മുംബൈ: ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ഭീമമായ ലാഭം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില താഴ്ന്നതാണ് കാരണം. ഇതോടെ രാജ്യത്തെ ഇന്ധന വില കുറയുമെന്ന പ്രതീക്ഷ വര്‍ധിച്ചു. എണ്ണക്കമ്പനികളുടെ ലാഭം ഉപയോക്താക്കളിലേക്ക് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇറാന്‍, ഇസ്രായേലിന് മേല്‍ ആക്രമണം നടത്തിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ ഇന്ധനത്തിന് 10-11 രൂപ എന്ന തോതില്‍ വന്‍ ലാഭമാണ് എണ്ണക്കമ്പനികള്‍ നേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലിറ്ററിന് 3-4 രൂപ കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് എനര്‍ജി അനലിസ്റ്റ് പ്രോബല്‍ സെന്‍ പറഞ്ഞു.

ഗ്രോസ് റിഫൈനിങ് മാര്‍ജിനേക്കാള്‍ താഴെയുള്ള മാര്‍ജിന്‍ മാനേജ് ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് 5-6 രൂപ ലാഭം ലഭിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം രാജ്യാന്തര ക്രൂഡ് ഓയില്‍ വില 5% കുതിച്ചുയര്‍ന്നു. ഇത്തരത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളറിന് സമീപം വരെയെത്തി. പശ്ചിമേഷ്യയില്‍ സപ്ലൈ റിസ്‌ക് ഉണ്ടാവുമെന്ന ഭീതിയിലാണ് വില കയറുന്നത്. ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചതോടെ ആഗോള സാഹചര്യങ്ങള്‍ എണ്ണ വില വര്‍ധിക്കുന്നതിന് അനുകൂലമായി. തിരിച്ചടിക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനവും വിപണികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇറാന്റെ ക്രൂഡ് ഓയില്‍ മേഖലകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഇറാന്റെ ക്രൂഡ് കയറ്റുമതിയെ അത് നെഗറ്റീവായി ബാധിക്കും. ഇത്തരത്തില്‍ പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും വിലയിരുത്തപ്പെടുന്നു. സെപ്തംബര്‍ 27ാം തിയ്യതി ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായിരുന്നു. ഇതിന് ശേഷം വിലയില്‍ വലിയ അസ്ഥിരതകള്‍ പ്രകടമാണ്.

അതേസമയം സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ ഇന്ധന വിലയില്‍ കുറവ് വരുത്താന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ തയ്യാറായേക്കില്ല. പെട്ടെന്ന് വില കയറുമ്പോള്‍ ഇന്‍വെന്ററി അടിസ്ഥാനത്തിലുള്ള നഷ്ടവും, ഗ്രോസ് റിഫൈനിങ് മാര്‍ജിനില്‍ കുറവും വരുമെന്നതിനാലാണ് ഇത്. സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമായിരിക്കും ഇനി ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകാനാണ് സാധ്യത.

അതേസമയം ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിലും സ്വര്‍ണ്ണം തിളങ്ങുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച, ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തുകയും തുടര്‍ച്ചയായി 180 മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തപ്പോള്‍, ആക്രമണത്തിന് തക്കതായ മറുപടി ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ, ലോകമെമ്പാടും പിരിമുറുക്കവും വര്‍ദ്ധിച്ചു. അസംസ്‌കൃത എണ്ണയുടെ വില പെട്ടെന്ന് 5 ശതമാനം ഉയര്‍ന്നപ്പോള്‍ സ്വര്‍ണ വിലയിലും വന്‍ കുതിച്ചുചാട്ടമുണ്ടായി.