കോഴിക്കോട്: മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന് വ്യവസായി ഗോകുലം ഗോപാലന്‍. ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയാണ് കാന്തപുരം ഉയര്‍ത്തിപ്പിടിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതില്‍ കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നും ഗോകുലം ഗോപാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമര്‍ശ വിവാദത്തിനിടെയാണ് വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ പുകഴ്ത്തിയുമുള്ള ഗോകുലം ഗോപാലന്റെ പ്രതികരണം. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ഗോകുലം ഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയര്‍ത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളിയാണ്. മതേതര വാദികള്‍ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്‌കരിക്കരുത്.

നേരത്തെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗം നേതൃസംഗമത്തിലായിരുന്നു കാന്തപുരത്തിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് കേരള സര്‍ക്കാരിനെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും മുസ്ലീം സമുദായത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. മതപണ്ഡിതന്മാര്‍ക്കും അവര്‍ പറയുന്നതിനും മാത്രമേ വിലയുള്ളൂ എന്ന നിലയിലേക്ക് എത്തി. കാന്തപുരം എന്ത് കുന്തം എറിഞ്ഞാലും താന്‍ പറയേണ്ടത് പറയുമെന്നും വെള്ളാപ്പള്ളി പള്ളാത്തുരുത്തിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ആവര്‍ത്തിച്ചു.

ഞാനൊരു സാധാരണക്കാരനാണ്. പക്ഷേ, സാമൂഹ്യനീതിക്ക് വേണ്ടി ഞാന്‍ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്.

എന്നെ സമുദായം ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കവിഞ്ഞ് അതിനപ്പുറത്തൊരു കസേരയും ഞാനാഗ്രഹിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. അതില്‍ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന കൊടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ മുസ്ലീങ്ങളെല്ലാം എനിക്കെതിരായ ഇറങ്ങി. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.

ഈഴവരുടെ സംഘടിതശക്തിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ നമുക്കും വേണ്ടെ അധികാരത്തിലുള്ള അവകാശം. അത് ഇടതുപക്ഷവും, വലതുപക്ഷവും തന്നില്ലെങ്കില്‍ അത് തുറന്നുപറഞ്ഞ ഞാന്‍ വര്‍ഗീയവാദിയാണോയെന്നും അദ്ദേഹം ചോദിച്ചു. പറയാതിരുന്നാല്‍ ഇതൊക്കെ ആരാണ് തരാന്‍ പോകുന്നത്-വെള്ളാപ്പള്ളി ചോദിച്ചു.