ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ അവരില്‍ പലരും ഇപ്പോഴും നമുക്ക് അജ്ഞാതരാണ് എന്നതാണ് വാസ്തവം. അടുത്തിടെ കണ്ടെത്തിയ ഏതാനും ഫോട്ടോഗ്രാഫുകള്‍, 1930-31 കാലഘട്ടത്തില്‍ ഗാന്ധിജി നയിച്ച നിയമലംഘന പ്രസ്ഥാനത്തില്‍ എത്ര മാത്രം സ്ത്രീകളാണ് പങ്കെടുത്തത് എന്ന കാര്യം വെളിപ്പെടുത്തുന്നു. ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആധിപത്യം പുലര്‍ത്തുകയും പലപ്പോഴും പുരുഷന്മാരെ കടത്തിവെട്ടി സമരരംഗത്ത് മുന്നേറുകയും ചെയ്തു എന്നാണ്.

1930 ഏപ്രിലിലാണ് ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്തിയത്. ഈ മേഖലയിലെ ബ്രിട്ടീഷ് കുത്തക സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം രാജ്യവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഇതിലൂടെ താന്‍ 'ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നു എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിട്ടാണ് ചരിത്രകാരന്മാര്‍ നിയമലംഘന പ്രസ്ഥാനത്തെ അംഗീകരിച്ചിട്ടുള്ളത്.





ഗാന്ധിജി ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ദണ്ഡിയാത്ര തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ ചേരുന്നത് വിലക്കിയിരുന്നു. എന്നാല്‍ പല വനിതാ നേതാക്കളും തങ്ങളും ഇതില്‍ പങ്കടുക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രപിതാവിനെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുകയായിരുന്നു. തുടര്‍ന്ന് അവരും സമരരംഗത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു. അക്കാലത്തെ കോണ്‍ഗ്രസ് നേതൃത്വം റേഡിയോ, സിനിമ, ഫോട്ടോഗ്രാഫി തുടങ്ങിയ ആധുനിക മാധ്യമ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കോണ്‍ഗ്രസിന്റെ ഒരു ആല്‍ബം ലണ്ടനിലെ ലേലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കലാ ശേഖരമായ അല്‍കാസി ഫൗണ്ടേഷന്‍ ഈ ആല്‍ബം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ അമൂല്യമാണെന്ന കാര്യം പലര്‍ക്കും അപ്പോള്‍ മനസിലായിട്ടില്ലായിരുന്നു. കെ.എല്‍ നഴ്സി എന്നാണ് ടൈപ്പ് ചെയ്ത ഫോട്ടോ അടിക്കുറിപ്പുകള്‍ ഹ്രസ്വവും വസ്തുതാപരമായ പിശകുകളും നിറഞ്ഞതായിരുന്നു. 2019-ല്‍ അല്‍കാസി ഫൗണ്ടേഷന്റെ ക്യൂറേറ്ററും ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ രണ്ട് ചരിത്രകാരന്മാരും ഇത് പുനഃപരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതൊരു അമൂല്യ വസ്തുവാണെന്ന കാര്യം മനസിലാക്കുന്നത്.





ഇതില്‍ ഉണ്ടായിരുന്നത് അന്നത്തെ കാലഘട്ടത്തിലെ മുംബൈയിലെ തെരുവുകളാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുന്‍കാല ഫോട്ടോഗ്രാഫുകളില്‍ നിന്ന് വ്യത്യസ്തമായി, ഇവ പോസ് ചെയ്ത ചിത്രങ്ങളല്ല. പോലീസുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍, ആംബുലന്‍സുകളില്‍ കയറ്റപ്പെട്ട പരിക്കേറ്റ സന്നദ്ധപ്രവര്‍ത്തകര്‍, മണ്‍സൂണ്‍ മഴയ്ക്കിടയിലെ മാര്‍ച്ചുകള്‍, ബോംബെയുടെ തെരുവുകളിലൂടെ പ്രതിഷേധിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും അനന്തമായ പ്രവാഹങ്ങള്‍ എന്നിവ അവയില്‍ പകര്‍ത്തിയിരിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ വലിയൊരു കാലഘട്ടമാണ് നമ്മുടെ മുന്നില്‍ ഇപ്പോള്‍ എത്തുന്നത്.




മറ്റേതൊരു സ്രോതസ്സിനേക്കാളും മികച്ച രീതിയില്‍ സ്ത്രീകള്‍ തങ്ങളുടെ ശാക്തീകരണത്തിനായി പൗരാവകാശ ലംഘന പ്രസ്ഥാനത്തെ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് ഈ ആല്‍ബം വ്യക്തമാക്കുന്നു. ഒരു ചിത്രത്തില്‍, ഗുജറാത്തില്‍ നിന്നുള്ള ഒരു വനിതാ കോണ്‍ഗ്രസ് നേതാവായ ലീലാവതി മുന്‍ഷി, സമരം നയിക്കുന്നതായി കാണാം. ഒരു കൂട്ടം ബ്രിട്ടീഷ് പോലീസ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍ അവര്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.




തക്ലിയോ ചര്‍ക്കയോ വഹിച്ചുകൊണ്ട് സ്ത്രീകളുടെ നീണ്ട ജാഥകള്‍ മുംബെയുടെ തെരുവുകള്‍ കീഴടക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളിലൊന്നിലെ നിര്‍ണായക പങ്കിനെക്കുറിച്ച് സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലെ വനിതാ വളണ്ടിയര്‍മാര്‍ക്ക് വൈകിയാണ് അംഗീകാരം ലഭിക്കുന്നത് എന്നതാണ് വാസ്തവം.