- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മിന്നലേറ്റ സുഹൃത്തുക്കളെ രക്ഷിക്കാൻ അന്ന് ആംബുലൻസിനേക്കാൾ വേഗത്തിൽ വണ്ടിയോടിച്ചു; പത്ത് വർഷം രോഗത്തോട് പൊരുതി, ഒടുവിൽ ന്യൂമോണിയക്ക് കീഴടങ്ങി; കണ്ണീരായി നേമം കെ.എസ്.ഇ.ബി സെക്ഷനിലെ മുൻ ഡ്രൈവർ വൈശാഖ്

തിരുവനന്തപുരം: മിന്നലേറ്റ് പിടഞ്ഞ സഹപ്രവർത്തകരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ച നേമം കെ.എസ്.ഇ.ബി സെക്ഷനിലെ മുൻ ഡ്രൈവർ വൈശാഖ് (32) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് 25 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എസ്.എൽ.ഇ ബാധിതനായി 10 വർഷമായി വൈശാഖ് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 25 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വൈശാഖിനെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അടുത്തിടെ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 2016-18 കാലഘട്ടത്തിൽ നേമം കെ.എസ്.ഇ.ബി സെക്ഷനിൽ ഡ്രൈവറായിരിക്കെയാണ് വൈശാഖിന്റെ ധീരമായ ഇടപെടൽ.
ഡ്യൂട്ടിക്കിടെ ഇടിമിന്നലേറ്റ സുഹൃത്തുക്കളെ ഉടൻ ആശുപത്രിയിലെത്തിക്കാൻ വൈശാഖ് മുന്നിട്ടിറങ്ങുകയായിരുന്നു. ഈ സംഭവത്തിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ജീവൻ തിരികെ ലഭിക്കുകയും ചെയ്തിരുന്നു. ഒരാൾ മരിച്ചതിൽ വൈശാഖ് അതീവ ദുഃഖത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാർ ഇന്നും ആ സംഭവവും വൈശാഖിന്റെ സഹായവും ഓർമ്മിക്കുന്നു. ബാലരാമപുരം തേമ്പാമുട്ടം പാറക്കോണം ശിവശ്രീയിൽ പരേതനായ ശിവന്റെയും ലതയുടേയും മകനാണ് വൈശാഖ്.


