ആലപ്പുഴ: പി.കൃഷ്ണപിള്ള അനുസ്മരണ പരിപാടികളില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് വലിയ ചുടുകാട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ചു. എളമരം കരീമായിരുന്നു ഇത്തവണ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടകന്‍. വിഎസിന് അസുഖം വന്നശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നെ വിളിച്ചില്ല. ബോധപൂര്‍വ്വമാണോ വിളിക്കാതിരുന്നത് എന്നറിയില്ല. കഴിഞ്ഞ വര്‍ഷം വരെ ഞാനുണ്ടായിരുന്നു. വി.എസിന് വയ്യാതിരുന്നതിന് ശേഷം കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായ ശേഷവും ജില്ലാ കമ്മിറ്റി എന്നെ കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്' ജി.സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവ് താനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വരെ ഉദ്ഘാടനകനായിരുന്നു തന്നെ ഇത്തവണ വിളിക്കാതിരുന്നതിന് പിന്നിലെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു വര്‍ഷത്തിനിടയില്‍ വിളിക്കാതിരിക്കാന്‍ കാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സമീപ കാലത്ത് സര്‍ക്കാരിനെതിരെ ജി.സുധാകരന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങളും മറ്റുമാണ് അദ്ദേഹത്തെ പാര്‍ട്ടി പരിപാടിയില്‍നിന്ന് അകറ്റിനിര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന.

സിപിഎമ്മും സിപിഐയും സംയുക്തമായാണ് ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സുധാകരന്റെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു. മുഖ്യ പ്രസംഗകനോ ഉദ്ഘാടകനോ ആയാണ് സുധാകരന്‍ പങ്കടുത്തിരുന്നത്. ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആയിരുന്നു ഉദ്ഘാടകന്‍. മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം ഇരുപാര്‍ട്ടികളുടെയും നേതാക്കളും പങ്കെടുത്തു. ഔദ്യോഗിക അനുസ്മരണ പരിപാടികള്‍ കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോഴായിരുന്നു ജി. സുധാകരന്‍ ഒറ്റയ്ക്ക് ഓട്ടോറിക്ഷയിലെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ചു.

അതേസമയം, സുധാകരനെ അനുസ്മരണത്തില്‍ നിന്നൊഴിവാക്കിയതില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് പി.കൃഷ്ണപിള്ള ദിനം. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ദിനാചരണത്തില്‍ പ്രസംഗിക്കാറുള്ളതെന്നാണ് വിശദീകരണം.