- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗാവാലി പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്നല്‍; ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോകാന്‍ സാധ്യത; തിരച്ചില്‍ അവസാനിപ്പിച്ചില്ലെന്ന് സൈന്യം
ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ വിഫലമായെങ്കിലും ഗംഗാവാലി പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്നല്‍ ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും വ്യക്തമാക്കി സൈന്യം. അര്‍ജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്നാണു നിഗമനം. നാവികസേന ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു സൈന്യം പറയുന്നു. എന്നാല്‍ കനത്ത ഒഴുക്കാണു പുഴയിലുള്ളത്.
വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റര്‍ 120-യുവും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്തു തിരച്ചില്‍ നടത്തുക. അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തിരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
അതിനിടെ അര്‍ജുനെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന മെല്ലപോക്ക് നയത്തിനെതിരെ കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയില്‍ വാഹനങ്ങള്‍ തടഞ്ഞു പ്രതിഷേധിച്ചു. കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് പ്രവേശിച്ച എല്ലാ വാഹനങ്ങളെയും കൂട്ടുപുഴ അതിര്‍ത്തിയില്‍ തടഞ്ഞാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. കാണാതായ അര്‍ജുന്റെ കുടുംബത്തെ ദേശീയപാത അതോറിറ്റിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് സംരക്ഷിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
രക്ഷാപ്രവര്‍ത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അര്‍ജുനു വേണ്ടിയുള്ള നാളത്തെ തിരച്ചില്‍. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എന്‍ഡിആര്‍എഫില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.
മണ്ണിടിച്ചിലില്‍ കാണാതായ മകന് അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല പറഞ്ഞിരുന്നു. അര്ജുന് വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു.
"ടണല്‍ ദുരന്തത്തില്‍ ആളുകള്‍ പെട്ടപ്പോള്‍ നടത്തിയതുപോലെയുള്ള ഇടപെടല്‍ നടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛന് പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവര്‍ വന്നത്. വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചു തന്നു. പിന്നീട് അത് അവര്‍ തന്നെ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് യാതൊരു ബന്ധവുമുണ്ടായില്ല" അമ്മ പറഞ്ഞു.
വാഹനത്തിന്റെ മുതലാളിമാരും ഡ്രൈവര്‍മാരും അവിടെയുണ്ട്. അവരെ ഒന്നും തിരച്ചില്‍ നടക്കുന്നിടത്തേക്കു കടത്തി വിടുന്നില്ല. നമ്മള് മലയാളികള്‍ ആയതുകൊണ്ടാണ് ഇത്രയും ശ്രദ്ധ കിട്ടിയത്. എന്നാല്‍ അതൊന്നുമല്ലാത്ത വേറെ മൂന്ന് പേരെ കൂടി അവിടെ കാണാതായിട്ടുണ്ട്. അവരുടെ ആള്‍ക്കാരൊക്കെ വന്നപ്പോള്‍ അവരെ പൊലീസ് ആട്ടിയോടിക്കുകയാണുണ്ടായത്. സഹനത്തിന്റെ അങ്ങേയറ്റത്തെത്തി. ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.