മുതലമട: എല്‍.കെ.ജി. മുതല്‍ ഒന്നിച്ചു പഠിച്ചു വളര്‍ന്ന കളിക്കൂട്ടുകാരികള്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോഴും ഒരുമിച്ച് തന്നെ. നാലാം വയസ്സു മുതല്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചില്‍ ഒരുമിച്ച് ഇരുന്ന് പഠിച്ച് തുടങ്ങിയ കളിക്കൂട്ട് ബന്ധത്തെയാണ് ജോലിക്കാരായപ്പോഴും ഒരുമിച്ച് ആക്കിയത്. മുതലമട കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായെത്തിയ ആലപ്പുഴ കൈനകരി കുട്ടമംഗലം ശ്രീഭവനില്‍ എം. അമീഷയും പുത്തന്‍കളത്തില്‍ വര്‍ഷാ പ്രദീപുമാണ് ഇണപിരിയാത്ത സുഹൃത്തുക്കളായത്. അന്നുമുതല്‍ ഒരുമിച്ചായിരുന്ന ഇരുവര്‍ക്കും ജോലി കിട്ടിയതും ഒരേ സ്ഥാപനത്തില്‍ ഒരേ തസ്തികയില്‍.

പമ്പയാറിന്റെ തീരത്താണ് അമീഷയുടെയും വര്‍ഷയുടെയും വീടുകള്‍. എല്‍.കെ.ജി.മുതല്‍ പത്താം തരം വരെ കൈനകരി ഹോളി ഫാമിലി ഗേള്‍സ് ഹൈസ്‌കൂളില്‍ 'എ' ഡിവിഷനില്‍ ഒരേ ബെഞ്ചിലിരുന്നാണ് ഇരുവരും പഠിച്ചത്. അന്നേ ഇരുവരും ഉറ്റ ചങ്ങാതിമാര്‍. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഇരുവര്‍ക്കും 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക്. പ്ലസ്ടുവിന് അമീഷയ്ക്ക് ആലപ്പുഴ എസ്.ഡി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വര്‍ഷയ്ക്ക് കുട്ടമംഗലം എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് അഡ്മിഷന്‍ കിട്ടിയത്.

സ്‌കൂള്‍ മാറിയതിന്റെ വിഷമം തീര്‍ക്കാന്‍ എല്ലാ ശനിയും ഞായറും ഇരുവരും ഏതെങ്കിലും ഒരാളുടെ വീട്ടില്‍ ഒത്തുകൂടി. പ്ലസ് ടുവിന് ഇരുവര്‍ക്കും 85 ശതമാനത്തിനടുത്ത് മാര്‍ക്ക്. അങ്ങനെ ഇരുവരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കാന്‍ അമ്പലപ്പുഴ കരൂര്‍ എ.ഇ.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സില്‍ എത്തി. 2018 ഇരുവരും ഫസ്റ്റ് ക്ലാസോടെ ഇവിടെ നിന്നും പാസ്സായി. ഈസമയത്താണ് പാലക്കാട് ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കോവിഡ് ഭീതി തുടങ്ങിയ കാലത്ത് 2020 ജനുവരി 12-നായിരുന്നു പരീക്ഷ. ഫലം വന്നപ്പോള്‍ വര്‍ഷയ്ക്ക് റാങ്ക് 28, അമീഷയ്ക്ക് 33.

നിയമന ഉത്തരവ് വന്നപ്പോള്‍ ആഗ്രഹം പോലെ ഇരുവര്‍ക്കും കിട്ടിയത് മുതലമട കുടുംബാരോഗ്യകേന്ദ്രം. അമീഷ 2024 മേയ് 22-നും വര്‍ഷ മേയ് 29-നും ജോലിയില്‍ പ്രവേശിച്ചു. സ്രാമ്പിചള്ളയിലെ വാടക വീട്ടിലാണ് ഇരുവരും താമസം. ഭക്ഷ്യസുരക്ഷാവകുപ്പില്‍ ജോലിചെയ്തിരുന്ന വര്‍ഷയുടെ അച്ഛന്‍ പ്രദീപാണ് ഇരുവരേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

അമീഷയുടെ അമ്മ മോഹിനിയും വര്‍ഷയുടെ അമ്മ ശ്രീകലയും ഇടയ്ക്ക് കൂട്ടിനു വന്നു താമസിക്കും. അമീഷയുടെ അച്ഛന്‍ പുഷ്പരാജ് സഹകരണ വകുപ്പില്‍ അസി. രജിസ്ട്രാറായി വിരമിച്ചു. സഹോദരന്‍ അജയ് എന്‍ജിനിയറാണ്. വര്‍ഷയുടെ സഹോദരി മേഘ പ്രദീപ് കരസേനാംഗവും തുഴച്ചില്‍ ദേശീയതാരവുമാണ്.