- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അഞ്ചു പേര്‍;കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി; ആളുകളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്: അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗം
പാലക്കാട് കല്ലടിക്കോട്ട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അഞ്ചു പേര്‍
കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് അയ്യപ്പന്‍കാവിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കള്‍ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവര്‍മാരാണ്.
കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കാറില്‍ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണാന്തറ വെളയാന്‍തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്‌സല്‍.
പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. കാറിന്റെ അമിത വേഗമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ അമിതവേഗത്തില്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിഡ്രൈവറായ തമിഴ്നാട് സ്വദേശിക്കും പരിക്കുണ്ട്.
കരിമ്പുഴ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. കെ എല്‍ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പാലക്കാട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികള്‍ നാളെ ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.
സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും ആംബുലന്‍സിനെയും വിളിച്ചത്. കല്ലടിക്കോട് പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടുനിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.