തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പണി തുടങ്ങി. തന്റെ രാഷ്ട്രീയ ഗുരുനാഥന്‍ ഒ രാജഗോപാലിന്റെ വഴിയേ കേരളത്തിലെ വികസന സ്വപ്‌നങ്ങളെ ചേര്‍ത്ത് പിടിക്കാനാണ് കേന്ദ്രമന്ത്രിയുടെ നീക്കം. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു ജോര്‍ജ് കുര്യന്‍. ജനശതാബ്ദിയും അമൃതാ എക്‌സ്പ്രസുമെല്ലാം കേരളത്തിലെത്തിയത് രാജഗോപാലിന്റെ കാലത്താണ്. അതിന് പിന്നില്‍ ജോര്‍ജ് കുര്യന്റെ ഇടപെടലുമുണ്ടായിരുന്നു. ഇപ്പോള്‍ ബംഗ്ലൂരുവിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ തീവണ്ടികളാണ് കേരളം ആഗ്രഹിക്കുന്നത്. മധുര വഴിയും കോയമ്പത്തൂര്‍ വഴിയും കേരളത്തില്‍ നിന്നും ബംഗ്ലൂരുവിലേക്ക് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും തീവണ്ടികളുണ്ട്. കൂടുതല്‍ തീവണ്ടികള്‍ക്ക് തടസ്സം ഈ റൂട്ടിലെ തീവണ്ടികളുടെ ആധിക്യമാണ്. ഇതിന് പുതിയൊരു പരിഹാരം കൊണ്ടു വരികയാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കൊല്ലത്തു നിന്നും ചെങ്കോട്ട-തെങ്കാശി വഴി ബംഗ്ലൂരൂവിലേക്ക് തീവണ്ടി. ദീപാവലിക്കാലത്ത് ഉത്സവ ട്രെയിനായി ഇത് എത്തും. താല്‍കാലികമായാണ് ഈ തീവണ്ടി വരുന്നതെങ്കിലും ഭാവിയില്‍ ബംഗ്ലൂരുവിലേക്ക് പുതിയ തീവണ്ടി അനുവദിക്കാനുള്ള റൂട്ട് തെളിയുകയാണ്.

കൊല്ലം-പുനലൂര്‍-ചെന്നൈ പാതയില്‍ പുനലൂര്‍-കൊല്ലം സെക്ഷനിലും തമിഴ്നാട്ടിലെ ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനിലും തീവണ്ടികള്‍ക്ക് വേഗം കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്നോടിയായി ഇന്ന് വേഗപരിശോധന നടക്കും. ട്രാക്ക് പരിശോധനയ്ക്കായി നിശ്ചിത ഇടവേളകളില്‍ നടക്കുന്ന ഓസിലേഷന്‍ മോണിറ്ററിങ് സംവിധാന(ഒ.എം.എസ്.)ത്തിനൊപ്പമാണ് വേഗപരിശോധനയും നടത്തുന്നത്. ഇതിനുള്ള നിര്‍ദേശം ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ചിരുന്നു. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന പുനലൂര്‍-ഭഗവതിപുരം സെക്ഷനില്‍ വേഗം വര്‍ധിപ്പിക്കാന്‍ തത്കാലം നടപടിയില്ല. 45 കിലോമീറ്റര്‍ നീളുന്ന കൊല്ലം-പുനലൂര്‍ സെക്ഷനില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലും 14 കിലോമീറ്റര്‍ നീളുന്ന ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലുമാണ് പരീക്ഷണയോട്ടം നടത്തുന്നത്. കൊല്ലം-പുനലൂര്‍ സെക്ഷനില്‍ നിലവില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് തീവണ്ടികള്‍ ഓടുന്നത്. പരീക്ഷണം വിജയമായാല്‍ ഇത് 80-85 കിലോമീറ്ററായി വര്‍ധിച്ചേക്കും. ഇതോടെ ഈ പാതയില്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിക്കുന്നതിനും സാധ്യത കൂടും.

ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ വണ്ടികള്‍ ഓടുന്നത്. ഇത് 90 കിലോമീറ്ററായും വര്‍ധിച്ചേക്കും. 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുനലൂര്‍-ഭഗവതിപുരം സെക്ഷനില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലാണ് വണ്ടികള്‍ ഓടുന്നത്. 10 ഡിഗ്രിവരെ വളവുകളും വലിയ കയറ്റങ്ങളും പാലങ്ങളും തുരങ്കങ്ങളും നിറഞ്ഞ ഈ സെക്ഷനില്‍ ബാങ്കര്‍ എന്‍ജിന്റെകൂടി സഹായത്തോടെയാണ് വണ്ടികളോടുന്നത്. ഈ സെക്ഷനില്‍ വേഗം കൂട്ടാന്‍ വളവുകള്‍ നിവര്‍ത്തേണ്ടിവരും. ദ്വൈവാര സര്‍വീസുകളടക്കം കൊല്ലം-പുനലൂര്‍ സെക്ഷനില്‍ എട്ടുവണ്ടികളും പുനലൂര്‍-ചെങ്കോട്ട പാതയില്‍ നാലുവണ്ടികളുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഏതാനും മാസംമുന്‍പ് പുനലൂര്‍-ചെങ്കോട്ട സെക്ഷനും വൈദ്യുതീകരിച്ചതോടെ 761 കിലോമീറ്റര്‍ നീളുന്ന കൊല്ലം-ചെന്നൈ പാതയില്‍ പൂര്‍ണമായും വൈദ്യുത യാത്രാവണ്ടികളാണ് ഓടുന്നത്. വേഗം വര്‍ധിപ്പിക്കുകയും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുകയും ചെയ്താല്‍ ദക്ഷിണമേഖലയിലെതന്നെ ഏറ്റവും തിരക്കുള്ള പാതകളിലൊന്നായി ഇതുമാറും. ഈ സാധ്യത തിരിച്ചറിഞ്ഞാണ് ബംഗ്ലൂരുവിലേക്ക് ഇതുവഴി സര്‍വ്വീസ് എന്ന സാധ്യത തേടുന്നത്.

ദീപാവലി നീണ്ട വാരാന്ത്യത്തിലെ അവധി നാട്ടില്‍ ആഘോഷിക്കുന്നവര്‍ക്കായി നിരവധി സര്‍വീസുകളാണ് വിവിധ റെയില്‍വേ ഡിവിഷനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കും സര്‍വീസുകളുണ്ട്. അവധിക്ക് നാട്ടിലേക്ക് വരാനും ദീപാവലി കഴിഞ്ഞ് തിരികെ പോകാനും സൗകര്യപ്രദമായ സമയം നോക്കിയാണ് സര്‍വീസുകള്‍. അത്തരത്തിലൊന്നാണ് റെയില്‍വേയുടെ കൊല്ലം-ഹുബ്ബള്ളി ട്രെയിന്‍. കേരളത്തില്‍ ആകെ നാല് സ്റ്റോപ്പ്, 10 സ്ലീപ്പര്‍ ഉള്‍പ്പെടെ 21 കോച്ച് കാഴ്ചകള്‍ കൊണ്ട് മനോഹരമായ കൊല്ലം- തെങ്കാശി പാതയിലൂടെ, തെന്മലയുടെ ഭംഗിയാര്‍ന്ന മലനിരകളും പച്ചപ്പും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രയ്ക്ക് തിരക്കും കൂടാന്‍ സാധ്യതയുണ്ട്. ബാംഗ്ലൂരില്‍ നിന്നും പുനലൂര്‍ തെങ്കാശി പാതയിലൂടെ വരുന്ന ഏറ്റവും ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആണ് ഹുബ്ബള്ളി- ബാംഗ്ലൂര്‍- കൊല്ലം-ഹുബ്ബള്ളി ട്രെയിന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒക്ടോബര്‍ 26-നാണ് എസ്.എസ്.എസ്. ഹുബ്ബള്ളി-കൊല്ലം പ്രത്യേക തീവണ്ടി. വൈകീട്ട് 3.15-ന് പുറപ്പെട്ട് 27-ന് വൈകീട്ട് 5.10-ന് കൊല്ലത്തെത്തും. രാത്രി 11-നാണ് തീവണ്ടി എസ്.എം.വി.ടി. ബെംഗളൂരുവിലെത്തുക. കൃഷ്ണരാജപുരത്ത് 11.28-ന് എത്തും. തിരിച്ച് 27-ന് രാത്രി 8.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 28-ന് രാത്രി 8.45-ന് ഹുബ്ബള്ളിയിലെത്തും. ചിക്കബാനവാര, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാര്‍പേട്ട്, സേലം, ശിവകാശി, തെങ്കാശി, സെങ്കോട്ടെ, തെന്‍മല, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.