ലണ്ടന്‍: മലയാളി എവിടെയുണ്ടോ അവിടെ ചതിയും പതുങ്ങി ഇരിപ്പുണ്ട് എന്ന ചൊല്ല് അന്വര്‍ഥമാക്കി ലണ്ടനിലെ സൗത്ത് ക്രോയിഡോണില്‍ നിന്നും മലയാളി യുവാവിന്റെ ചതിയുടെ കഥയാണ് ഇന്ന് ബ്രിട്ടീഷ് മലയാളി പുറത്തു വിടുന്നത്. യുവജങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായ അരികെ എന്ന ഡേറ്റിംഗ് ആപ് വഴി യുവതികള്‍ക്ക് കെണിയൊരുക്കിയാണ് ടോം തോമസ് എന്നും യുവതികള്‍ക്കിടയില്‍ ഇച്ചായന്‍ എന്നും അറിയപ്പെടുന്ന ഈ മാന്യന്‍ ചതിക്കുഴി ഒരുക്കുന്നത്. വിവാഹം കഴിച്ചു കൗമാരക്കാരായ രണ്ടു കുട്ടികള്‍ ഉള്ള ഇയാള്‍ ഭാര്യയെ ഒഴിവാക്കിയെന്നും കുട്ടികള്‍ക്ക് ഒരമ്മയുടെ സംരക്ഷണം ആവശ്യമാണ് എന്നും സൗമ്യമായി പറഞ്ഞാണ് അവിവാഹിതകളെയും വിവാഹ മോചനം തേടിയതുമായ യുവതികളെ വശത്താക്കുന്നത്.

സ്ഥിരവരുമാനമുള്ള ജോലിയുള്ള യുവതികളെയാണ് ഇയാള്‍ കൂടുതലായും ടാര്‍ജറ്റ് ചെയ്യുന്നത് എന്നതിലൂടെ ലൈംഗിക ആവശ്യങ്ങള്‍ കൂടാതെ സാമ്പത്തിക ചൂഷണവും ലക്ഷ്യമാണ് എന്ന് വ്യക്തം. സ്ത്രീകള്‍ ലൈംഗിക പീഡന പരാതി ഉയര്‍ത്താതിരിക്കാന്‍ ചാറ്റിലും മറ്റും ലൈംഗിക ആവശ്യം സ്ത്രീകളെ കൊണ്ട് ഉന്നയിക്കുന്നതും ഇയാളുടെ കുബുദ്ധിയിലെ മൂര്‍ച്ചയുള്ള ആയുധമാണ്. ഇക്കാരണത്താല്‍ പോലീസില്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ല എന്നാണ് കെണിയില്‍ ആയ ശേഷം പിണങ്ങി പോകുന്നവരോട് ഇയാള്‍ ഭീഷണി പോലെ നല്‍കുന്ന മുന്നറിയിപ്പ്.

ഇതിനകം വലയിലായത് ചുരുങ്ങിയത് അര ഡസന്‍ മലയാളി യുവതികള്‍, ടോമിന്റെ കച്ചവടം പൂട്ടാന്‍ ധൈര്യം കാട്ടിയതു ഡെല്‍ഹിക്കാരിയായ നഴ്‌സ് മഞ്ജു യാദവ്

ടോം എന്ന വ്യാജ കാമുകന്‍ വഴി ഇതിനകം ഡേറ്റിംഗ് ആപ്പിലൂടെ മാത്രം അര ഡസന്‍ മലയാളികള്‍ എങ്കിലും ഇയാളുടെ വലയില്‍ ആയെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇയാള്‍ പല ഘട്ടങ്ങളിലായി വാങ്ങിയ 26,000 പൗണ്ടോളം വരുന്ന പണം ഒരു കാരണവശാലും മടക്കി നല്‍കില്ല എന്ന് വ്യക്തമായതോടെയാണ് ഇയാളുടെ പേരും ചിത്രവും സഹിതം വാര്‍ത്ത ചെയ്യാന്‍ ബ്രിട്ടീഷ് മലയാളി തീരുമാനിച്ചത്.

