- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് വനംമേഖലയിൽ കടുവകളുടെ എണ്ണം കുറഞ്ഞെന്ന് ദേശീയ കടുവ സെൻസസ് റിപ്പോർട്ട്; ആളെക്കൊല്ലി കടുവകൾ നാട്ടിലിറങ്ങി ഭീതി പരത്തുമ്പോൾ കണക്ക് ശരിയല്ലെന്ന് വനംവകുപ്പും നാട്ടുകാരും; വയനാട്ടിൽ എണ്ണം തിട്ടപ്പെടുത്താൻ വനംവകുപ്പിന്റെ പ്രത്യേക സെൻസസ്
കൽപ്പറ്റ: വയനാട്ടിൽ, നാട്ടുകാരുടെ ഉറക്കം കെടുത്തി കടുവകൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുകയാണ്. ജനവാസമേഖലകളിൽ, വിശേഷിച്ചും വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ നിരന്തര ഭീഷണി ഉയർത്തുകയാണ്. മാനന്തവാടിയിൽ കർഷകനെ കൊന്ന കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനുവരിയിൽ പിടികൂടിയിരുന്നു. വീണ്ടും കടുവകൾ നാട്ടിലെത്തി. വയനാട് വന്യജീവി സങ്കേതത്തിൽ അടക്കം കടുവകളുടെ എണ്ണം കൂടിവരുന്നുവെന്നായിരുന്നു ധാരണ. എന്നാൽ, ദേശീയ കടുവാ സെൻസസ് റിപ്പോർട്ടിൽ, നീലഗിരി ജൈവ മണ്ഡലത്തിലും അതിന്റെ ഭാഗമായ വയനാട്ടിലും കടുവകളുടെ എണ്ണം കുറഞ്ഞെന്നാണ് പറയുന്നത്. ഇത് ശരിയായ കണക്കല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ചയും ജനവാസ കേന്ദ്രത്തിൽ കടുവ കൂട്ടിലായി. ഇതുകണക്കിലെടുത്ത് വയനാട് വനമേഖലയിൽ സംസ്ഥാന വനംവകുപ്പ് നടത്തുന്ന പ്രത്യേക സെൻസസ് ചൊവ്വാഴ്ച ആരംഭിച്ചു.
വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട്, സൗത്ത് വയനാട് വനം ഡിവിഷനുകൾ, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, കണ്ണൂർ വനം എന്നിവയുൾപ്പെടുന്ന മേഖലയിലാണ് കണക്കെടുപ്പ്. വനങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ചൊവ്വ മുതൽ 45 ദിവസം നീളുന്നതാണ് സെൻസസ്.
2017, 18 കാലയളവിലാണ് വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ച് വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച് 1640 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങൾ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. 756 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നതാണ് വയനാട്ടിലെ വനപ്രദേശം. ഇവിടെ 180 കടുവകളുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കൃത്യമായ കണക്ക് പുതിയ സെൻസസിൽ പുറത്തുവരും.
കടുവകൾ കൂടൂതലായി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതുകൊണ്ട് അവയുടെ എണ്ണം കൂടിയെന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. എന്നാൽ, ദേശീയ കടുവ സെൻസസിൽ ഇതിന് കടകവിരുദ്ധമായ കണ്ടെത്തലാണുള്ളത്. കടുവയുടെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് വയനാട് വനമേഖലക്ക് മാത്രമായി സെൻസസ് നടത്താൻ വനംവകുപ്പ് നേരത്തെ തീരുമാനിച്ചത്. കണക്കെടുപ്പ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പാണ് ദേശീയ കടുവാ സെൻസസ് റിപ്പോർട്ട് പുറത്തുവന്നത്.
ഉൾവനങ്ങളിൽ 280 കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാണ് വനംവകുപ്പിന്റെ കണക്കെടുപ്പ്. ഒരാഴ്ചമുമ്പ് ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതാണ്. ഇത് പൂർത്തിയാക്കിയാണ് സെൻസസ് ആരംഭിക്കുന്നത്. ഓരോ ക്യാമറകളും ക്യത്യമായ ഇടവേളകളിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. വന്യജീവി സങ്കേതം വാർഡന്മാർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കുമാണ് സെൻസസിന്റെ ചുമതല.
രാജ്യത്ത് കടുവകളുടെ എണ്ണം കൂടിയതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ട ദേശീയ കടുവ സെൻസസിൽ പറയുന്നത്. അഞ്ച് വർഷം കൊണ്ട് ഇരുന്നൂറ് എണ്ണത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് 3,167 കടുവകളുണ്ട്. 2018ൽ 2,967 എണ്ണം മാത്രമാണ് ഉണ്ടായിരുന്നത്.പ്രൊജക്ട് ടൈഗർ' അരനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, കർണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ചാണ് പ്രധാനമന്ത്രി ദേശീയ കടുവാ സെൻസസ് പുറത്തുവിട്ടത് കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽ 2018-ലെ കണക്ക് അനുസരിച്ച് 157 കടുവകളുടെ കുറവ് പുതിയ കണക്കെടുപ്പിൽ രേഖപ്പെടുത്തിയെങ്കിലും പെരിയാറിന് കോട്ടം തട്ടിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