തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് താനുമായി യാതൊരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍. തന്റെ കുടുംബ പ്രശ്‌നത്തില്‍ അദ്ദേഹത്തിന് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നുവെന്ന് ഗണേശ് കുമാര്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് കാണിച്ചത് താനല്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് ഗണേശ് കുമാറാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഗണേശ് കുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

'ഉമ്മന്‍ചാണ്ടിയുമായി മരിക്കും വരെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. എന്റെ കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഈ പ്രചാരണമുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടിയോട് നീതികേട് കാണിച്ചത് ഞാനാണോ? അദ്ദേഹം ജീവിച്ചിരിക്കെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പ്രതിപക്ഷ നേതാവാക്കിയത് ഞാനാണോ'- മന്ത്രി ചോദിച്ചു.

തന്റെ പിതാവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗണേശ് കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഒരു പരിപാടിയില്‍ പറഞ്ഞത്. തന്നെ സ്‌നേഹിച്ചത് പോലെയാണ് ഗണേശ് കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചതെന്നും ഗണേശ് കുമാറിന്റെ അമ്മയെ താന്‍ ആന്റി എന്നാണ് വിളിച്ചിരുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

സോളാര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസിലാക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 18 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നെന്നാണ് ആരോപണം. അതിനിടെ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതി സോളാര്‍ കേസ് പ്രതിക്ക് കൈമാറിയത് ശരണ്യ മനോജാമെന്ന് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.

സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേര്‍ത്തെന്ന കേസില്‍, ഗണേഷ്‌കുമാര്‍ നേരില്‍ക്കണ്ട് സഹായമഭ്യര്‍ഥിച്ചെന്നും ഫെനി മൊഴിനല്‍കി. 2015 ഏപ്രിലില്‍ എം.സി.റോഡില്‍ ഏനാത്തിനും കൊട്ടാരക്കരയ്ക്കുമിടയിലായിരുന്നു ഗണേഷ്‌കുമാറുമായുള്ള കൂടിക്കാഴ്ച. ഗണേഷിന്റെ പി.എ. പ്രദീപ്കുമാറാണ് തന്നെ വിളിച്ചുവരുത്തിയത്. മറ്റൊരു കാറിലെത്തിയ ഗണേഷ് പ്രദീപിന്റെ കാറില്‍ കയറുകയും ഫെനിയോട് സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. പ്രദീപിനെയും ശരണ്യ മനോജിനെയുമാണ് കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറയുന്നതുപോലെ ചെയ്യണമെന്നും പറഞ്ഞു. പിന്നീട് പലതവണ ഫോണില്‍ വിളിച്ചും നിര്‍ദേശങ്ങള്‍ തന്നിരുന്നു.

2015 മേയ് 12-ന് എം.സി. റോഡില്‍ കൊട്ടാരക്കര ഫെയ്ത്ത് ഹോമിനു സമീപം കാത്തുനിന്നാണ് ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജ് കാറിലെത്തിയ ഫെനിക്കും പ്രതിക്കും കത്ത് കൈമാറിയത്. നാലുപേജുള്ള കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസ് പ്രതിയെ ക്ലിഫ് ഹൗസില്‍ പീഡിപ്പിച്ചെന്നും കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവര്‍ പലസ്ഥലങ്ങളില്‍ പീഡിപ്പിച്ചെന്നും എഴുതിയിരുന്നു. എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നതെന്ന ഫെനിയുടെ ചോദ്യത്തിന് ഇവരെല്ലാം ചേര്‍ന്നാണ് ഗണേഷിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അതിന് അവര്‍ക്കിട്ട് പണികൊടുക്കണം എന്നുമായിരുന്നു മനോജിന്റെ മറുപടി. തിരുവനന്തപുരത്തെത്തിയാണ് കത്ത് പ്രതി സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതിയത്.

2013 ജൂലായ് 19-ന് തയ്യാറാക്കി ജൂലായ് 27-ന് പത്തനംതിട്ട ജയിലില്‍ ഫെനിക്ക് പ്രതി കൈമാറിയ കത്തിന് 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴിനല്‍കി. സോളാര്‍ പ്രതി ജയിലില്‍നിന്നെഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തെന്നാരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് നല്‍കിയ കേസിലാണ് വിചാരണ നടക്കുന്നത്. സോളാര്‍ പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ഒന്നും രണ്ടു പ്രതികളാണ്. കേസില്‍ വിചാരണ തിരഞ്ഞെടുപ്പു കഴിയുംവരെ മാറ്റിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി മാര്‍ച്ച് പതിനൊന്നിലേക്കു മാറ്റി.