- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സമരവുമായി മുമ്പോട്ട് പോകരുതെന്ന മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ത്ഥന തള്ളുന്നില്ല; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നിര്‍മ്മാതാക്കളും വിതരണക്കാരും; സ്തംംഭിപ്പിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട്; 'അമ്മ'യ്ക്ക് ആശ്വാസം; എമ്പുരാന്‍ വെല്ലുവിളി മാറുമ്പോള്‍
കൊച്ചി: സിനിമാ സമരത്തില്‍ നിന്നും പിന്നോട്ട് പോയി ഫിലിം ചേമ്പര്‍. സര്‍ക്കാരിന് സമര നോട്ടീസ് ചേമ്പര്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചു. ഈ സാഹചര്യത്തിലാണ് സമരം വേണ്ടെന്ന് വയ്ക്കുന്നത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്‌ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്റെ നിലപാട്. ഈ ,സാഹചര്യത്തിലാണ് സമരം വേണ്ടെന്ന് വയ്ക്കുന്നത്. ഇതോടെ മാര്‍ച്ച് 27 ന് മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍ സിനിമയുടെ റിലീസിന് പ്രശ്‌നമുണ്ടാകില്ല.
ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനത്തോടെയാണ് സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുകഞ്ഞ് തുടങ്ങിയത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി എമ്പുരാന്‍ സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്ന് ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എമ്പുരാന്‍ തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് അറിയിച്ചത്. പോസ്റ്റ് പിന്‍വലിച്ചതോടെ ആന്റണി പെരുമ്പാവൂരിനെതിരെ നടപടി വേണ്ടെന്ന് ചേമ്പര്‍ തീരുമാനിക്കുകയും ചെയ്തു.
മലയാള സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു രംഗത്തു വന്നിരുന്നു. സിനിമ സമരം എന്നത് ഉമ്മാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. ഫിലിം ചേംബര്‍ വേണോയെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. അപ്പോള്‍ ഞാന്‍ സമരത്തോട് ഒപ്പം ഉണ്ടാവില്ലല്ലോ? ഒന്നാമത് സമരമില്ല, അത് വെറുതേ ഉമ്മാക്കി കാണിക്കുന്നതാണ്. സമരമൊന്നുമുണ്ടാവില്ല. ഞാന്‍ പ്രതിഫലം കുറയ്ക്കില്ല. താരങ്ങള്‍ എന്ന് പറഞ്ഞാല്‍ വേറെ ആളുകളാണ്. ഞാന്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍പ്പെട്ട ആളാണ്. താരങ്ങള്‍ വേറെ ഒരു സംഭവമാണ്. താരങ്ങളെ വെച്ച് സിനിമയെടുക്കുന്നവര്‍ക്ക്, താരങ്ങളെ വേണമെങ്കില്‍ താരങ്ങള്‍ പറയുന്ന പണം കൊടുക്കേണ്ടേ? നമ്മളെ വെച്ച് പടം എടുക്കുന്നവരോട് നമുക്ക് ഒന്നും ഡിമാന്‍ഡ് ചെയ്യാന്‍ പറ്റില്ല. പല വിട്ടുവീഴ്ചകളും നമ്മള്‍ ചെയ്യേണ്ടിവരും', ചോദ്യങ്ങള്‍ക്ക് മറുപടിയായി ജോയ് മാത്യു പറഞ്ഞു.