- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയില്‍ ഏഷ്യന്‍ വിവാഹ സീസണ്‍ എത്തവേ ബന്ധുത്വ, സ്വവംശ വിവാഹങ്ങള്‍ അപകടമെന്ന് ബിബിസി കാമ്പയിന്‍; ഇത്തരം വിവാഹം തടയണമെന്ന ബില്ലുമായി കണ്‍സര്‍വേറ്റീവ് എംപി; എതിര്‍ത്ത് ലേബര്‍ സര്‍ക്കാര്‍; കുട്ടികള്‍ക്ക് വൈകല്യ സാധ്യതയെന്ന് ബിബിസി ഇന്ഡെപത്; പാക് വംശജര്‍ക്ക് സാധാരണം; മലയാളികള്‍ക്കും തമിഴര്‍ക്കും അപൂര്‍വം
ബന്ധുത്വ, സ്വവംശ വിവാഹങ്ങള്‍ അപകടമെന്ന് ബിബിസി കാമ്പയിന്‍
ലണ്ടന്‍: ജയറാമും സുജ കാര്‍ത്തികയും റോജ റെഡ്ഢിയും തകര്‍ത്ത് അഭിനയിച്ച സിനിമയാണ് മലയാളി മാമന് വണക്കം. അമ്മാവന്റെ മകളെ മുറപ്പെണ്ണായി കരുതിയിരുന്ന മലയാളി പാരമ്പര്യം തമിഴില്‍ ചെല്ലുമ്പോള്‍ അമ്മാവനെ തന്നെ ഭാവി വരാനായി പെണ്‍കുട്ടികള്‍ക്ക് നിശ്ചയിക്കാം എന്ന രീതിയാണ് ഈ സൂപ്പര്‍ ബ്ലോക്ബസ്റ്റര്‍ സിനിമയിലൂടെ രാജസേനന്‍ അവതരിപ്പിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ പഴയ കാലത്തു കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത നഷ്ടമാകാതിരിക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ആചാരമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ഒരേ കുടുംബ താവഴികള്‍ തമ്മില്‍ ബന്ധുത്വം നിലനില്‍ക്കുമ്പോള്‍ സമ്പത്തു മറ്റൊരു കുടുംബത്തിലേക്ക് വഴി മാറി ഒഴുകില്ല എന്ന ചിന്തയില്‍ നിന്നാകും ഈ ബന്ധുക്കല്യാണ പിറവി എന്ന ആശയം വേര് പിടിച്ചത് എന്ന ചിന്തയ്ക്ക് വലിയ സാധ്യതകളാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ വഴി പിറക്കുന്ന കുട്ടികള്‍ക്ക് വൈകല്യ സാധ്യത ഉണ്ടെന്ന പഠനങ്ങള്‍ പുറത്തു വന്നതോടെയും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉറപ്പായി തുടങ്ങിയതോടെയും ബന്ധുത്വ വിവാഹങ്ങള്‍ ഏറെക്കുറെ അന്യം നിന്ന നിലയിലാണ്.
ബന്ധുത്വ വിവാഹം പാക് വംശജര്‍ക്കിടയില്‍ സര്‍വ സാധാരണം, മലയാളികളിലും തമിഴരിലും അപൂര്‍വം എങ്കിലും പൂര്‍ണമായി ഇല്ലാതായിട്ടില്ല
എന്നാല്‍ ബ്രിട്ടനില്‍ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ ഇത്തരം വിവാഹങ്ങള്‍ സര്‍വ സാധാരണമാണ് എന്ന കണ്ടെത്തലാണ് ഇപ്പോള്‍ ബിബിസിയുടെ ഇന്‍ഡെപ്ത് വാര്‍ത്ത പുറത്തു വിടുന്ന ഏറ്റവും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തണുപ്പ് കാലം മാറിത്തുടങ്ങിയതോടെ മറ്റൊരു ഏഷ്യന്‍ വിവാഹ സീസണ്‍ യുകെയില്‍ ചൂട് പിടിക്കവേ ബിബിസി നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അതിനിടെ ബന്ധുത്വ വിവാഹങ്ങള്‍ യുകെയില്‍ നിയമപരമായി തന്നെ തടയണം എന്നാവശ്യപ്പെട്ട് ബാസില്‍ഡണിലെ കണ്‍സര്‍വേറ്റീവ് എംപി റിച്ചാര്‍ഡ് ഹോള്‍ഡന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചെങ്കിലും ലേബര്‍ സര്‍ക്കാര്‍ നിര്‍ബന്ധിത നിരോധനം ഇത്തരം വിവാഹങ്ങളില്‍ ആവശ്യമില്ലെന്ന നിലപാട് എടുക്കുക ആയിരുന്നു.
