- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എമ്പുരാന്റെ നിര്‍മ്മാണത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം; ഗോകുലം ഗോപാലിന് എല്‍ടിടിഇ ഫണ്ട് കിട്ടിയോ എന്ന് പരിശോധനയാണ് നടക്കുന്നതെന്ന് ആര്‍ എസ് എസ് മുഖമാസിക; ഗോകുലം റെയ്ഡില്‍ ഓര്‍ഗനൈസര്‍ വാര്‍ത്തയില്‍ 'തീവ്രവാദ സംശയം'; റെയ്ഡും ചോദ്യം ചെയ്യലും തുടരും
കൊച്ചി: വിവാദമായ എമ്പുരാന്റെ നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് കാരണം എമ്പുരാനോ? എല്‍ടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന് വെളിപ്പെടുത്തുന്നത് ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസറാണ്. ഓര്‍ഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ബ്രിട്ടീഷ് പൗരനും ശ്രീലങ്കയില്‍ ജനിച്ചതുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാന്‍ നിര്‍മ്മിച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയുമായും വിദേശത്തുള്ള എല്‍ടിടിഇയുമായും ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിനെ ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ട്. പിന്നീട് ലൈക്ക എമ്പുരാനില്‍ നിന്ന് പിന്മാറി, ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. ചിത്രത്തിന്റെ ധനസഹായത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുവെന്നാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത. അതായത് എല്‍ടിടിഇ ഫണ്ട് ഗോകുലത്തിന് വന്നു എന്ന സംശയത്തിലാണ് അന്വേഷണം.
ഗോകുലം ഗോപാലന് ലൈക്ക പ്രൊഡക്ഷന്‍സുമായും സുബാസ്‌കരന്‍ അല്ലിരാജയുമായും ഉള്ള സാമ്പത്തിക ബന്ധങ്ങള്‍ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീര്‍പ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടില്‍ നിന്നുള്ള രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക പ്രൊഡക്ഷന്‍സിനും തമിഴ്നാട്ടില്‍ ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്, അന്വേഷണം പുരോഗമിക്കുമ്പോള്‍, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഓര്‍ഗനൈസര്‍ പറയുന്നു. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഗോകുലത്തിന്റെ ചിട്ടി സ്ഥാപനവും അന്വേഷണ പരിധിയിലാണെന്ന് ഓര്‍ഗനൈസര്‍ പറയുന്നു.
വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലും ഇന്നലെ 14 മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് സൂചന. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം എന്നായിരുന്നു പുറത്തു വന്ന സൂചനകള്‍. ഇതിനിടെയാണ് ആര്‍ എസ് എസ് മുഖമാസികയുടെ എമ്പുരാന്‍ വെളിപ്പെടുത്തല്‍. ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ 3 മാസമായി നിരീക്ഷണത്തില്‍ ആണെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇടപെടുകളില്‍ സംശയം തോന്നിയ സാഹചര്യത്തില്‍ ആണ് റെയ്ഡ്.
സമീപകാല വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുത് എന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന വ്യാപക പ്രചാരണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇഡിയുടെ വിശദീകരണം. ഇതിനൊപ്പമാണ് ആര്‍ എസ് എസ് നിലപാട് പറച്ചിലും ചര്‍ച്ചയാകുന്നത്. 2023 മുതലാണ് ഗോകുലം ഗോപാലന്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ എത്തിയത്. നേരത്തെ പല തവണ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ലെന്നും ഇഡി വിശദീകരിക്കുന്നു. അന്നുയര്‍ന്ന പ്രധാന പരാതിയായ വിദേശ നാണ്യ വിനിമയച്ചട്ട ലംഘനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനും തീരുമാനിച്ചിട്ടുണ്ട്.
എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയത് മുതല്‍ സംഘപരിവാര്‍ ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. ചിത്രത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനില്ലെന്നും ഗോപാലന്‍ വിശദീകരിച്ചിരുന്നു.
മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദപ്രകടനം നടത്തുകയും പൃഥ്വിരാജ് പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിലെ 24 ഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു. റീഎഡിറ്റഡ് പതിപ്പാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. വില്ലന്റെ പേരിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.