ഇയാളുടെ ചതി വെളിപ്പെടുത്തി മഞ്ജു യാദവ് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടിട്ട് ഒരു മാസത്തിലേറെ ആയെങ്കിലും അയാള്‍ക്ക് പണം തിരികെ നല്‍കാനുള്ള സാവകാശം നല്‍കൂവെന്നും ബ്രിട്ടീഷ് മലയാളിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് മഞ്ജു പലവട്ടം ഇയാള്‍ക്കു തന്റെ പണം മടക്കി ചോദിച്ചു സന്ദേശങ്ങള്‍ അയച്ചിരുന്നു. പല മെസേജുകള്‍ക്കും അവധി ചോദിച്ചു മുങ്ങിയ ടോം തോമസ് അടുത്തിടെയായി ഒരു മെസേജിനും മറുപടിയും നല്‍കുന്നില്ല. ഇതോടെ തന്റെ പണം എന്നേക്കുമായി നഷ്ടമായി എന്ന് ഉറപ്പിച്ച മഞ്ജു യാദവ് ഇനിയെങ്കിലും ഇയാളുടെ വലയില്‍ മറ്റൊരു യുവതി കുടുങ്ങാതിരിക്കാന്‍ വേണ്ടിയാണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇയാളുടെ ചതി തുറന്നു പറയാന്‍ തയ്യാറാകുന്നത്.




അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ നടത്തിയ ചതിക്കെണി വഴി അരഡസന്‍ മലയാളി യുവതികള്‍ എങ്കിലും ഇയാളുമായി ശരീരം പങ്കിടാന്‍ തയ്യാറാകുകയും ആയിരക്കണക്കിന് പൗണ്ട് ഇയാള്‍ക്ക് നല്‍കിയതായും മഞ്ജുവിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട്. ഈ യുവതികള്‍ ആകട്ടെ പണം പോയാലും ചതി ആരും അറിയാതിരിക്കട്ടെ എന്ന നിലപാടിലാണ്. മറ്റു യുവതികള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കൊല്ലംകാരിയായ യുവതി നല്‍കിയ മറുപടി പോകുന്നവര്‍ക്ക് ഒരു പാഠം ആകട്ടെ എന്നാണ്.

മറ്റു യുവതികള്‍ക്ക് വേണ്ടി താന്‍ എന്തിനു നാണം കെടണം എന്നുമാണ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദക്ഷിണ കേരളത്തില്‍ നിന്നുള്ള അനുപമ കൃഷ്ണകുമാര്‍ യഥാര്‍ത്ഥ പേരല്ല) ചോദിക്കുന്നത്. മാത്രമല്ല അല്‍പം സ്മാര്‍ട്ട് ആയ അനുപമ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയിട്ടും ടോമുമായി ബന്ധമുള്ള മറ്റു യുവതികളോട് ചങ്ങാത്തം കൂടി അവരുടെ നീക്കങ്ങള്‍ പങ്കുവച്ചു തനിക്ക് നഷ്ടമായ ആറായിരം പൗണ്ടോളം തുകയില്‍ നല്ല പങ്കും ടോമില്‍ നിന്നും തിരിച്ചു പിടിക്കുകയും ചെയ്തു. താന്‍ ശരീരം പങ്കിട്ടതില്‍ വലിയ കുറ്റബോധം ഒന്നും ഇല്ലാത്ത അനുപമ ഇപ്പോഴും ഇയാളുമായി ഭേദപ്പെട്ട ബന്ധത്തില്‍ ആണെന്നും സൂചനയുണ്ട്.

മഞ്ജു പോരാട്ടം തുടങ്ങിയത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി, നഴ്സിംഗ് സംഘടനയുടെയും സഹായം

ടോം മുഖ്യമായും മലയാളി യുവതികളെയാണ് വലയില്‍ വീഴ്ത്തുന്നത് എന്നറിഞ്ഞ മഞ്ജു യാദവ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പേരും ഫോട്ടോയും സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയത് ഒന്നര മാസം മുന്‍പാണ്. എന്നിട്ടും ഇയാള്‍ ചതിയുമായി രംഗത്തുണ്ട് എന്ന് മനസിലാക്കിയാണ് ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള മലയാളി നഴ്സിംഗ് സംഘടനയെ മഞ്ജു സമീപിക്കുന്നത്.

