- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരിയുടെ ജീവന് പൊലിഞ്ഞത് വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതിന് പിന്നാലെ രോഗം ബാധിച്ച്; കോഴിക്കോട് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ചതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇരുവരുടെയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. താമരശ്ശേരിയില്‍ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശം. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസ് നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക. മുന്‍കരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫ്ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
ജലാശയങ്ങളില്‍ കുളിക്കരുതെന്ന് നിര്‍ദ്ദേശം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി ആനപ്പാറ പൊയില്‍ അനയ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളില്‍ കുളിക്കരുതെന്നാണ് നിര്‍ദ്ദേശം. ജലാശയങ്ങളില്‍ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതിനാലാണ് നിയന്ത്രണം.രണ്ടാഴ്ച മുമ്പ് അനയ നീന്തല്‍ പരിശീലനം നടത്തിയ വീടിന് സമീപത്തെ കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധയ്ക്ക് അയയ്ക്കും. അനയ കുളിച്ച കുളത്തില്‍ മുമ്പ് കുളിച്ച കുട്ടികളുടെ വിവരവും ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്.