തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനാരോപണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഫെന്നി നൈനാന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെന്നിയുടെ വിമര്‍ശനം. ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടു എന്ന് പറയുന്ന പരാതിക്കാരി, ആരോപണവിധേയനായ വ്യക്തിക്ക് പണവും സമ്മാനങ്ങളും നല്‍കിയതിലെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

വെല്ലുവിളി ഏറ്റെടുക്കുമോ?

പരാതിക്കാരി തനിക്ക് പണം അയച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫെന്നി നൈനാന്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച്, താന്‍ പണം ആവശ്യപ്പെട്ടതിന്റെ തെളിവ് പുറത്തുവിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ലക്ഷ്മി പത്മ തയ്യാറാണോ എന്ന് ഫെനി ചോദിക്കുന്നു. ലക്ഷ്മി പത്മ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകളില്‍ പരാതിക്കാരി രാഹുലിനായി വാങ്ങിയ സാധനങ്ങളുടെ നീണ്ട നിരയുണ്ട്. ഷാംപൂ, ഫേസ് വാഷ്, കസ്റ്റമൈസ്ഡ് കീ ചെയിന്‍, വാച്ച്, ചെരുപ്പ്, ഗോട്ട് മില്‍ക്ക് ഷാംപു എന്നിവയാണ് സമ്മാനങ്ങളായി അയച്ചത്. മൂന്ന് തവണകളായി 20,000 രൂപ അയച്ച സ്‌ക്രീന്‍ഷോട്ടുകളുമുണ്ട്.

തീയതി മറച്ചുവെച്ചതിലെ ദുരൂഹത

ലക്ഷ്മി പത്മ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളില്‍ പണം അയച്ച ഒരു പ്രത്യേക തീയതി മാത്രം മറച്ചുവെച്ചത് എന്തിനാണെന്ന് ഫെന്നി നൈനാന്‍ തുറന്നുകാട്ടുന്നു.

'ഏപ്രില്‍ 14, 2024 ആണ് നിങ്ങള്‍ മറച്ച ആ തീയതി. ഏപ്രില്‍ 8-നാണ് ക്രൂരമായ ബലാത്സംഗം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നത്. ബലാത്സംഗം നടന്ന് ആറാം ദിവസം, ആ മുറിവ് മായുന്നതിന് മുന്‍പേ ആരോപണവിധേയന് 10,000 രൂപ അയച്ചുകൊടുത്തതിലെ ലോജിക് താങ്കള്‍ക്ക് പോലും ദഹിക്കാത്തതുകൊണ്ടാണോ തീയതി മറച്ചത്?' - ഫെനി ചോദിക്കുന്നു.

ഉയരുന്ന ചോദ്യങ്ങള്‍

ബലാത്സംഗം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്ത ഒരാള്‍ക്ക് പിന്നീട് ഇത്രയധികം സമ്മാനങ്ങളും പണവും അയച്ചുകൊടുക്കുന്നതിലെ അസ്വാഭാവികതയാണ് ഫെന്നി ചൂണ്ടിക്കാട്ടുന്നത്.. പണം അയച്ച തീയതി ബോധപൂര്‍വ്വം മറച്ചുവെച്ചത് പീഡനാരോപണത്തെ പ്രതിരോധത്തിലാക്കുമെന്ന ഭയത്താലാണോ എന്ന സംശയവും ഫെനി നൈനാന്‍ ഉന്നയിക്കുന്നു.

ഫെന്നി നൈനാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ലക്ഷ്മി പത്മ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചില ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്റെയും ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ടിരുന്നു..അതുകൊണ്ട് തന്നെ എനിക്ക് ചില കാര്യങ്ങള്‍ ആ വിഷയത്തില്‍ പറയാനുണ്ട്.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നും മുഖത്ത് തുപ്പിയെന്നും ആരോപണം ഉന്നയിച്ച പരാതിക്കാരി രാഹുല്‍ മാങ്കൂട്ടം എംഎല്‍എ യ്ക്ക് അതിന് ശേഷവും ഷാംപൂവും, ഫേസ് വാഷും, കസ്റ്റമൈസ്ഡ് കീ ചെയിനും, വാച്ചും, ചെരുപ്പും, ഗോട്ട് മില്‍ക്കുമൊക്കെ വാങ്ങി കൊടുത്തുവെന്ന് സൂചിപ്പിക്കുന്ന താങ്കളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ടു. മൂന്ന് തവണയായി 20000 രൂപ പണമായി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

രാഹുല്‍ മാങ്കൂട്ടം തനിക്ക് അവര്‍ പണം അയച്ചില്ല എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് താന്‍ ഒരു രൂപയെങ്കിലും അവരോട് ആവശ്യപ്പെട്ടതിന്റെ തെളിവ് പുറത്ത് വിടാന്‍ ആണ്.. ആ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടോ ? ലക്ഷ്മി പദ്മ ഇരുപതില്‍ പരം സ്‌ക്രീന്‍ഷോട്ട് ഇട്ടതില്‍ നിന്ന് ഒരു തവണ പണം അയച്ചതിന്റെ മാത്രം ഏത് മാസത്തിലാണ് അയച്ചതെന്ന് മറച്ചിരിക്കുന്നു. അത് എന്തുകൊണ്ടാണ് ?

