- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി-കമ്മിഷണര്‍ പോര് മോട്ടോര്‍ വാഹന വകുപ്പിനെ കുഴപ്പത്തിലാക്കുന്നു! സ്ഥാനക്കയറ്റവും സ്ഥലംമാറ്റത്തിലും തടസ്സം; തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു
തിരുവനന്തപുരം: മോട്ടാര്‍വാഹന വകുപ്പ് കെ ബി ഗണേഷ് കുമാര്‍ ഏറ്റെടുത്തതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അടക്കം അല്‍പ്പം പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ പ്രതീക്ഷയില്‍ കാര്യമായ മങ്ങലേറ്റിട്ടുണ്ട്. വകുപ്പിനെ ഭരിക്കുന്ന മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും തമ്മിലുള്ള ശീതസമരം എല്ലാം അവതാളത്തിലാകുകയാണ്. മന്ത്രി കെ.ബി. ഗണേഷ്കുമാറും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും തമ്മിലുള്ള ഉടക്ക് പരസ്യമായ കാര്യമാണ്. ഇത് പരിഹരിക്കാന്‍ രണ്ട് പേരും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല താനും. ഇതോടെ വെട്ടിലായിരിക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
ഇരുവരും തമ്മിലുള്ള ശീതസമരം കരാണം സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമെല്ലാം പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും തടസ്സപ്പെട്ടിട്ട് രണ്ടുവര്‍ഷത്തിലേറെയായി. നാല് ആര്.ടി.ഒ.മാരുടെയും 14 ജോയിന്റ് ആര്.ടി.ഒ.മാരുടെയും 74 അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
മേല്‍ത്തട്ടിലെ തര്‍ക്കത്തിനിടയില്‍ വകുപ്പുതല അച്ചടക്കനടപടികളും അട്ടിമറിക്കപ്പെട്ടു. നികുതിവെട്ടിപ്പിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.യെ സസ്പെന്‍ഡ് ചെയ്തത് രണ്ടുമാസത്തിനുശേഷമാണ്. ടെസ്റ്റിന് ഹാജരാകാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കിയ 15 ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും തര്‍ക്കത്തില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെപേരില്‍ ഇരുവര്‍ക്കുമിടയില്‍ തുടങ്ങിയ തര്‍ക്കം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നവിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മന്ത്രിയും കമ്മിഷണറും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതിയും അനിശ്ചിതത്വത്തിലായി.
യന്ത്രങ്ങള്‍വാങ്ങി സ്വന്തംനിലയ്ക്ക് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചുനല്‍കാനായിരുന്നു ആദ്യ തീരുമാനം. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനെ നോഡല്‍ എജന്‍സിയായി നിയോഗിക്കുകയുംചെയ്തു.
യന്ത്രസാമഗ്രികള്‍ വിതരണംചെയ്യാന്‍ സന്നദ്ധരായ കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ വിളിച്ചു. ഇതിനിടെയാണ് ഇടതുമുന്നണിയിലെ ധാരണപ്രകാരം ഗതാഗതമന്ത്രിയായി കെ.ബി. ഗണേഷ്കുമാര് സ്ഥാനമേറ്റത്. മുന്‍മന്ത്രിയുടെ കാലത്തെ തീരുമാനങ്ങള്‍പലതും മാറ്റിവെച്ച കൂട്ടത്തില്‍ അതിസുരക്ഷാനമ്പര്‍പ്ലേറ്റ് പദ്ധതിയും നിര്‍ത്തിവെക്കാന്‍ ഗണേഷ്കുമാര് ആവശ്യപ്പെട്ടു. കേന്ദ്രമാനദണ്ഡപ്രകാരം കുറഞ്ഞനിരക്കില്‍ നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കുന്ന കമ്പനികള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് നല്ലതെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, രേഖാമൂലം നിര്‍ദേശം നല്‍കിയില്ല.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരംഭിച്ച നടപടികള്‍ മറ്റൊരു ഉത്തരവില്ലാതെ നിര്‍ത്തിവെക്കേണ്ടതില്ലെന്ന നിലപാട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും സ്വീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. കേന്ദ്രനിയമപ്രകാരം 2019 ഏപ്രില്‍ മുതല്‍ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ഉത്തരേന്ത്യന്‍ കമ്പനികള്‍ നോട്ടമിട്ടിട്ട് ഏറെക്കാലമായി. സംസ്ഥാനം പ്രിന്റിങ് യൂണിറ്റ് തുടങ്ങുന്നതിനെ ചില കമ്പനികള്‍ എതിര്‍ക്കുമ്പോള്‍ മറ്റുചിലര്‍ അനുകൂലിക്കുന്നുണ്ട്. അനുകൂലതീരുമാനം എടുപ്പിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കമ്പനികളുടെ ഇടനിലനിലക്കാരും സജീവമാണ്.
ധനവകുപ്പിന്റെ അനുമതിനേടാതെ തുടങ്ങിയ ഡ്രൈവിങ് ലൈസന്‍സ്, ആര്.സി. അച്ചടിയും വീണ്ടും മുടങ്ങിയിട്ടുണ്ട്. 15 വര്‍ഷത്തെ പഴക്കത്തെത്തുടര്ന്ന് പിന്‍വലിച്ച 64 വാഹനങ്ങള്‍ക്കുപകരം പുതിയവ വാങ്ങാനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. ബജറ്റില്‍ അനുവദിച്ച 26.78 കോടി രൂപ ചെലവഴിക്കാതെ വകുപ്പ് പാഴാക്കുകയും ചെയ്തു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തത്.