യുകെയില്‍ പാക് വംശജര്‍ക്കിടയിലാണ് ഇത്തരം വിവാഹങ്ങള്‍ അധികമായി കണ്ടുവരുന്നതെന്ന വെളിപ്പെടുത്തലില്‍ ബിബിസി നടത്തുന്ന കാമ്പയിന്‍ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമായി മാറും എന്ന് കരുതപ്പെടുന്നു. മലയാളികളിലും ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും ശക്തമായ നിലയില്‍ തന്നെ ബന്ധുവിവാഹം നടക്കുന്നത് മാറിയിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ട വസ്തുതയാണ്. സമുദായം മാറിയുള്ള വിവാഹം പോലും സാമൂഹ്യമായ വിലക്കിലേക്ക് എത്തുന്ന രീതിയും മലയാളികള്‍ക്കിടയില്‍ അപൂര്‍വമായി എങ്കിലും സംഭവിക്കുന്നുണ്ട്.
യുകെയിലെ ബന്ധുത്വ വിവാഹങ്ങളുടെ തലസ്ഥാനമായി ബിബിസി കണ്ടെത്തുന്നത് മുസ്ലിം വംശജര്‍ തിങ്ങി പാര്‍ക്കുന്ന ബ്രാഡ്‌ഫോര്‍ഡാണ്. എന്നാല്‍ പുതു തലമുറയില്‍ ബന്ധുത്വ വിവാഹം ആഗ്രഹിക്കുന്നവരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും ബിബിസി ഇന്‍ഡെപ്ത് കണ്ടെത്തുന്നു. ബന്ധുത്വ വിവാഹങ്ങളെ കുറിച്ച് തുടര്‍ച്ചയായി നടന്ന പടങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത് എന്നും ബിബിസി പറയുന്നു.
ഇത്തരം വിവാഹങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടിയ നിരക്കില്‍ ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാകുന്നു എന്നാണ് വെളിപ്പെടുത്തലുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡിന്റെ നേതൃത്വത്തില്‍ ഇവിടെ ജനിച്ച 13,000 കുട്ടികളില്‍ കേന്ദ്രീകരിച്ചു നടന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇത്തരം വിവാഹങ്ങളുടെ സാധുത ചോദ്യം ചെയ്യാനുള്ള മാര്‍ഗ രേഖയായി മാറുന്നത്. 2007നും 2010നും ഇടയില്‍ ജനിച്ച ഈ കുട്ടികളില്‍ കേന്ദ്രീകരിച്ചു നടന്ന പഠനം ഗൗരവമായ ചര്‍ച്ചയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
പഠനത്തിനു തിരഞ്ഞെടുക്കപെട്ടവരില്‍ ആറില്‍ ഒരാള്‍ വീതം ബന്ധുത്വ വിവാഹത്തില്‍ പിറന്നവരാണ്. ഇവരില്‍ നല്ല പങ്കും പാക്കിസ്ഥാനി വംശജരും. ഈ വിഷയത്തില്‍ ലോകത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും ആധികാരികമായ പഠനം എന്നാണ് ഈ റിപ്പോര്‍ട്ടിനെ ബിബിസി വിശേഷിപ്പിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ സൃഷ്ടിക്കുന്ന കുഴപ്പം എന്നതില്‍ മുന്‍ ധാരണകളെക്കാള്‍ വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ജനിതക തകരാറോടെ ഇത്തരം ബന്ധങ്ങളില്‍ നിന്നും കുട്ടികള്‍ ജനിക്കും എന്ന ശാസ്ത്ര സത്യത്തിനു ഒരിക്കല്‍ കൂടി ശക്തമായ തെളിവായി മാറുകയാണ് ബ്രാഡ്ഫോര്‍ഡ് ബന്ധുത്വ വിവാഹങ്ങള്‍. മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു ജനിതക തകരാറുകള്‍ക്ക് ഇത്തരം ബന്ധുത്വ വിവാഹത്തില്‍ പിറക്കുന്നവര്‍ക്ക് ഇരട്ടി ചാന്‍സാണ് പഠനം നല്‍കുന്ന സാധുത. വെറും രോഗ സാധ്യതകള്‍ മാത്രമല്ല കുട്ടികളുടെ പെരുമാറ്റവും സ്‌കൂള്‍ പഠന നിലവാരവും ഒക്കെ ഈ പഠനത്തില്‍ പുറത്തു വന്നിരിക്കുന്ന ഡാറ്റകളായി ഇപ്പോള്‍ ശാസ്ത്രത്തിനു മുന്നില്‍ എത്തുകയാണ്.
