ലണ്ടന്‍: നിരസിക്കപ്പെട്ട അഭയാപേക്ഷകള്‍ക്ക് മേലുള്ള അപ്പീല്‍ പ്രക്രിയ അതിവേഗത്തിലാക്കുന്നതിനായി പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് യു കെ ഹോം സെക്രട്ടറി അറിയിച്ചു. നിലവില്‍, ഇത്തരത്തിലുള്ള അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതിന് ശരാശരി ഒരു വര്‍ഷത്തിലേറെ സമയമെടുക്കുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി ഒരു പുതിയ സ്വതന്ത്ര പാനല്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഭയാപേക്ഷകളുമായി ബന്ധപ്പെട്ട അപ്പീലുകള്‍ മാത്രമായിരിക്കും ഈ പാനല്‍ പരിശോധിക്കുക.

നിരസിക്കപ്പെട്ട അഭയാപേക്ഷകള്‍ക്ക് മേലുള്ള അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ ധാരാളം സമയം എടുക്കുന്നത്, അര്‍ഹതയില്ലാത്തവര്‍ക്ക് കൂടുതല്‍ കാലം ബ്രിട്ടനില്‍ തങ്ങാന്‍ അവസരമൊരുക്കുന്നുവെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ ചൂണ്ടിക്കാണിച്ചു. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ പറഞ്ഞു. നിലവില്‍ എകദേശം 51,000 അപ്പീലുകളാണ് തീര്‍പ്പ് കാത്ത് കെട്ടിക്കിടക്കുനത്. പുതിയ സ്വതന്ത്രപാനല്‍, ജഡ്ജിമാരെ ആശ്രയിക്കുന്നതിന് പകരം പ്രൊഫഷണല്‍ പരിശീലനം ലഭിച്ച അഡ്ജുഡിക്കേറ്റര്‍മാരുടെ സേവനമായിരിക്കും ഉപയോഗിക്കുക.

ബ്രിട്ടനില്‍ താമസ സൗകര്യം ലഭിക്കുന്ന അഭയാര്‍ത്ഥികളുടെയും വിദേശ ക്രിമിനലുകളുടെയും അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതിന് 24 ആഴ്ച എന്ന കാലാവധി ഫസ്റ്റ് ടയര്‍ ട്രിബ്യൂണലിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, നിലവിലെ ട്രിബ്യൂണല്‍ സിസ്റ്റം വിവിധ തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍, നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളുടെ അപ്പീലുകളില്‍ തീരുമാനമെടുക്കുന്നത് വൈകുകയാണ്. അത് മറികടക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹോട്ടലുകളിലും മറ്റും അഭയാര്‍ത്ഥികളെ നികുതിദായകരുടെ ചെലവില്‍ പാര്‍പ്പിക്കുന്നതിനെതിരെയുള്ള ജനരോഷം അണപൊട്ടിയൊഴുകുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

ഈ മാറ്റങ്ങള്‍ ഒരു പുതിയ വേഗതയേറിയ, സുതാര്യവും സ്വതന്ത്രവുമായ ഒരു സിസ്റ്റത്തിന് വഴിയൊരുക്കുമെന്ന് ഹോം സെക്രട്ടറി അവകാശപ്പെടുന്നു. നിറയെ വിള്ളലുകളുള്ള ഒരു അസൈലം സിസ്റ്റമാണ് ബ്രിട്ടനിലുള്ളതെന്ന് ഹോം സെക്രട്ടരി പറയുന്നു. ഇത് അഭയാര്‍ത്ഥികളുടെ അപേക്ഷകളും അപ്പീലുകളും കെട്ടിക്കിടക്കുന്നതിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് ഈ സിസ്റ്റത്തിന്റെ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതെന്നും യുവറ്റ് കൂപ്പര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം, കെട്ടിക്കിടക്കുന്ന അഭയാപേക്ഷകളുടെ എണ്ണത്തില്‍ 24 ശതമാനം കുറവ് വരുത്താനായിട്ടുണ്ടെന്നും അപേക്ഷ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.