കോഴിക്കോട്: വാട്സ്ആപ് സന്ദേശം വഴി കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ രാജസ്ഥാൻ സ്തദേശികൾ പോലീസ് പിടിയിൽ. മുഖ്യ പ്രതിയായ സുനിൽ ദംഗിയെയും (48) കൂട്ടുപ്രതിയായ ശീതൾ കുമാർ മേഹ്ത്തയെയും (28) ബഡി സാദരിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

'കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു. ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണ്. സഹായിക്കണം...' എന്നാണ് കോഴിക്കോട് സ്വദേശിക്ക് വാട്സ്ആപ് വഴി ലഭിച്ച സന്ദേശം. പിന്നീട് കദന കഥകൾ വിവരിക്കുന്ന ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും വന്നു. ഇതെല്ലാം കണ്ടതോടെ സന്ദേശമായി വന്ന കാര്യങ്ങൾ സത്യമാണെന്ന് കരുതി പരാതിക്കാരൻ സഹായിക്കാൻ തയ്യാറായി. എന്നാൽ വലിയ തട്ടിപ്പിലാണ് ചെന്നു പെട്ടതെന്ന് അപ്പോൾ അറിയില്ലായിരുന്നു.

ഈ പണം പിന്നീട് തിരികെ ആവശ്യപ്പെട്ടപ്പോൾ മുതലാണ് ശരിക്കും പ്രശ്നങ്ങൾ വഷളാകുന്നത്. കുടുംബസ്വത്ത് വിൽപ്പന നടത്താൻ പോകുന്നുവെന്നും അത് കിട്ടുമ്പോ കാശ് തിരികെ നൽകാമെന്നും മറുപടി വന്നു. എന്നാൽ പിന്നാലെ കുരഛ്‌ബ് ദിവസങ്ങൾക്ക് ശേഷം മറ്റൊരു സന്ദേശമെത്തി. സ്വത്ത് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടിൽ സാമുദായിക കലാപമുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും അതിന്റെ പേരിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ സംഭവിച്ചെന്നുമായിരുന്നു അത്.

എന്നാൽ ശരിക്കുള്ള പുലിവാൽ പരാതിക്കാരനായ കോഴിക്കോട് സ്വദേശിയെ തേടിയെത്തിയത് പ്രതിയുടെ പിന്നെ വന്ന സന്ദേശങ്ങളിലൂടെ ആയിരുന്നു. തന്റെ സഹോദരി ആത്മഹത്യ ചെയ്തുവെന്നും പണം കൊടുത്ത കോഴിക്കോട് സ്വദേശിയുടെ പേര് ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്നും പ്രതി അറിയിച്ചു. ഇത് വിശ്വസിപ്പിക്കാനായി ഒരു ആത്മഹത്യക്കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. കൊലക്കുറ്റത്തിന് കേസിൽ പ്രതിയാകുമെന്നും നാട്ടിൽ നിന്ന് ആളുകൾ വന്നു കോഴിക്കോട് സ്വദേശിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിയായി. ഇതോടെ പരാതിക്കാരനും കുടുംബവും ഭീതിയിലായി.

എന്നാൽ തട്ടിപ്പ് അവിടെയും അവസാനിച്ചിരുന്നില്ല, ശേഷം പ്രതി പരാതിക്കാരനുമായി ബന്ധപ്പെടുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ആയിരുന്നു. കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ പല തവണയായി 4,08,80,457 രൂപ തന്ത്രപരമായി ഇയാൾ തട്ടിയെടുത്തു.

പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെട്ടത് സുനിൽ ദംഗി എന്നയാളാണെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

കോഴിക്കോട് പോലീസ് നിയോഗിച്ച പ്രേത്യക അന്വേഷണ സംഘത്തിനായിരുന്നു കേസ് അന്വേഷണത്തിന്റെ ചുമതല. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഗെയ്മിംഗ് സൈറ്റുകളിലും ചെലവഴിക്കുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

കൂട്ടുപ്രതിയായ ബഡി സാദരിയിലെ ശീതൾ കുമാർ മേഹ്ത്തയുടെയും, കൂടാതെ പല ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചുമാണ് പണം തട്ടിയെടുത്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു.

തുടർന്നായിരുന്നു പൊലീസിന്റെ നിർണായക നീക്കം. മുഖ്യ പ്രതിയായ സുനിൽ ദംഗിയെയും (48) കൂട്ടുപ്രതിയായ ശീതൾ കുമാർ മേഹ്ത്തയെയും (28) ബഡി സാദരിയിൽ വെച്ച് സാഹസികമായി കേരള പോലീസ് പിടികൂടി.

കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അങ്കിത് സിംഗിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ ആർ, എ.എസ്.ഐ.മാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്‌ ചാലിക്കര, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ നൌഫൽ കെ എം, ഫെബിൻ കെ ആർ എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.