ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നടന്ന അപ്രതീക്ഷിത കൂട്ടപ്പിരിച്ചുവിടലില്‍ ശശി തരൂര്‍ എംപിയുടെ മകനും പ്രശസ്ത വിദേശകാര്യ കോളമിസ്റ്റുമായ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. പത്രത്തിലെ അന്താരാഷ്ട്ര വിഭാഗത്തിലെ മികച്ച എഡിറ്റര്‍മാരെയും ലേഖകരെയും ഉള്‍പ്പെടെ പിരിച്ചുവിട്ട നടപടി മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 12 വര്‍ഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ഇഷാന് പടിയിറങ്ങേണ്ടി വന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ദിനങ്ങളിലൊന്നിലൂടെയാണ് പത്രം കടന്നുപോകുന്നത്. പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസിന്റെ നിര്‍ദ്ദേശപ്രകാരം ഏകദേശം മൂന്നിലൊന്ന് ജീവനക്കാരെ (ഏകദേശം 30%) പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന സൂം മീറ്റിംഗിലൂടെയാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ ഈ വിവരം അറിയിച്ചത്. ഏകദേശം 800 ഓളം വരുന്ന ന്യൂസ് റൂം ജീവനക്കാരില്‍ 300-ലധികം പേര്‍ക്ക് ജോലി നഷ്ടമായി. പത്രത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പത്രത്തിന്റെ അഭിമാനമായിരുന്ന സ്പോര്‍ട്സ് ഡെസ്‌ക് , ബുക്‌സ് സെക്ഷന്‍ എന്നിവ നിര്‍ത്തലാക്കി. കൂടാതെ 'പോസ്റ്റ് റിപ്പോര്‍ട്ട്സ്' എന്ന പോഡ്കാസ്റ്റും നിര്‍ത്തിവെച്ചു. വിദേശ വാര്‍ത്താ വിഭാഗത്തില്‍ വലിയ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തി.

മിഡില്‍ ഈസ്റ്റ് ടീമിനെ പൂര്‍ണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. ശശി തരൂര്‍ എംപിയുടെ മകന്‍ ഇഷാന്‍ തരൂര്‍, ഇന്ത്യ ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും ജോലി നഷ്ടമായത് ഈ സാഹചര്യത്തിലാണ്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്ക്കും വായനക്കാരുടെ ശീലങ്ങള്‍ക്കും അനുസൃതമായി സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള 'സ്ട്രാറ്റജിക് റീസെറ്റ്' എന്നാണ് അധികൃതര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. സാമ്പത്തിക നഷ്ടവും വരിക്കാരുടെ എണ്ണത്തിലെ കുറവും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. പത്രത്തിന്റെ മുന്‍ എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരണ്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ലോകത്തിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ 'ഏറ്റവും ഇരുണ്ട ദിനം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

ലോകസമ്പന്നനായ ജെഫ് ബെസോസിന് പത്രത്തിന്റെ നഷ്ടം നികത്താന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും വലിയ പിരിച്ചുവിടല്‍ നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനയായ 'വാഷിംഗ്ടണ്‍ പോസ്റ്റ് ഗില്‍ഡ്' ആരോപിച്ചു. ഇതിനൊപ്പമാണ് തരൂരിന്റെ മകന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്. തന്റെ ജോലി നഷ്ടമായ വിവരം ഇഷാന്‍ തരൂര്‍ തന്നെയാണ് എക്‌സിലൂടെ (ട്വിറ്റര്‍) ലോകത്തെ അറിയിച്ചത്. 'ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത്, പ്രത്യേകിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ഹൃദയം വേദനിക്കുന്നു. എഡിറ്റര്‍മാരും ലേഖകരുമായ എന്റെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു,' എന്ന് അദ്ദേഹം കുറിച്ചു.

ശശി തരൂരിന്റെയും മകനാണ് ഇഷാന്‍ തരൂര്‍. പിതാവിനെപ്പോലെ തന്നെ മികച്ച എഴുത്തുകാരനും വിദേശകാര്യ വിദഗ്ധനുമായിട്ടാണ് ഇഷാന്‍ അറിയപ്പെടുന്നത്. ലോകപ്രശസ്തമായ യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇഷാന്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ചരിത്രത്തിലും സാഹിത്യത്തിലുമുള്ള അറിവ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രകടമായിരുന്നു. 2014 ലാണ് അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചേരുന്നത്. അതിനുമുമ്പ് പ്രശസ്തമായ 'ടൈം' മാഗസിനില്‍ ഹോങ്കോങ്ങിലും ന്യൂയോര്‍ക്കിലുമായി എഡിറ്ററായും ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ജനുവരിയിലാണ് അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യുന്ന 'വേള്‍ഡ് വ്യൂ' എന്ന കോളത്തിന് ഇഷാന്‍ തുടക്കമിടുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം അഞ്ച് ലക്ഷത്തോളം വരിക്കാരാണ് ഈ കോളം പിന്തുടരുന്നത്. അന്താരാഷ്ട്ര ബന്ധങ്ങള്‍, ആഗോള രാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇഷാന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നടപ്പിലാക്കിയ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷാനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായത് പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടിംഗിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇഷാന്റെ ഇരട്ട സഹോദരന്‍ കനിഷ്‌ക് തരൂറും അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്.