കാരണം മികച്ച വരുമാനമുള്ള നഴ്സുമാരാണ് ഇയാളുടെ ഇരകളാകാന്‍ കൂടുതല്‍ ചാന്‍സ് ഉള്ളത് എന്നതിനാലാണ് മഞ്ജു മലയാളി സംഘടനാ വഴി ഇയാളെ തുറന്നു കാട്ടാന്‍ ശ്രമിച്ചത്. മഞ്ജുവിന്റെ പോരാട്ടത്തില്‍ പൂര്‍ണ സഹായമാണ് സംഘടനാ ഭാരവാഹികള്‍ ഉറപ്പു നല്‍കിയിയിരിക്കുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം ഒട്ടേറെ കഥകള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പൊതുവെ ആരും ഇതൊന്നും അത്ര ഗൗരവത്തില്‍ എടുക്കില്ല എന്നതിനാലാണ് മാധ്യമ വാര്‍ത്ത വഴി ഇയാളെ തുറന്നു കാട്ടണം എന്ന് മഞ്ജു നിശ്ചയിച്ചത്.

ടോം കൈക്കലാക്കിയ പണം പോയത് ധൂര്‍ത്തിനും വിസ കച്ചവട ലോബിക്കും

കാര്യമായ ജോലിയും വരുമാനവും ഇല്ലാത്ത ഇയാള്‍ വലിയ ബിസിനസ് ഉണ്ടെന്നും റിക്രൂട്‌മെന്റ് അടക്കം കോടികള്‍ സമ്പാദിക്കുന്നു എന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് യുവതികളുടെ മനസ് പിടിച്ചെടുക്കുന്നത്. ഒരു ജാഗ്വര്‍ പ്രീമിയം കാറും മറ്റൊരു കാറും ഒക്കെ സ്വന്തമാണ് എന്ന് പറയുന്ന ഇയാള്‍ വീടിന്റെ വാടക കൊടുക്കാത്തതിനും കുപ്രസിദ്ധന്‍ ആണത്രേ. വീട്ടില്‍ പല സ്ത്രീകളുമായി എത്തുന്ന ഇയാള്‍ എങ്ങനെയോ കൗമാരക്കാരായ കുട്ടികളെ കൊണ്ട് ഈ സ്ത്രീകളെ വിളിപ്പിക്കുന്നതു മമ്മാ എന്നാണെന്നും മഞ്ജു വെളിപ്പെടുത്തുന്നു. വിവാഹ മോചിതയും ഒരു കുട്ടിയുമുള്ള തന്നെയും ടോമിന്റെ കുട്ടികള്‍ മമ്മാ എന്നാണ് വിളിച്ചിരുന്നത്. ഒരു പക്ഷെ സ്ത്രീകളുടെ വിശ്വാസം ഉറപ്പിച്ചെടുക്കാന്‍ വേണ്ടിയാകും ഇങ്ങനെ ചെയ്യുന്നത് എന്നും മഞ്ജു കരുതുന്നു.




മനം മയക്കും വിധം സംസാരിച്ചു വിഡിയോ കോളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ടോം ഒരു കാരണവശാലും കുപിതനാകാതെ സ്ത്രീകളെ കൈകാര്യം ചെയ്യാനും മിടുക്കനാണ്. ഇയാളാകട്ടെ പൊതു രംഗത്ത് ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാതെ സേഫ് ഗെയിം കളിക്കുന്നതിലും വിരുതനാണ്. ഇയാളുടെ കൈവശമുള്ള രണ്ടു ഫോണ്‍ നമ്പറുകളും ഇയാളുടെ ഇടനിലക്കാരനായ ജെയ്‌സണ്‍ എന്ന വ്യക്തിയുടെ ഫോട്ടോയും സഹിതം ബ്രിട്ടീഷ് മലയാളി സൗത്ത് ക്രോയ്‌ഡോണ്‍ മലയാളികള്‍ക്കിടയില്‍ അന്വേഷണം നടത്തിയെങ്കിലും ആര്‍ക്കും ഇയാളെ കാര്യമായി പരിചയമില്ല. എന്നാല്‍ പ്രദേശത്തെ മലയാളി - ഏഷ്യന്‍ കടകളില്‍ ഇയാളെ കാണാറുണ്ട് എന്ന് ചിലര്‍ വെളിപ്പെടുത്തിയതിലൂടെ ടോം ഇപ്പോഴും സൗത്ത് ക്രോയിഡോണില്‍ തന്നെ വലവിരിച്ചിരിക്കുക ആണെന്ന് വ്യക്തം.

