സംഗാരെഡ്ഡി: ഉറുമ്പുകളോടുള്ള കടുത്ത ഭയം (മെർമെക്കോഫോബിയ) കാരണം 25 വയസ്സുകാരി ജീവനൊടുക്കി. തെലങ്കാനയിലെ സംഗാരെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച വിവരങ്ങൾ പ്രകാരം, യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളോട് അമിതമായ ഭയം ഉണ്ടായിരുന്നു. ഇതിനായി മുമ്പ് സ്വന്തം ടൗണിലെ ഒരു ആശുപത്രിയിൽ കൗൺസിലിംഗിനും ചികിത്സ തേടിയിരുന്നു.

2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. കഴിഞ്ഞ ദിവസം രാവിലെ, നവംബർ 4-ന്, യുവതി തന്റെ മകളെ ബന്ധുവീട്ടിലാക്കി. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുവരാമെന്ന് മകളോട് പറഞ്ഞാണ് അവരെ മാറ്റിനിർത്തിയത്.

രാവിലെ ജോലിക്കായി പുറത്തുപോയ ഭർത്താവ് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, ഭർത്താവിനോട് ക്ഷമ ചോദിക്കുകയും ഉറുമ്പുകളുമായി ജീവിക്കാൻ സാധിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. മകളെ നന്നായി നോക്കണമെന്നും ശ്രദ്ധിക്കണമെന്നും കുറിപ്പിൽ എഴുതിയിരുന്നു. കൂടാതെ, ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വഴിപാടുകളെക്കുറിച്ചും ഇതിൽ പരാമർശിച്ചിട്ടുണ്ട്.

വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതിനെ തുടർന്നുണ്ടായ ഭയത്താലാണ് യുവതി ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ആമീൻപൂർ പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

എന്താണ് മെർമെക്കോഫോബിയ?

മെർമെക്കോഫോബിയ എന്ന് അറിയപ്പെടുന്ന ഉറുമ്പുകളോടുള്ള തീവ്രമായ ഭയം, ഈ അവസ്ഥയുള്ള വ്യക്തികളിൽ അങ്ങേയറ്റത്തെ പരിഭ്രാന്തി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.