ഡൽഹി: ഡൽഹിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള രണ്ട് ചങ്ങാതിമാർ കൊല്ലപ്പെട്ടത് വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഹസൻപൂരിൽ നിന്നുള്ള 52 വയസ്സുകാരനായ വളം വ്യാപാരി ലോകേഷ് അഗർവാളും മംഗ്രോള ഗ്രാമത്തിൽ നിന്നുള്ള 34 വയസ്സുകാരനായ ഡിടിസി ബസ് കണ്ടക്ടർ അശോക് ഗുജ്ജറുമാണ് മരണപ്പെട്ടത്. ലാൽ ഖില മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തിലാണ് ഇരുവരും തൽക്ഷണം കൊല്ലപ്പെട്ടത്.

അസുഖബാധിതനായ ഒരു ബന്ധുവിനെ സന്ദർശിക്കാനാണ് ലോകേഷ് ഡൽഹിയിലെത്തിയത്. ഇരുവരും ലാൽ ഖില മെട്രോ സ്റ്റേഷന് സമീപം വെച്ച് കാണാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് സ്ഫോടനം നടന്നത്. ടെലിവിഷൻ വാർത്തകളിലൂടെയാണ് കുടുംബങ്ങൾ ദുരന്തവാർത്ത ആദ്യമറിഞ്ഞത്.

അശോകിന്റെ മരണവാർത്ത മംഗ്രോള ഗ്രാമത്തിൽ വലിയ ദുഃഖം പടർത്തി. തിങ്കളാഴ്ച രാത്രി അംറോഹ പോലീസ് ഉദ്യോഗസ്ഥർ അശോകിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ഡിടിസി) കണ്ടക്ടറായിരുന്ന അശോക്, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ പട്ടികയിൽ അശോകിന്റെ പേരുണ്ടെന്ന് കണ്ടപ്പോൾ ബന്ധുവായ പപ്പുവിന് ഞെട്ടൽ തോന്നി. അശോക് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പപ്പു പലരെയും വിളിച്ചു. അശോകിന്റെ ബൈക്ക് കാണാനില്ലെന്നും പോലീസ് അറിയിച്ചതായി പപ്പു പറഞ്ഞു. ലോകേഷ് കുമാർ ഗുപ്തയെ ചന്ദ്‌നി ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ അശോകിനെ ഏൽപ്പിച്ചിരുന്നുവെന്നും പപ്പു വെളിപ്പെടുത്തി. താനും ലോകേഷും വൈകുന്നേരം ഒരുമിച്ച് സർ ഗംഗാ റാം ആശുപത്രിയിൽ നിന്ന് പുറപ്പെട്ടതാണെന്നും, ലോകേഷ് ചന്ദ്‌നി ചൗക്കിലേക്ക് മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നെന്നും പപ്പു കൂട്ടിച്ചേർത്തു.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ജഗത്പൂരിലാണ് അശോക് ഭാര്യയും മൂന്ന് പെൺമക്കളും ഒരു മകനും അടങ്ങുന്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അവന്റെ അമ്മ സോംവതിയും മകന്റെ മരണവാർത്തയിൽ അതീവ ദുഃഖിതയാണ്.

അതേസമയം, ഭീകരാക്രമണങ്ങളുടെ വര്‍ദ്ധനവ് രാജ്യം അതീവ ഗൗരവത്തോടെ കാണുമ്പോള്‍, ഇന്ത്യന്‍ സൈന്യത്തിന്റെ കലാപ വിരുദ്ധ വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനെ കൂടുതല്‍ ശ്കമാക്കും. ഭാവിയില്‍ പ്രകടമാകാന്‍ സാധ്യതയുമുള്ള വെല്ലുവിളികളെ നേരിടുന്നതിനായി, രാഷ്ട്രീയ റൈഫിള്‍സ് ചടുലമായ നീക്കവും സാങ്കേതികവിദ്യയും പ്രാപ്തമാക്കിയ സേനയായി മാറേണ്ടതുണ്ട്. സൈന്യത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ആധുനിക യുദ്ധതന്ത്രങ്ങള്‍ക്കനുസരിച്ച് സേനയെ സജ്ജമാക്കുന്നതിനും ഇതു അനിവാര്യതയാണ്.

പരമ്പരാഗത സേനാവിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്നതാണ് രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രവര്‍ത്തനശൈലി. ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പൊടുന്നനെ തിരച്ചില്‍ നടത്തുന്നതും ഭീകരവിരുദ്ധ ദൗത്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയുമൊക്കെ ഇതില്‍ പെടും. രാജ്യത്തുടനീളം ഈ സേനയുടെ അനിവാര്യതയാണ് ഡല്‍ഹി സ്‌ഫോടനം വരച്ചു കാട്ടുന്നതും.

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സേനാവിഭാഗമാണു രാഷ്ട്രീയ റൈഫിള്‍സ്. ആര്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രത്യേകസേന ഭീകരരുടെ പേടിസ്വപ്നമാണ്.1990ല്‍ ആണ് ഈ സേന രൂപീകരിക്കപ്പെട്ടത്, ജമ്മു കശ്മീരിലാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം. തുടക്കത്തില്‍ കശ്മീര്‍ താഴ്വരയില്‍ വിഘടനവാദം ശക്തിപ്രാപിച്ച് ഭീകരസംഘങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയ റൈഫിള്‍സ് രൂപീകരിക്കപ്പെട്ടത്.

അതു വലിയ വിജയമായി മാറി. ജനറല്‍ എസ്.എഫ്. റോഡ്രിഗസിനു കീഴില്‍ 6 ബറ്റാലിയനുകളായായിരുന്നു തുടക്കം. പിന്നീട് ഇത് 36 ബറ്റാലിയനുകളായി. ഇന്ന് 65 ബറ്റാലിയനുകളിലായി 65000 സേനാംഗങ്ങള്‍ അടങ്ങിയതാണു രാഷ്ട്രീയ റൈഫിള്‍സ്. ഇന്റലിജന്‍സ് ശേഖരണം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ആര്‍ആറിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. അശോകചക്ര, കീര്‍ത്തിചക്ര ഉള്‍പ്പെടെ അനേകമനേകം മെഡലുകള്‍ കരസ്ഥമാക്കിയ ഈ സേന, ലോകത്തെ തന്നെ ഏറ്റവും മികച്ച ഭീകരവിരുദ്ധ സേനകളിലൊന്നായാണു വിലയിരുത്തപ്പെടുന്നത്.