ബന്ധുത്വ - സ്വവംശ വിവാഹങ്ങള്‍ നിയമത്തിന്റെ കണ്ണിലേക്ക്
ബ്രിട്ടനില്‍ ബ്രാഡ്‌ഫോര്‍ഡിലാണ് ഏറ്റവും കൂടുതല്‍ ബന്ധുത്വ വിവാഹങ്ങള്‍ നടക്കുന്നതെങ്കില്‍ യൂറോപ്പിലെ രണ്ടു രാജ്യങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ നിയമപരമായി വിലക്ക് നേരിടുകയാണ്. നോര്‍വേയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ബന്ധുത്വ വിവാഹം നിരോധിക്കപ്പെട്ടെങ്കില്‍ സ്വീഡനിലും അടുത്ത വര്‍ഷം മുതല്‍ ഇത്തരം വിവാഹങ്ങള്‍ നിരോധന പട്ടികയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കണ്‍സര്‍വേറ്റീവ് എംപി സ്വകാര്യ ബില്ലുമായി എത്തിയത്.
ബാസില്‍ഡണ്‍ എംപി റിച്ചാര്‍ഡ് ഹോള്‍ഡന്‍ അവതരിപ്പിച്ച ബില്ലിന് ലേബര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. പകരം ജനറ്റിക് കൗണ്‍സിലിംഗ് എന്ന നിലവിലെ പദ്ധതി ആക്റ്റീവ് ആയി തുടരാനാണ് സര്‍ക്കാര്‍ പ്ലാന്‍. മാത്രമല്ല ഇത്തരം വിവാഹത്തെ തുടര്‍ന്ന് ഗര്‍ഭ ധാരണം നടക്കുമ്പോള്‍ അവര്‍ക്കായി പ്രത്യേക പ്രെഗ്നന്‍സി സ്‌ക്രീനിങ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ബ്രാഡ്‌ഫോര്‍ഡിലെ മൂന്നു വാര്‍ഡുകളില്‍ തിങ്ങി പാര്‍ക്കുന്ന പാക് വംശജരില്‍ അമ്മമാരായ സ്ത്രീകളില്‍ 46 ശതമാനവും ബന്ധുത്വ വിവാഹിതര്‍ ആണെന്ന ഞെട്ടിക്കുന്ന കണക്കും ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
അതേസമയം ബജറ്റുകള്‍ കര്‍ശനമായി വിശകലനം ചെയ്യുമ്പോള്‍ ബന്ധുത്വ വിവാഹങ്ങള്‍ക്ക് കൗണ്സിലുകളും മറ്റും ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് ലഭിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മികച്ച മോഡലുകളായി നോര്‍വെയും സ്വീഡനും മുന്നില്‍ ഉള്ളപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ നിരോധിക്കുന്നത് വലിയ വിവാദമായി മാറിയേക്കും എന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്. അതേസമയം പരിണാമ സിദ്ധാന്ത സൃഷ്ടാവ് ചാള്‍സ് ഡാര്‍വിനും ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ ഒക്കെ ബന്ധുത്വ വിവാഹിതരാണ് എന്ന വാസ്തവവും നിരോധനം എന്ന ആശയത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുപിടിക്കുകയാണ്. ചാള്‍സ് ഡാര്‍വിന്‍ വിവാഹം ചെയ്ത എമ്മ വെഡ്ജ്വുഡില്‍ പിറന്ന മകന്‍ സര്‍ ജോര്‍ജ് ഡാര്‍വിനും ശാസ്ത്രജ്ഞന്‍ ആയി അറിയപെട്ടയാളാണ്. ബന്ധുവായ പ്രിന്‍സ് ആല്‍ബെര്‍ട്ടിനെയാണ് രാജ്ഞി വിക്ടോറിയ വിവാഹം ചെയ്തത്.
