- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1980ലെ വ്യോമയാന സുരക്ഷാ നിയമത്തില്‍ വിമാനത്തിലെ ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ; ഇനി പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങള്‍ക്ക് പുറത്തു നിന്നുള്ള ഭീഷണിയും ഗുരുതര കുറ്റമാവും; വ്യാജ ബോംബ് ഭീഷണികളെ നേരിടാന്‍ നിയമ ഭേദഗതി; ഭീഷണികള്‍ പരോക്ഷ യുദ്ധമാകുമ്പോള്‍
ന്യൂഡല്‍ഹി: വിമാനത്തിലെ വ്യാജബോംബ് ഭീഷണികള്‍ ഇനി ഗുരുതര കുറ്റകൃത്യമാക്കും. നിരവധി വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ബോംബ് ഭീഷണി ലഭിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയെ തകര്‍ക്കാനുള്ള ഗൂഡ പദ്ധതിയാണ് ഇത്. വ്യാജ ബോംബ് ഭീഷണി കാരണം വിമാനങ്ങള്‍ വൈകുന്നു. വിദേശത്തേയും മറ്റും പരിശോധനകള്‍ കാരണം കോടിക്കണക്കിന് രൂപ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നു. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന പരോക്ഷ യുദ്ധമായി ഇതിനെ കാണുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് കൊണ്ടു വരുന്നത്. ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിവേഗ തീരുമാനം ഇക്കാര്യത്തിലുണ്ടാകും.
വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരും. ബോംബ് ഭീഷണികളെ നേരിടാന്‍ നിയമഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങള്‍ അനിവാര്യതയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവിയെ കഴിഞ്ഞദിവസം കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ. ഡയറക്ടര്‍ വിക്രം ദേവ് ദത്തിനെ കല്‍ക്കരിമന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.
വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍നിന്ന് ആജീവനാന്തം വിലക്കും. കുറ്റവാളികളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതിയും ഉണ്ടാകും. ഇതിനായി വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടി. വിദേശരാജ്യങ്ങളില്‍ സമാന ഭീഷണികള്‍ നേരിടാന്‍ സ്വീകരിച്ച മാതൃകകളും പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്ന് കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി വ്യോമയാന സുരക്ഷാ ചട്ടങ്ങളിലും ഭേദഗതികളും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള സിവില്‍ ഏവിയേഷന്‍ സുരക്ഷ നിയമത്തിലും ഭേ?ദ?ഗതികള്‍ വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ഇത്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഞായറാഴ്ച മാത്രം ഇരുപതോളം വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനക്കമ്പനികളുമായി മീറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും റാം മോഹന്‍ നായിഡു പറഞ്ഞു.
വ്യാജ ഭീഷണികളെ തുടര്‍ന്ന് പരിശോധനയ്ക്കായി വിമാനങ്ങള്‍ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടം നേരിട്ടു. കണക്ടഡ് ഫ്‌ളൈറ്റുകള്‍ കിട്ടാതെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. 1980ലെ വ്യോമയാന സുരക്ഷാ നിയമത്തില്‍ വിമാനത്തില്‍ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും.
സിക്ക് വിരുദ്ധ കലാപത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍ പന്നൂന്‍ പറഞ്ഞിട്ടുണ്ട്. നവംബര്‍ 1-19 കാലയളവില്‍ എയര്‍ ഇന്ത്യയില്‍ കയറരുതെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും ഇതേ ഭീഷണി ഉയര്‍ത്തിയിരുന്നു. സിക്ക്‌സ് ഫോര്‍ ജസ്റ്റിസ് സ്ഥാപകനായ പന്നൂന്‍ ഇപ്പോള്‍ യു.എസിലാണ്. ഒരാഴ്ചയ്ക്കിടെ നൂറിലേറെ രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. വ്യാജമെന്ന് ഉറപ്പുണ്ടെങ്കിലും ഭീഷണി ലഭിച്ചാല്‍, ചട്ടപ്രകാരം വിമാനങ്ങള്‍ തൊട്ടടുത്ത വിമാന താവളത്തിലിറിക്കി പരിശോധിക്കേണ്ടതുണ്ട്. യാത്രക്കാര്‍ പരിഭ്രാന്ത്രരായതിന് പുറമെ വിമാനകമ്പനികള്‍ക്ക് കോടികളുടെ നഷ്ടവുമാണുണ്ടായത്. ഇതോടെയാണ് കര്‍ശന നടപടികള്‍ക്ക് തയാറെടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.