ടെഹ്‌റാന്‍: വിദേശ രാജ്യത്ത് നടന്ന മല്‍സരത്തില്‍ ഹിജാബ് ധരിക്കാതെ മല്‍സരിച്ചതിന്റെ പേരില്‍ ഇറാന്‍ മതഭരണകൂടത്തില്‍ നിന്ന് കടുത്ത പീഡനം നേരിടേണ്ടി വന്ന പര്‍വ്വതാരോഹക രാജ്യം വിട്ടു. 2022 ഒക്ടോബറിലാണ് സംഭവം നടന്നത്. ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന മല്‍സരത്തിലാണ് എല്‍നാസ് റെക്കാബി എന്ന ഈ പര്‍വ്വതാരോഹക ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. എന്നാല്‍ എല്‍നാസിന്റെ ഈ നടപടിയെ പലരും പ്രതിഷേധ സൂചകമായിട്ടാണ് ആരോപിച്ചത്.

2022 ല്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്സ അമീനി എന്ന 22 കാരിയെ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയില്‍ എടുത്തതും തുടര്‍ന്ന് അവര്‍ കൊല്ലപ്പെട്ടതും വന്‍ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് എല്‍നാസ് ഹിജാബ് ധരിക്കാത്തത് എന്നായിരുന്നു യാഥാസ്ഥിതികരുടെ ആരോപണം. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ എല്‍നാസ് റെക്കോബി പിന്നീട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ചില മാധ്യമങ്ങളില്‍ ഇവര്‍ വീട്ടുതടങ്കലില്‍ ആണെന്നും വിദേശത്ത് നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍നാസിന്റെ സഹോദരന്‍ ദാവൂദാണ് അവര്‍ നാട് വി്ട്ടതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ഈ തീരുമാനം ഏറെ ഉചിതമാണെന്നാണ് ദാവൂദ് പറയുന്നത്. എല്‍നാസ് സ്പെയിനിലേക്കാണ് പോയതെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനും ദാവൂദിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ചിട്ടുണ്ട്. തങ്ങളുടെ സംഘടന അവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ പിന്തുണയും നല്‍കിയിരുന്നതായി സംഘടന വ്യക്തമാക്കി. എപ്പോഴാണ് എല്‍നാസ് ഇറാനില്‍ നിന്ന് പോയതെന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും അവരുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം എടുത്തിരുന്നു. എന്നാല്‍ വിവാദം ഉണ്ടായ സന്ദര്‍ഭത്തില്‍ പലരും വ്യക്തമാക്കിയത് ഹിജാബ് ധരിക്കാതെ മല്‍സരിക്കാന്‍ എല്‍നാസ് നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നു എന്നാണ്.

ഹിജാബ് ധരിക്കാതെ മത്സരിച്ചത് ശിരോവസ്ത്രം അബദ്ധത്തില്‍ താഴെ വീണതുകൊണ്ടാണെന്ന് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എല്‍നാസിന്റെ ഭര്‍ത്താവ് ഇപ്പോഴും ഇറാനില്‍ തന്നെയാണ് താമസിക്കുന്നത്. വിവാദം ഉണ്ടായ സമയത്ത് എല്‍നാസ് ദക്ഷിണ കൊറിയയില്‍ നിന്ന് മടങ്ങിയെത്തുന്നതിന് മുമ്പ് തന്നെ അവരുടെ വീട് ചിലര്‍ അടിച്ചു തകര്‍ത്തിരുന്നു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവരുടെ സഹോദരന്‍ കരയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ വീട് നിര്‍മ്മിച്ചത് സര്‍ക്കാര്‍ അനുമതിയോടെ അല്ലായിരുന്നു എന്നും അത് കൊണ്ടാണ് പൊളിച്ച് മാറ്റിയത് എന്നുമാണ് അധികൃതര്‍

വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് റെക്കാബിയുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ക്ലൈംബിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇറാനിയന്‍ വനിതയായിരുന്നു എല്‍നാസ് റെക്കോബി.