- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരം
പത്തനംതിട്ട: കാസർകോഡ് നിന്ന് ട്രെയിൻ കയറി ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലെത്തുക. പിറ്റേന്ന് അവിടെ നിന്ന് കെട്ടുമുറുക്കി കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുക. കൊടുംതണുപ്പ് പ്രതിരോധിക്കാനുള്ള മാർഗം പോലുമില്ലാതെ നടന്ന് അലയുമ്പോൾ രക്ഷകനായി ഒരു മലയാളി തന്നെ എത്തി. ഒടുക്കം കാൽനടയായി പമ്പയിലെത്തുമ്പോൾ വഴിയിൽ സഹായിച്ച മലയാളി അവരെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
കാസർകോഡ് മാഥുർ രാംദാസ് നഗർ കൂട്ലു സ്വദേശികളായ നളിനാക്ഷന്റെയും, പ്രഭാകര മണിയാനിയുടെയും ശബരീശ ദർശന യാത്രയാണ് സംഭവ ബഹുലമായത്. നഗ്ന പാദരായി അവർ സഞ്ചരിച്ചത് 3976 കിലോ മീറ്റർ. കാൽനട യാത്ര ശബരിമലയിലെത്തിയത് 101-ാം ദിനമാണ്. നവംബർ 30 നാണ് ഇരുവരും കാസർകോഡ് നിന്ന് ട്രെയിൻ മാർഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബർ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. അവിടെ നിന്ന് അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. യാത്രക്കിടയിൽ ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയാറാക്കി നല്കിയാണ് യാത്രയാക്കിയത്. എന്നാൽ യാത്ര സുഗമമാക്കിയത് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം നവായിയിൽ താമസമുള്ള ചെറുകോൽ വാഴക്കുന്നം സ്വദേശി സദാശിവൻ നായരാണ്. ഇദ്ദേഹം അയ്യപ്പന്മാരെ പരിചയപ്പെട്ടു.
സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഉച്ചഭക്ഷണവും ലുധിയാന ക്ഷേത്ര സമിതിയുടെ ഇംഗ്ലീഷിലുള്ള കത്തിന്റെ ഹിന്ദി പരിഭാഷയും തയാറാക്കി യാത്രയാക്കി. ശക്തമായ തണുപ്പിൽ യാത്ര ചെയ്ത ഇരുവർക്കും സ്വെറ്ററും ഭക്ഷണ സാധനങ്ങളും വാങ്ങി നൽകിയാണു യാത്രയാക്കിയത്. മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കു വേണ്ട സൗകര്യങ്ങൾ നൽകുന്നതിനുള്ള ക്രമീകരണവും അദ്ദേഹം ഒരുക്കി. പിന്നീടങ്ങോട്ട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് റോഡ് മാപ്പിങും ഭക്ഷണ വിശ്രമ സൗകര്യങ്ങളാരുക്കിയും സദാശിവൻ നായർ ചെയ്ത സേവനം അയ്യപ്പ കാരുണ്യമായാണ് കരുതുന്നതെന്ന് സ്വാമിമാർ പറഞ്ഞു.
എട്ടു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണു പമ്പയിൽ എത്തിയത്. രാജസ്ഥാനിൽ 32 കിലോമീറ്റർ ഒരു ദിവസം മുഴുവൻ കൊടുംവനത്തിലൂടെ ആയിരുന്നു യാത്ര. ഇരുവരും പമ്പയിലെത്തിയപ്പോൾ സദാശിവൻ നായരും എത്തിയിരുന്നു. കാശ്മീർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ താണ്ടിയാണ് ഇവർ ശബരിമലയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും സ്കൂളുകളിലും വിശ്രമിച്ച ഇവർക്ക് ചില സ്ഥലങ്ങളിൽ കടകളുടെ വരാന്തകളും ബസ് സ്റ്റാൻഡുകളും അഭയ കേന്ദ്രമായി. ജാതി മത ഭേദമന്യെ ജനങ്ങൾ ഭക്ഷണവും വിശ്രമ കേന്ദ്രവുമൊരുക്കി നല്കി. മാർച്ച് ഏഴിന് കാസർകോട് കുത്ത്യാള ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവരും ഇവിടെ വിരി വച്ച് മാർച്ച് 25 നാണ് വീണ്ടും യാത്ര പുറപ്പെട്ടത്. 101 ദിവസം കാൽനടയാത്ര ചെയ്ത് കഴിഞ്ഞ ദിവസം പമ്പയിലെത്തി.
പിന്നീട് മല കയറി പതിനെട്ടാം പടി ചവിട്ടി അയ്യനെ ദർശിച്ച് വഴിപാടുകൾ നടത്തിയ നളിനാക്ഷനും പ്രഭാകര മണിയാനിയും ആത്മ നിർവൃതിയോടെ സ്വദേശത്തേക്ക് മടങ്ങി. നളിനാക്ഷൻ (50) പത്ത് വർഷമായി സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. പ്രഭാകര മണിയാനി (40) ചെങ്കല്ല് പണി ചെയ്യുന്ന മേസ്തിരിയാണ്. 23 വർഷം ശബരിമല ദർശനം നടത്തിയിട്ടുള്ള നളിനാക്ഷൻ മൂന്ന് തവണ കാസർകോട്ടു നിന്നും കാൽനടയായെത്തിയാണ് ദർശനം നടത്തിയിട്ടുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്