- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റെടുത്ത 55 യാത്രക്കാർ റൺവേ ബസിൽ; കാത്തുനിൽക്കാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു; പ്രധാനമന്ത്രിയെ അടക്കം ട്വിറ്ററിൽ ടാഗ് ചെയ്ത് പരാതി; ഡിജിസിഎ റിപ്പോർട്ട് തേടി; ഗോ ഫസ്റ്റ് വിമാന കമ്പനി വീണ്ടും വിവാദ കുരുക്കിൽ
ബെംഗളൂരു: ടിക്കറ്റെടുത്ത 55 യാത്രക്കാർ റൺവേ ബസിൽ കാത്തിരിക്കെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്ന സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ. എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതിരുന്നത്. വിമാനത്തിൽ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടവന്നത്. എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
യാത്രാക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം സർവീസ് നടത്തിയതിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉൾപ്പെടെ ട്വിറ്ററിൽ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാർ നൽകിയിരുന്നത്.
Most horrifying experience with @GoFirstairways
- Shreya Sinha (@SinhaShreya_) January 9, 2023
5:35 am Boarded the bus for aircraft
6:30 am Still in bus stuffed with over 50 passengers, driver stopped the bus after being forced.
Flight G8 116 takes off, leaving 50+ passengers.
Heights of negligence! @DGCAIndia
ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം ജി 8116 ന് എതിരെ ആണ് പരാതി ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തിൽ 55 യാത്രക്കാരില്ലായിരുന്നു എന്നാണ് വിവരം. ബോർഡിങ് പാസുള്ളവരും ലഗേജുകൾ ചെക്ക് - ഇൻ ചെയ്തവരുമായ യാത്രക്കാർ റൺവേയിൽ ബസിൽ ആയിരുന്നു എന്നാണ് പരാതി.
ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ ബുദ്ധിമുട്ടുകയാണ് എന്നും പറഞ്ഞ് ഒരു യാത്രക്കാരൻ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു. ബോർഡിങ് പാസുകൾ സ്‌കാൻ ചെയ്തതിന് ശേഷം 60 ഓളം യാത്രക്കാരെ റൺവേയിൽ ഉപേക്ഷിച്ച് ജി 8116 പറന്നു എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നും അദ്ദേഹം ചോദിക്കുന്നു.
യാത്രക്കാരുടെ ബോർഡിങ് പാസുകൾ നൽകുകയും ബാഗുകൾ ഉൾപ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. നാല് മണിക്കൂറിനുശേഷം, 10 മണിക്കു പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവർ പോകാനായത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഗോ ഫസ്റ്റ്, എന്നാൽ മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല.
അതേസമയം അസൗകര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ട്വീറ്റുകളോട് പ്രതികരിച്ച് കൊണ്ട് വിമാനക്കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസം എയർഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ ഇറക്കിവിട്ടത് ഗോ ഫസ്റ്റ് വിമാനത്തിൽ നിന്നായിരുന്നു.
വെള്ളിയാഴ്ച ഗോവയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുൻപായിരുന്നു സംഭവം. വനിതാ ജീവനക്കാരോട് അശ്ലീല പരാമർശം നടത്തിയ യാത്രക്കാരെ എമർജൻസി സീറ്റിൽ ഇരുത്തി എന്നും സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിർപ്പ് പ്രകടിപ്പിച്ചു എന്നും ഗോ ഫസ്റ്റ് വക്താവ് പറഞ്ഞു.
വൈകാതെ അവരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും ഗോ ഫസ്റ്റ് വക്താവ് കൂട്ടിച്ചേർത്തു. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മറ്റൊരു യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെ വിമാന കമ്പനികൾക്ക് ഡി ജി സി എ കർശന നിർദ്ദേശം കൈമാറിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