ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസംഗത്തില്‍ ഉറച്ചുനിന്ന് മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. പറഞ്ഞതില്‍ മാറ്റമൊന്നുമില്ല. തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ വിവരങ്ങള്‍ അന്വേഷിക്കാനാണ് വന്നത്. അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ കളക്ടര്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനെതിരെ കേസെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ സുധാകരന്റെ വെളിപ്പെടുത്തല്‍ സിപിഎം ജില്ലാ സെക്രട്ടറി നാസര്‍ തള്ളിയിട്ടുണ്ട്. തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തി. സര്‍വീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുത്. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല'- എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാല്‍ ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി. സംഭവം വിവാദമായതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. പിന്നാലെ ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഗുരുതര കുറ്റമാണ് സുധാകരന്റെ വെളിപ്പെടുത്തലെന്ന നിഗമനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന സിപിഎം നേതാവ് ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. സുധാകരനെതിരെ നിയമ നടപടികള്‍ എടുക്കും. പോലീസിന് എഫ് ഐ ആര്‍ ഇടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുധാകരന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള സാഹചര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കേരളത്തിലെ മഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര കമ്മീഷന്‍ തീരുമാനിച്ചു. ഇക്കാര്യം കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നുവെന്നും വിശദീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകളില്‍ സുധാകരനെതിരെ കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാല്‍ സുധാകരനെ അറസ്റ്റു ചെയ്ത് ജയിലിലേക്ക് അയയ്‌ക്കേണ്ട സാഹചര്യവും വരും.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നു. 1989-ലെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കുവാനും വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍നടപടികള്‍ കമീഷനുമായി ചേര്‍ന്ന് ആലോചിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 36 വര്‍ഷം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന ജി.സുധാകരന്റെ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുകയാണ്. നിയമ വശങ്ങള്‍ കണക്കിലെടുത്താവും തുടര്‍നടപടികള്‍. കമീഷന്റെ തീരുമാനം വന്നശേഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ജി.സുധാകരന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിലയിരുത്തല്‍.