ന്യൂഡല്‍ഹി: രാജ്യത്ത് എം പോക്‌സ് (മങ്കി പോക്‌സ്) രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എം പോക്‌സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാള്‍ക്കാണ് രോഗലക്ഷണം. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇയാളുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

എംപോക്‌സ് രോഗം 116 രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമര്‍ജന്‍സി വിഭാഗത്തിലാണ് രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1958-ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്‌സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.

രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍. മുഖത്ത് പ്രത്യക്ഷപ്പെട്ട കുരുക്കള്‍ ഉടന്‍ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും. അടുത്തകാലത്ത് എം പോക്‌സിനെ മഹാമാരി പട്ടികയില്‍ നിന്ന് ലോകാരോഗ്യ സംഘടന നീക്കിയിരുന്നു.