ഇപ്പോള്‍ പുറത്തു വന്ന പഠനത്തില്‍ പങ്കാളിയായ ഗവേഷകന്‍ പാട്രിക് നാഷും ബ്രാഡ്ഫോര്‍ഡ് ടീച്ചിങ് ഹോസ്പിറ്റല്‍ ശിശുരോഗ വിദഗ്ധനും ആയ ഡോ. പ്രൊഫ സാം ഓഡിയും ഇത്തരം വിവാഹങ്ങള്‍ എത്രയും വേഗം നിരോധിക്കണം എന്ന് അഭിപ്രായപെടുന്നവരുടെ കൂട്ടത്തിലാണ്. ഒരേ കുടുംബത്തില്‍ ഒട്ടേറെ കുട്ടികളുടെ ജനിതക തകരാര്‍ മൂലമുള്ള മരണം നേരില്‍ കാണേണ്ടി വന്ന ദുരിതങ്ങള്‍ക്ക് കൂടി സാക്ഷിയാണ് പ്രൊഫ. സാം ഓഡി. യുകെയില്‍ മറ്റെവിടെ കാണുന്നതിനേക്കാള്‍ ഇത്തരം രോഗങ്ങള്‍ കൂടുതല്‍ ഉള്ള കുട്ടികള്‍ ബ്രാഡ്‌ഫോര്‍ഡില്‍ ആണെന്നും പ്രൊഫ. സാം പറയുന്നു. മലയാളികളില്‍ ചില സമുദായങ്ങളില്‍ കാണപ്പെടുന്ന സ്വ വംശ വിവാഹവും ബ്രാഡ്‌ഫോഡില്‍ കൂടുതല്‍ ആണെന്നും പ്രൊഫ. സാം പറയുന്നു.
ബന്ധുത്വ വിവാഹങ്ങളേക്കാള്‍ അപകടം ഇത്തരം വിവാഹങ്ങളില്‍ ആണെന്നും അദ്ദേഹം പറയുന്നു. സ്വ വംശ വിവാഹങ്ങളില്‍ ബന്ധു ആണോ എന്നതിനേക്കാള്‍ ഒരേ വംശക്കാര്‍ ആണോ എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. പാക്കിസ്ഥാനിലെ ആളുകള്‍ക്ക് ഇടയില്‍ സ്വവംശ വിവാഹം നിര്‍ബന്ധിതം അല്ലെങ്കിലും ജൂതര്‍ക്കിടയിലും അമിഷ് എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ വിഭാഗത്തിലും ഫ്രഞ്ച് കനേഡിയന്‍ വംശജരായ ചില സമുദങ്ങള്‍ക്കിടയിലെ ഒരു പ്രത്യേക വംശജര്‍ക്കിടയില്‍ സ്വവംശ വിവാഹം നിര്‍ബന്ധിതം ആണെന്നും പ്രൊഫ. സാം ചൂണ്ടിക്കാട്ടുന്നു. മലയാളികളിലും ഈ രീതി ചില സമുദായങ്ങള്‍ പിന്തുടരുന്നുണ്ടെങ്കിലും ഇത് ബ്രാഡ്ഫോര്‍ഡ് പഠനത്തില്‍ ഇടം പിടിച്ചിട്ടില്ല. ജനിതക തകരാര്‍ ഉള്ള ജനങ്ങള്‍ ഇത്തരം ബന്ധങ്ങള്‍ക്കിടയില്‍ സാധാരണമാകാന്‍ സാധ്യത ഏറെയാണ് എന്നും പ്രൊഫ. സാം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബ്രാഡ്‌ഫോര്‍ഡില്‍ ഇത്തരം വിവാഹങ്ങളുടെ എണ്ണം പത്തു ശതമാനം കുറഞ്ഞതും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.