ടെല്‍ അവീവ്: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസയും ഇസ്രയേലും. ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സുരക്ഷകാര്യ മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൂട്ടുകക്ഷി സര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങളുടെ അവസാന നിമിഷത്തെ ആശങ്കകളും എതിര്‍പ്പുകളും മൂലം വൈകിയ കരാര്‍ വോട്ടെടുപ്പ് ഇപ്പോള്‍ മുഴുവന്‍ കാബിനറ്റിന്റെ അന്തിമ അംഗീകാരത്തിനായി നീങ്ങുകയാണ്. ആദ്യ ബന്ദികളെയും തടവുകാരെയും മോചിപ്പിച്ച് ഞായറാഴ്ച മുതല്‍ നടപ്പാക്കല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11 അംഗ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണ് കരാറിന് അംഗീകാരം നല്‍കിയത്. ഇതേ തുടര്‍ന്ന് കരാറിന് സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. 33 അംഗ മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ ഞായാറാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പ് ലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റിനോട് പറഞ്ഞു.

കരാറിന്റെ ''എല്ലാ നയതന്ത്ര, സുരക്ഷാ, മാനുഷിക'' വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് ഈ ശുപാര്‍ശ നല്‍കിയത്. കരാര്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണയ്ക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഇസ്രായേല്‍ പിഎംഒ പറഞ്ഞു. പ്രാരംഭ ഘട്ടത്തില്‍, 42 ദിവസം നീണ്ടുനില്‍ക്കുന്ന, കുട്ടികള്‍, സ്ത്രീകള്‍, പ്രായമായ വ്യക്തികള്‍, വനിതാ സൈനികര്‍ എന്നിവരുള്‍പ്പെടെ 33 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചു. പകരമായി, ഇസ്രായേല്‍ ഫലസ്തീന്‍ തടവുകാരെ ഓരോ വനിതാ സൈനികര്‍ക്കും 50 എന്ന അനുപാതത്തിലും മറ്റ് വനിതാ ബന്ദികള്‍ക്ക് 30 എന്ന അനുപാതത്തിലും മറ്റ് വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അനുപാതത്തിലും മോചിപ്പിക്കും.

മോചിപ്പിക്കുന്ന ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ദീര്‍ഘകാലത്തേക്ക്, ബന്ദികള്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചുരുങ്ങിയത് നാലു ദിവസമെങ്കിലും ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനെതിരെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത പ്രതിഷേധം നെതന്യാഹു നേരിട്ടിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുകയാണെന്നും ഇസ്രയേല്‍ വെടിനിര്‍ത്തലിന് അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ വിടുമെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണി മുഴക്കിയിരുന്നു. കരാറിനെ അനുകൂലിക്കരുതെന്ന് മന്ത്രിസഭായോഗത്തിനു മുന്‍പായി ഗ്വിര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണു യുദ്ധത്തിനു തുടക്കമായത്. 46,000ലേറെ പലസ്തീന്‍ പൗരന്മാരുടെ ജീവനെടുത്തുള്ള ആക്രമണത്തിലൂടെയായിരുന്നു ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഗാസയില്‍ കടുത്ത ആക്രമണം നടത്തുകയും എണ്‍പതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.