- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറില്‍ കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം; 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ഭൂമിക്കടിയില്‍ ഉണ്ടെന്ന് അനുമാനം; ജമൂയി ജില്ലയിലെ വലിയ സ്വര്‍ണശേഖരം ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കും; ഖനന നടപടികളിലേക്ക് കടക്കാന്‍ ജിയോളജിക്കല്‍ സര്‍വേയും മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും
ബിഹാറില്‍ കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം
പട്‌ന: തെരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുന്ന ബിഹാറിനെ ആവേശത്തിലാക്കി മറ്റൊരു സുപ്രധാന വിവരം കൂടി പുറത്തുവരുന്നു. ബിഹാറിലെ സ്വര്‍ണ നിക്ഷേപത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഭൂമിക്കടിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബിഹാറില്‍ ഖനനം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ബിഹാറില്‍ ഭൂമിക്കടിയില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടം ഖനനത്തിനൊരുങ്ങുകയാണ് സംസ്ഥാനം.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ കണ്ടെത്തിയ സ്വര്‍ണശേഖരത്തിനായാണ് ഖനനം. 2022ല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ നടത്തിവരികയായിരുന്നു. ഇപ്പോള്‍ ഖനനടപടികളിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇന്ത്യയുടെ ആകെ കരുതല്‍ സ്വര്‍ണശേഖരത്തിന്റെ 44 ശതമാനത്തോളം വരുമിതെന്നാണ് കണക്കാക്കപ്പെടുന്നത്.
ബിഹാറിലെ ജമൂയി ജില്ലയിലാണ് ഇത്രയും വലിയ സ്വര്‍ണശേഖരം ഭൂമിക്കടിയിലുള്ളതായി പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ബിഹാറിനെ അമൂല്യ ലോഹങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ സാധ്യതയുണ്ട്. ഇതില്‍ 37.6 ടണ്‍ ശുദ്ധമായ സ്വര്‍ണ്ണലോഹം അടങ്ങിയിട്ടുണ്ട്. ധാതു സമ്പത്തില്‍ പിന്നിലായി കണക്കാക്കപ്പെട്ടിരുന്ന ബിഹാറിനെ സംബന്ധിച്ച് ഇത് ഒരു വഴിത്തിരിവാണ്.
പഠനങ്ങള്‍ പ്രകാരം ഇത് ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് വിവരം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ദേശീയ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് വൈകാതെ തന്നെ ഖനനം ആരംഭിക്കുമെന്നാണ് ബിഹാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മൈന്‍സ് കമ്മിഷണറുമായ ഹര്‍ജോത് കൗര്‍ ബംറ പറഞ്ഞത്. തിരിച്ചറിഞ്ഞ ചില മേഖലകളില്‍ വൈകാതെ തന്നെ പര്യവേക്ഷണംനടത്തിയേക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ജമുയി ജില്ലയിലെ കര്‍മതിയ, ജാഝ, സോനോ മേഖലകളിലാണ് നിലവില്‍ സ്വര്‍ണ അയിര് ഉണ്ട് എന്ന് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. സാങ്കേതിക വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കി കരാറുകള്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളില്‍ ഉടന്‍ തന്നെ വന്‍തോതിലുള്ള പര്യവേക്ഷണം നടക്കുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണശേഖരം ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നത് ബിഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ആകെ 501.83 ദശലക്ഷം ടണ്‍ സ്വര്‍ണ അയിരുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയും ബിഹാറിലാണെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്നത് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ഉള്‍പ്പെടുന്ന കര്‍ണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ 99 ശതമാനം ആണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മണ്ണിനടിയില്‍ ഖനനം കാത്തുകിടക്കുന്ന സ്വര്‍ണത്തിന്റെ കണക്കെടുത്താല്‍ 44 ശതമാനം വിഹിതവുമായി മുന്നില്‍ ബിഹാര്‍ ആണ്.
രാജസ്ഥാന്‍ 25 ശതമാനം, കര്‍ണാടക 21 ശതമാനം, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് 3 ശതമാനം വീതം, ജാര്‍ഖണ്ഡ്- 2 ശതമാനം എന്നിങ്ങനെയാണ്. ബാക്കി രണ്ട് ശതമാനം- ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആണ്. ബിഹാറില്‍ സ്വര്‍ണ നിക്ഷേപം നിക്ഷേപം കണ്ടെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും, സാങ്കേതിക പരിശോധനകളും നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ഖനനം തുടങ്ങിയിട്ടില്ല.
ഈ കണ്ടെത്തല്‍ തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന വരുമാനം എന്നിവയില്‍ വലിയ കുതിപ്പിന് വഴി തുറക്കുമെന്ന് ഖനന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ധാതു ഖനന നിയമ ഭേദഗതികള്‍ ജാമുയി പോലുള്ള പദ്ധതികള്‍ക്ക് വേഗം കൂട്ടും.
സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് വളരെ സങ്കീര്‍ണ്ണവും ചെലവേറിയതുമായ പ്രക്രിയയാണ്. പാരിസ്ഥിതിക അനുമതികള്‍, നിക്ഷേപം, വരുമാനം പങ്കുവെക്കുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ ബിഹാറിലെ ഈ സ്വര്‍ണ്ണത്തിന്റെ ഖനനം നടക്കൂ. ബീഹാറിന് ജാമുയിയിലെ സ്വര്‍ണ്ണ ശേഖരം ഒരു പുതിയ സാമ്പത്തിക ഭാവിക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നത്.




