- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അവസാന നിമിഷം കൈകൊണ്ട് ആംഗ്യം കാണിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞു'; ഉറക്കത്തിൽ പാമ്പ് കടിയേറ്റ് 26കാരിയായ നൈജീരിയൻ ഗായികയ്ക്ക് ദാരുണാന്ത്യം; വിടപറഞ്ഞത് റിഹാനയുടെ പാട്ടിലൂടെ ലോകത്തെ ഞെട്ടിച്ച പ്രതിഭ; ചികിത്സ കിട്ടിയില്ലെന്ന് സുഹൃത്തുക്കൾ; ഇഫുനാന്യയുടെ വേർപാടിൽ വിങ്ങിപ്പൊട്ടി ആരാധകർ

അബുജ: 'ദി വോയ്‌സ് നൈജീരിയ'യുടെ മൂന്നാം സീസണിലൂടെ ശ്രദ്ധേയയായ ഗായിക ഇഫുനാന്യ നവാംഗെൻ (26) പാമ്പുകടിയേറ്റു മരിച്ചു. ആർക്കിടെക്റ്റായും ജോലി ചെയ്തിരുന്ന ഇഫുനാന്യയ്ക്ക് അബുജയിലെ വീട്ടിൽ വെച്ചാണ് വിഷപ്പാമ്പിന്റെ കടിയേറ്റതെന്ന് ബിബിസി ആഫ്രിക്ക റിപ്പോർട്ട് ചെയ്തു. 2021-ൽ റിയാനയുടെ 'ടേക്ക് എ ബോ' എന്ന ഗാനം ആലപിച്ചതിലൂടെയാണ് ഇവർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ഇഫുനാന്യ അംഗമായിരുന്ന 'അമെമുസോ ക്വയറി'ന്റെ മ്യൂസിക് ഡയറക്ടർ സാം എസഗ്വു ആണ് ഫേസ്ബുക്കിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചത്. "വളരെ വേദനയോടെ ഇഫുനാന്യ നവാംഗെയുടെ മരണം ഞങ്ങൾ അറിയിക്കുന്നു," എന്ന് ക്വയർ പ്രസ്താവനയിൽ പറഞ്ഞു. തന്റെ അത്ഭുതകരമായ കഴിവ് ലോകവുമായി പങ്കുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ വിയോഗമെന്നും അവരുടെ ശബ്ദവും ആത്മാവും എന്നും സ്മരിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
ക്വയർ അംഗമായ ഹിലരി ഒബിന്ന പറയുന്നതനുസരിച്ച്, ഉറക്കത്തിനിടയിലാണ് ഇഫുനാന്യയ്ക്ക് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ അവർ ഉണർന്നു. പിന്നീട് അവരുടെ വീട്ടിൽ നിന്ന് രണ്ട് പാമ്പുകളെ കണ്ടെടുത്തു. ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും അവിടെ പാമ്പുവിഷത്തിനുള്ള മരുന്ന് (Anti-venom) ലഭ്യമായിരുന്നില്ല. തുടർന്ന് ജാബിയിലെ ഫെഡറൽ മെഡിക്കൽ സെന്ററിൽ എത്തിച്ചു.
ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് സാം എസഗ്വു ആരോപിച്ചു. "അവർ അവളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അവൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല, പക്ഷേ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ശ്വാസമെടുക്കാൻ അവൾ വല്ലാതെ കഷ്ടപ്പെട്ടു," അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ ബിബിസിയോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ ചികിത്സകളും ആന്റി-വെനവും നൽകിയിരുന്നുവെന്നും എന്നാൽ പാമ്പുകടിയേറ്റതിനെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഗായികയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
അതീവ പ്രതിഭയുള്ള ഗായികയായിരുന്നു ഇഫുനാന്യ എന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. റിഹാന, സെലിൻ ഡിയോൺ തുടങ്ങിയവരുടെ പ്രശസ്ത ഗാനങ്ങൾ കവർ ചെയ്ത് അവർ യൂട്യൂബിലും ശ്രദ്ധേയയായിരുന്നു. "ഞാൻ ഇനിയും മെച്ചപ്പെടും, എല്ലാവർക്കും നന്ദി" എന്നായിരുന്നു തന്റെ യൂട്യൂബ് ചാനലിൽ അവർ അവസാനമായി കുറിച്ച വാക്കുകൾ.


