ന്യൂഡല്‍ഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ പശ്ചാത്തലത്തില്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ് എന്ന റിപ്പോര്‍ട്ടുമായി പാശ്ചാത്യ മാധ്യമങ്ങള്‍. ചില മാധ്യമങ്ങള്‍ പതിവ് പോലെ ഇന്ത്യാ വിരുദ്ധ നിലപാടും വ്യക്തമാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും കൈവശം ആണവായുധങ്ങള്‍ ഉണ്ടെന് കാര്യമാണ് പ്രധാനമായും ഇവര്‍ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ കാശ്മീരിലും എല്ലാം ഇന്ത്യ ശക്തമായ ആക്രമണം നടത്തിയതായിട്ടാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരുന്ന സൈനിക നടപടി പാക്കിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇതിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാനിലെ പ്രതിരോധ മന്ത്രി ക്വാജ ആസിഫും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ പോലെയുള്ള അതിശക്തമായ പ്രതിരോധ സംവിധാനങ്ങളുള്ള രാജ്യത്തിന് നേരേ ആക്രമണം നടത്തുന്നത് അബദ്ധമാകും എന്ന് പാക്കിസ്ഥാന് തന്നെ അറിയാവുന്നത് കൊണ്ട് തന്നെയാണ് അവര്‍ തിരിച്ചടിക്ക് തയ്യാറാകാത്തത്.

കൂടാതെ അവര്‍ ഇന്ത്യക്കെതിരെ നിരന്തരമായി വ്യാജപ്രചാരണവും നടത്തുകയായിരുന്നു. ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ തങ്ങള്‍ മിസൈലാക്രമണം നടത്തി എന്നും നിരവധി വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നും അവര്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ സംഘര്‍ഷം ഒടുവില്‍ ഒരു പൂര്‍ണ തോതിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രാസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനേക്കാള്‍ ശക്തമായ രാജ്യം ഇന്ത്യ തന്നെയാണെന്ന് ഡെയിലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ ആണവായുധം പ്രയോഗിക്കുക ആണെങ്കില്‍ 125 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടേക്കുമെന്ന് 2019 ല്‍ തന്നെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം നീതി നടപ്പിലാക്കി എന്ന് തന്നെയാണ് നിഷ്പക്ഷരായ പ്രമുഖര്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്. എന്നാല്‍ അമേരിക്ക ഇന്ത്യക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്റ അവകാശത്തെ പിന്തുണക്കുകയും ചെയ്തു. ഇക്കാര്യവും പാശ്ചാത്യ മാധ്യമങ്ങള്‍ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്.