുവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിലേക്ക് അന്വേഷണം എത്തിച്ചത്.
എന്നാല്‍ നിയമപരമായ കാര്യങ്ങളിലേക്ക് സ്മിത ജോണിയുടെ അവകാശവാദങ്ങള്‍ എത്തിയപ്പോള്‍ തനിക്ക് സി ടി സ്‌കാനര്‍ പരിചയമാണ് പ്രധാനമായും ഉള്ളതെന്ന വാദമാണ് ട്രിബ്യുണലില്‍ എത്തിയത്. എക്‌സ് റേ തന്റെ മേഖല ആല്ലെന്നും സ്മിത വാദിച്ചു. സ്മിതയുടെ ജോലി പരിചയം പരിശോധിക്കാന്‍ മാനേജര്‍ ഫെര്‍ണാഡോ പിന്റോ തന്നെ രോഗിയായി അഭിനയിച്ചു തുടയുടെ എക്‌സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല്‍പാദത്തിന്റെ എക്‌സ് റേ ആണ് സ്മിത എടുത്തത് എന്ന വെളിപ്പെടുത്തലും ട്രിബുണലില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കയാണ്.
ഉപകരണങ്ങളില്‍ ഓരോ സ്വിച്ചും എന്തിനുള്ളതെന്ന് പോലും സ്മിതയ്ക്ക് വ്യക്തത ഇല്ലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ ഹെല്‍ത് ആന്‍ഡ് കെയര്‍ പ്രൊഫഷണല്‍ കൗണ്‍സിലില്‍ സ്മിതയുടെ വിവരങ്ങള്‍ എത്തിക്കുക ആയിരുന്നു. സറേ ഹോസ്പിറ്റലില്‍ മൂന്നു മാസത്തെ ജോലിക്ക് ശേഷം എന്‍എച്ച്എസ് അധികൃതര്‍ സ്മിതയ്ക്ക് നോട്ടീസ് നല്‍കുക ആയിരുന്നു.
തുടര്‍ന്ന് നിയമപരമായി ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തിരിക്കേണ്ട പരിശീലന കോഴ്സുകള്‍ പോലും സ്മിത പരാജയപ്പെട്ട കാര്യവും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസ് ട്രിബ്യുണലിലേക്ക് എത്തിയത്. വളരെ സാധാരണമായ അസ്ഥികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം പരിതാപകരമായിരുന്നു സ്മിതയുടെ അറിവെന്നും മാനേജര്‍ പിന്റോ തെളിവ് നല്‍കിയതും സ്മിതയ്ക്ക് തിരിച്ചടിയായി.
ജോലി കണ്ടെത്താന്‍ വേണ്ടി സ്മിത ഗൗരവതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സ്മിതയ്ക്ക് എതിരായി ട്രിബ്യുണലില്‍ എത്തിയത്. ആറുമാസത്തേക്ക് ജോലി ചെയ്യാനാകാത്ത നിലയില്‍ സ്മിതയെ സസ്പെന്‍ഡ് ചെയ്ത ഉത്തരവാണു ട്രിബ്യുണലില്‍ നിന്നും മാധ്യമ വാര്‍ത്തയായി പുറത്തു വന്നിരിക്കുന്നത്.