ടോം സ്ത്രീകളില്‍ നിന്നും കബളിപ്പിച്ച പണത്തില്‍ നല്ലപങ്കും ധൂര്‍ത്തിനും അയാളുടെ കുടുംബ ചിലവിനും വക മാറ്റിയപ്പോള്‍ മഞ്ജുവില്‍ നിന്നും പല ഘട്ടങ്ങളിലായി അടിച്ചു മാറ്റിയ 11,000 പൗണ്ടും ഇതേ വിധത്തില്‍ നശിപ്പിക്കുക ആയിരുന്നു ടോം. എന്നാല്‍ 2024 ജനുവരി അവസാന വാരത്തില്‍ മഞ്ജുവിനെ കൊണ്ട് ബാങ്ക് ലോണ്‍ എടുപ്പിച്ച 15,000 പൗണ്ട് ഇയാള്‍ വിസ കച്ചവടത്തില്‍ കൈക്കലാക്കിയ തുക ജിബി എന്ന യുവാവ് പോലീസില്‍ പരാതിപ്പെടും എന്ന ഘട്ടത്തില്‍ മടക്കി നല്‍കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. ഈ ഘട്ടത്തില്‍ മഞ്ജുവിനെ വിവാഹം ചെയ്യാന്‍ എല്ലാ ഒരുക്കങ്ങളും നടത്തി എന്ന നാടകം കളിച്ച ടോമിനോട് താന്‍ എന്തിനു ലോണ്‍ എടുത്തു പണം നല്‍കണം ആ ലോണ്‍ അയാള്‍ക്ക് എടുത്തുകൂടെ എന്നും മഞ്ജു ചോദിച്ചിരുന്നു.

എന്നാല്‍ അപ്പോള്‍ തനിക്ക് ലോണ്‍ ലഭിക്കില്ല എന്ന് പറഞ്ഞ ടോം ഈ പണം ഇപ്പോള്‍ നല്‍കിയില്ലെങ്കില്‍ നമ്മുടെ വിവാഹ സ്വപ്നം അവതാളത്തില്‍ ആകും എന്ന് പറഞ്ഞാണ് മഞ്ജുവിനെ പാട്ടിലാക്കിയത്. ടോമിന്റെ നാട്യങ്ങള്‍ മനസിലാക്കാതെ പോയ മഞ്ജു പിതാവ് മരിച്ച ശേഷം ഉണ്ടായ വിവാഹ മോചനം വഴി ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയില്‍ അമ്മയുടെ നിര്‍ബന്ധ പ്രകാരമാണ് ഡേറ്റിംഗ് ആപ് വഴി ഒരു വിവാഹത്തിലേക്ക് എത്താന്‍ തീരുമാനിച്ചത്.

അങ്ങനെ കണ്ടെത്തിയ ടോം പെരുമാറ്റത്തില്‍ ഏറെ സൗമ്യന്‍ ആയിരുന്നതിനാല്‍ തന്റെ വിവാഹ സ്വപ്നം അയാളില്‍ കൂടി ആയിരിക്കും എന്ന് ഉറപ്പിച്ചാണ് സാമ്പത്തിക ചൂഷണം ആണെന്ന് തിരിച്ചറിയാതെ ചോദിച്ച പണം മുഴുവന്‍ നല്‍കിയത്. വിസ കച്ചവടത്തില്‍ ഇടനിലക്കാരന്‍ ആയിരുന്ന ടോം പതിനായിരക്കണക്കിന് പൗണ്ട് സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. 2024 ജനുവരിയില്‍ ജിബി എന്ന യുവാവിന്റെ കഥ വിസ കച്ചവടത്തിലെ ചതിക്കുഴികള്‍ വെളിപ്പെടുത്തുന്ന വ്‌ലോഗര്‍മാര്‍ വീഡിയോ വഴി പുറത്തു വിട്ടപ്പോഴാണ് തനിക്ക് പിന്നാലെ ആരൊക്കെയോ ഉണ്ടെന്നു ടോം മഞ്ജുവിനെ ധരിപ്പിക്കുന്നത്. തൊട്ടു പിന്നാലെ ജിബി പണം ആവശ്യപ്പെട്ട് എത്തുക ആയിരുന്നു. ഈ പണം മടക്കി നല്‍കിയില്ലെങ്കില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ തകരും എന്ന ടോമിന്റെ നിലപാടില്‍ മുന്‍പിന്‍ ആലോചിക്കാതെയാണ് മഞ്ജു വലിയ തുക കൂടിയ പലിശക്ക് ലോണ്‍ എടുത്തു നല്‍കിയത്.