തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ, ഒരുഭാഗത്ത് പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അതില്‍ ചിലത് ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ടുള്ളത്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത തരത്തിലാണ് ചില പോസ്റ്റുകള്‍. ഷിരൂരിലെ രക്ഷാദൗത്യത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാതെയുള്ള ഒരു പോസ്റ്റ് രജനി അനില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ളതാണ്.

ഇന്ത്യയുടെ സമ്പത്തിന്റെ മുക്കാലും തിന്ന് മുടിപ്പിക്കുന്ന കൂലി പട്ടാളമാണ് ഇന്ത്യന്‍ സൈന്യം എന്നാണ് പോസ്റ്റില്‍ വന്ന പരാമര്‍ശം. സംഭവത്തില്‍ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

വിവാദ പോസ്റ്റ് ഇങ്ങനെ

മോശം പോസ്‌റ്റെന്ന് ഒരാള്‍ തിരുത്തിയപ്പോള്‍, മകനെ നഷ്ടപ്പെട്ട അമ്മ തന്നെയാണ് ഇന്ത്യന്‍ മിലിട്ടറിക്ക് ഈ അംഗീകാരം ചാര്‍ത്തി കൊടുത്തത്..മൂന്നു മക്കളെ പ്രസവിച്ച ഞാന്‍ ഞാന്‍ അതിങ്ങ് ഏറ്റെടുത്തു' എന്നാണ് രജനി അനിലിന്റെ മറുപടി.

ഇന്ത്യന്‍ സൈനികരുടെ വിശ്വാസ്യത പൊതുസമൂഹത്തിന് മുന്നില്‍ തകര്‍ക്കുന്ന രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് പോസ്‌റ്റെന്നും സൈബര്‍ കുറ്റകൃത്യത്തിന് അപ്പുറത്തേക്ക് ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്ന ഇത്തരം പ്രവണതകളെ വളരെ ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് പറഞ്ഞു. കര്‍ശനവും മാതൃകാപരവുമായ നടപടി ഈ പോസ്റ്റിന് എതിരെ സ്വീകരിക്കണമെന്നാണ് കൂട്ടായ്മ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടത്. പരാതി പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടിക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

അതിനിടെ, മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ അമ്മയെ കൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തക പട്ടാളത്തിനെതിരെ പറയിച്ചു എന്ന വിധത്തിലും സൈബറിടത്തില്‍ പ്രചരണം നടന്നു. ഈ പ്രചരണത്തില്‍ കുടുംബം അതീവ ദുഖിതരാണ്. വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയത്. ഇതിനെതിരെ സഹികെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നത്. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകയെന്ന വിധത്തില്‍ ചൂണ്ടിക്കാട്ടിയത് അമ്മയുടെ സഹോദരിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് ഉദ്യോഗസ്ഥയാണ് ഇവര്‍.

അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതില്‍ നിന്ന് അര്‍ജുന്റെ കുടുംബം വിട്ടുനിന്നിരുന്നു.

അര്‍ജുന്റെ അമ്മയുടെ അച്ഛന്‍ പട്ടാളക്കാരനാണ്. അന്ന് തെരച്ചില്‍ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. ഇത്കൂടാതെ, കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയവരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏറ്റുമുട്ടലും സൈബിറടങ്ങളില്‍ നടക്കുന്നുണ്ട്. അപകടം നടന്ന ആദ്യ ഘട്ടത്തില്‍ അലംഭാവം കാണിച്ചെങ്കിലും പിന്നീട് ഉണര്‍ന്നു പ്രവര്‍ത്തിച്ച കര്‍ണാടക സര്‍ക്കാറിനെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു.