ലണ്ടന്‍: മാഞ്ചസ്റ്ററിലെ സെയ്ല്‍സില്‍ മലയാളികളുടെ കൂടി ഇഷ്ട ഭക്ഷണ കേന്ദ്രമായ ദോശ കിങ്സില്‍ വന്‍ ഭക്ഷ്യബാധ ഉണ്ടായതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓണ ആഘോഷവുമായി ബന്ധപെട്ടു പതിവില്‍ കവിഞ്ഞ തിരക്ക് ഉണ്ടായിരുന്ന ശനിയാഴ്ചയാണ് ഭക്ഷണം കഴിക്കുന്നതിനിടെ അനേകം ആളുകള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് പോലീസും ആംബുലന്‍സും അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ ദോശ കിങ്സിന് മുന്‍പില്‍ നിരനിരയായി കിടക്കുന്ന കാഴ്ചയാണ് കാണാനായത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തന്നെ അസ്വസ്ഥത തോന്നിയ ആളുകളെ റെസ്റ്ററന്റിനുളില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കുക ആയിരുന്നു എന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കന്‍ വംശജരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദോശ കിങ്‌സ് എന്നാണ് അനുമാനം. ഇന്ത്യന്‍ വംശജരുടെ മാത്രമല്ല ബ്രിട്ടീഷുകാരുടെയും പ്രിയപ്പെട്ട രുചിയിടം കൂടിയായിരുന്നു ദോശ കിങ്‌സ്.

വിവിധയിനം ദോശകളും ലഘു ഭക്ഷണങ്ങളും അടക്കമുള്ള മെനു ഉള്ളതിനാല്‍ കൈയില്‍ ഒതുങ്ങുന്ന പണത്തിന് ആസ്വദിക്കാവുന്ന ഇടം എന്നതായിരുന്നു ദോശ കിങ്സിന്റെ ആകര്‍ഷണീയത. ചുരുങ്ങിയത് എട്ടു പേരെങ്കിലും ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സാ തേടി എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഏതു തരം ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായത് എന്ന് വ്യക്തമല്ല.

ഒരേ സമയം അനേകം ആളുകള്‍ക്ക് അസ്വസ്ഥത തോന്നിയതിനാല്‍ ഹോട്ടല്‍ താത്കാലികമായി അടപ്പിക്കാന്‍ പോലീസ് തയ്യാറാകുക ആയിരുന്നു. ഭക്ഷണത്തിന്റെ സാമ്പിള്‍ അടക്കമുള്ളവ ശേഖരിച്ചു പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മാത്രമേ ദോശ കിങ്സിന് പ്രവര്‍ത്തന അനുമതി ലഭിക്കൂ. അടുത്തിടെ നടന്ന പരിശോധനയിലും ട്രാഫോര്‍ഡ് കൗണ്‍സില്‍ ദോശ കിങ്സിന് നല്‍കിയത് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ആയിരുന്നു എന്നതും ഹോട്ടലിനു പ്രശസ്തിക്ക് കാരണമാണ്.

ശനിയാഴ്ച ഉച്ചയ്ക്കാണ് വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നു ഘട്ടമായി ബുക്ക് ചെയ്തിരുന്ന ഓണസദ്യയുടെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെയാണ് റെസ്റ്റോറന്റില്‍ നിന്നും അടിയന്തിര സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പതിനൊന്നരക്ക് ആരംഭിച്ച സദ്യ ഒരുമണിക്ക് അവസാനിക്കാന്‍ ഇരിക്കവെയാണ് ആളുകള്‍ക്ക് അസ്വസ്ഥത റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഒരു മണിക്കും രണ്ടു മണിക്കും മറ്റു രണ്ടു സ്ലോട്ടുകളില്‍ സദ്യ കഴിക്കാന്‍ ഉള്ളവര്‍ കാത്തിരിക്കവെയാണ് ഹോട്ടല്‍ അടയ്ക്കാന്‍ എമര്‍ജന്‍സി വിഭാഗം നിര്‍ദേശം നല്‍കുന്നത്. ഹോട്ടലില്‍ തയ്യാറാക്കിയ ഏതു ഭക്ഷണമാണ് വിഷഹാരിയായി മാറിയത് എന്ന് പരിശോധനക്ക് ശേഷമേ കണ്ടെത്താനാകൂ എന്നതിനാലാണ് റെസ്റ്റോറന്റ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

മിക്കവര്‍ക്കും ചെറിയ തോതില്‍ ഉള്ള അസ്വസ്ഥതയാണ് ഉണ്ടായതെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് കൂടുതല്‍ ഗൗരവമുള്ള നിലയിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അലര്‍ജി അടക്കമുള്ള സാധ്യതകള്‍ കാരണമായോ എന്നതടക്കം ഉള്ള വിവരങ്ങള്‍ കൂടി പുറത്തു വരാനുണ്ട്. അതിനിടെ ഭക്ഷ്യ വിഷബാധ ഉണ്ടായവരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കേണ്ടി വന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ദോശ കിങ്‌സ് സ്ഥിതി ചെയ്യുന്ന റോഡ് അടച്ചു പോലീസ്, ഫയര്‍ ഫോഴ്സ്, ആംബുലന്‍സ് എന്നിവയ്ക്കു മാത്രമായി തുറന്നിട്ടിരിക്കുകയായിരുന്നു ഏറെനേരത്തേക്ക് എന്നതും സംഭവത്തെ ഗുരുതരമായാണ് അധികൃതര്‍ കണ്ടതെന്ന് ഉറപ്പിക്കുകയാണ്. ഗ്യാസ് ചോര്‍ച്ചയടക്കമുള്ള സാധ്യത തുടക്കത്തില്‍ തന്നെ ഫയര്‍ ഫോഴ്സ് അടക്കമുള്ളവര്‍ തള്ളിക്കളഞ്ഞിരുന്നു.

കടയില്‍ നിന്നും വൈകുന്നേരത്തോടെ പോലീസ് മടങ്ങിയെങ്കിലും ട്രാഫോര്‍ഡ് കൗണ്‍സില്‍ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ടീം അംഗങ്ങളും പരിശോധന തുടരുന്ന സാഹചര്യമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ദോശ കിങ്‌സ് ഉടമകളില്‍ നിന്നും ഇനിയും പ്രതികരണം പുറത്തു വന്നിട്ടില്ല. സോഷ്യല്‍ മീഡിയ പേജുകളില്‍ അസാധാരണ സാഹചര്യം മൂലം തങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ് എന്ന ഒറ്റവരി പ്രസ്താവനയാണ് ഇവര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി എന്നത്തേക്ക് ഹോട്ടലിനു പ്രവര്‍ത്തന അനുമതി നല്‍കാനാകും എന്ന കാര്യത്തില്‍ ട്രാഫോര്‍ഡ് കൗണ്‍സില്‍ അധികൃതരും തിരക്കിട്ടു പ്രതികരിക്കാന്‍ തയ്യാറല്ല.