തിരുവനന്തപുരം: മുന്‍കാല വിവാദങ്ങളുടേതിന് സമാനമായി ഉയര്‍ന്ന വിവാദത്തില്‍ നിന്നും തലയൂരാന്‍ തന്ത്രങ്ങളുമായി മന്ത്രി ഗണേഷ് കുമാര്‍. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്‌കുമാറിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ഗണേഷ്‌കുമാര്‍ രാജിവെക്കണം എന്ന ആവശ്യം ഉയര്‍ത്തി. ഇതിനിടെയാണ ഒത്തുതീര്‍പ്പ് നീക്കം മന്ത്രിയില്‍ നിന്നും ഉണ്ടായത്.

ഗണേഷ് സംസാരിച്ചതോടെ തനിക്ക് പരാതികള്‍ ഇല്ലെന്ന് വ്യക്തമാക്കി ബിന്ദു മേനോന്‍ രംഗത്തെത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാനായി വാളകത്തെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളില്‍ നിലനിന്നിരുന്ന ആക്ഷേപങ്ങളില്‍ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്.

'മന്ത്രിയുടെ ഒരു കോള്‍ കാത്തിരുന്നു. തെറ്റ് ചെയ്താല്‍ സോറി പറയണമല്ലോ. എന്നാല്‍ അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താന്‍ 112വില്‍ വിളിച്ചത് വട്ടുള്ളതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞത്. അതിനാലാണ് വൈകാരികമായി പ്രതികരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രി വിളിച്ചു. ഞാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ഹസ്ബെന്റ് എന്റെ സിസ്റ്ററോട് സംസാരിച്ചു. തെറ്റുപറ്റിപ്പോയെന്ന് വളരെ വൈകാരികമായിട്ടാണ് പറഞ്ഞത്', ബിന്ദു മേനോന്‍ പറഞ്ഞു. നമുക്ക് തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി ബിന്ദു മേനോന്‍ പറഞ്ഞു.

ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്നങ്ങള്‍ തമ്മില്‍ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗണേഷിനെതിരെ പരാതി നല്‍കില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാള്‍ താനല്ലേയെന്നും അവര്‍ ചോദിച്ചു. ഒരു പ്രശ്നവും ഇല്ലാതെ ഫോണ്‍ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ടമായതുകൊണ്ടാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയില്‍ മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് മന്ത്രി ഇപ്പോള്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവര്‍ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു.

ബിന്ദു മേനോന് ഇന്നലെ പറഞ്ഞത്:

മന്ത്രിയെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നാണ് അവര്‍ വ്യക്തമാക്കിയത്. മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു.

ആ ഫോട്ടോകള്‍ എല്ലാം കൈയില്‍ ഉണ്ട്. ബിജെപി കൗണ്‍സിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്.

സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകള്‍ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് സഹായിയായ ശാന്തന്‍ ആണ്. പ്രദീപ് ആണ് വാതില്‍ അടച്ചത്. സഹായിയായ ശാന്തന്‍ ആണ് സ്ത്രീയെ കാറില്‍ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടില്‍ കണ്ടതിന് എല്ലാം തെളിവുകള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോന്‍ വ്യക്തമാക്കിയിരുന്നു.