ഉത്തരം ഞാന്‍ തന്നെ പറയാം. ഏപ്രില്‍ 14 ,2024 ആണ് നിങ്ങള്‍ മറച്ച ആ ഡേറ്റ്. ഏപ്രില്‍ 14 ന്റെ പ്രത്യേകത ബലാത്സംഗം നടന്നു എന്ന് ആരോപിക്കപ്പെടുന്ന ഏപ്രില്‍ 8 കഴിഞ്ഞ് കൃത്യം ആറുദിവസത്തിന് ശേഷമുള്ള ഡേറ്റ് ആണ്. താങ്കള്‍ പണം അയച്ച തീയതി മറയ്ക്കാന്‍ കാരണം ബലാത്സംഗം ചെയ്ത് മുറിവേല്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ ആ മുറിവ് മായും മുന്‍പേ പതിനായിരം രൂപ ബലാല്‍സംഗം ചെയ്തു എന്ന് ആരോപിക്കുന്ന ആള്‍ക്ക് കൊടുത്തതിന്റെ ലോജിക്ക് താങ്കള്‍ക്ക് പോലും ദഹിക്കാത്തത് കൊണ്ടാകും അല്ലെ


രാഹുലിന്റെ അഭിമുഖവും ലക്ഷ്മി പത്മയുടെ ചോദ്യങ്ങളും

24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം വാദങ്ങള്‍ നിരത്തി രംഗത്തുവന്നത്. താന്‍ സാമ്പത്തിക ചൂഷണം നല്‍കിയെന്ന മൂന്നാമത്തെ പരാതിക്കാരിയുടെ ആരോപണവും രാഹുല്‍ തള്ളിയിരുന്നു. ഫ്‌ളാറ്റ് വാങ്ങിത്തരാന്‍ താന്‍ ആശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. 'ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകള്‍ മുകളിലേക്കും അഞ്ച് മെസേജുകള്‍ താഴോട്ടും പുറത്ത് വിടാന്‍ തയാറുണ്ടോ?ട രാഹുല്‍ ചോദിച്ചിരുന്നു. രാഹുലിന്റെ വെല്ലുവിളിക്ക് പിന്നാലെ വിഷയത്തില്‍ രാഹുലിന് നല്‍കിയ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ രംഗത്തുവന്നു.

പാലക്കാട് എംഎല്‍എയുടെ അഭിമുഖം എടുത്ത ഹാഷ്മിയെ വിമര്‍ശിച്ചു കൊണ്ടാണ് ലഷ്മി പത്മ രംഗത്തുവന്നത്. ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങളും സമാഹരിക്കാതെ പോയ തെളിവുകളും നിരത്തിക്കൊണ്ടാണ് ബിഗ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക രംഗത്തുവന്നത്. രാഹുലിന് പലപ്പോഴായി പരാതിക്കാരി പണം നല്‍കിയതിന്റെയും സണ്‍സ്‌ക്രീന്‍ അയച്ചു നല്‍കിയതിന്റെയും രേഖകളാണ് അവര്‍ പുറത്തുവിട്ടത്. ഇക്കാര്യം കോടതി വ്യവഹാരത്തിന്റെ ഭാഗമായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങള്‍ ...സമാഹരിക്കാതെ പോയ തെളിവുകള്‍

1.മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കില്‍ അവര്‍ നടത്തിയിരിക്കുന്ന ബാങ്ക് ട്രാന്‍സ്ഫറുകളും ഓണ്‍ ലൈന്‍ പേര്‍ച്ചസുകളും കൊറിയര്‍ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകള്‍ ആണ് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്

2.അതിജീവിതകള്‍ക്കെതിരെ ദുര്‍ബല വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത രാഹുല്‍ എന്തുകൊണ്ടാണ് ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത്?

3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അവയല്ലാം കോടതിയുടെ പരിഗണനയില്‍ അല്ലേ എന്ന് ഉരുളുന്ന രാഹുല്‍ കോടതിയുടെ പരിഗണനയില്‍ തെളിവുകള്‍ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ പറയുന്നത് എങ്ങനെ?

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുല്‍ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബില്‍ ടെക് ഗ്രൂപ്പുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തണം?

5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കില്‍ എന്തിനാണ് അവര്‍ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളില്‍ പറയുന്നത്?(കോടതിയില്‍ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ)

6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുല്‍ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാര്‍മികമായ ചോദ്യം? ( ഈ കേസുകള്‍ നേരാംവണ്ണം പഠിച്ചെങ്കില്‍ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങള്‍ മാധ്യമമേഖലയില്‍ തന്നെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവര്‍)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

അതിജീവിതകള്‍ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബര്‍ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങള്‍ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങള്‍ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ കുറച്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേള്‍ക്കണമായിരുന്നു.


അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞത്:

ഫ്ലാറ്റ് വാങ്ങി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നാണ് രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ബില്‍ഡര്‍ തനിക്ക് നല്‍കിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തെന്ന നിലയില്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ആ സംഭാഷണത്തിന്റെ മുകളിലെയും താഴെയും ഉള്ള മെസ്സേജുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.

താന്‍ ലോണ്‍ എടുത്ത് സ്വന്തം പണം ഉപയോഗിച്ചാണ് ഫ്ലാറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുമ്പോള്‍ വലിയ ഫ്ലാറ്റ് വേണമെന്ന് അവര്‍ തന്നെ പറയുന്ന ചാറ്റുകള്‍ പുറത്തുവിട്ടാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി.

ചെരുപ്പ്, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന പരാതികളെയും രാഹുല്‍ പരിഹസിച്ചിരുന്നു. ഒരു ചെരുപ്പിന്റെ ലിങ്ക് അവര്‍ അയച്ചു തരികയും പിന്നീട് താന്‍ അത് സ്വന്തം പണം നല്‍കി വാങ്ങുകയുമാണ് ചെയ്തത്. ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ വലിയ ആരോപണങ്ങളായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാതികളില്‍ പറയുന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ കോടതിയിലൂടെ പുറത്തുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു.