- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1321ടൺ ഭാരവും 3211 കിമീ ദൂരവും; റോഡ് മാർഗ്ഗം എത്തിക്കാൻ ചെലവ് 2 കോടി; റെയിൽ മാർഗം എത്തിച്ചപ്പോൾ ആകെ ചെലവായത് 45 ലക്ഷം; പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ റോഡ് നിർമ്മാണത്തിനായി സാധനങ്ങൾ എത്തിച്ചത് ഫ്ളാറ്റ് ഗുഡ്സ് വാഗണുകൾ ഉപയോഗിച്ച്; കേരളത്തിൽ തന്നെ ആദ്യം
പത്തനാപുരം, ചടയമംഗലം നിയോജക മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണത്തിന് കരാറെടുത്തിരിക്കുന്ന ചണ്ഡിഗഡ് ആസ്ഥാനമായ എൽഎസ്ആർ ഇൻഫ്രാ കോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനങ്ങളാണ് റെയിൽ മാർഗം എത്തിയത്.സൈനിക ആവശ്യങ്ങൾക്കും ചരക്ക് നീക്കത്തിനുമല്ലാതെ കേരളത്തിൽ ആദ്യമായാണ് ഫ്ളാറ്റ് ഗുഡ്സ് വാഗണുകൾ ഉപയോഗിച്ചു വാഹനങ്ങൾ റെയിൽ മാർഗം എത്തിക്കുന്നത്.
19 ന് ചണ്ഡിഗഡിൽ (ഹരിയാന) നിന്ന് വാഹനങ്ങളുമായി പുറപ്പെട്ട ഗുഡ്സ് ട്രെയിൻ ഇന്നലെ രാവിലെ 11 ന് കൊല്ലത്ത് എത്തി.അതേസമയം ആധുനിക സാങ്കേതികവിദ്യയിലാണ് റോഡ് നിർമ്മാണം. കെആർഎഫ്ബി മേൽനോട്ടത്തിൽ ഫുൾ ഡെപ്ത്ത് റെക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യയിൽ സംസ്ഥാനത്തെ ആദ്യ റോഡുകളുടെ നിർമ്മാണമാണ് പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിൽ ആരംഭിക്കാൻ പോകുന്നത്. രണ്ട് മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലുമായി 200 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് എൽഎസ്ആർ ഇൻഫ്രാകോൺ നടപ്പിലാക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ബിഎം ആൻഡ് ബിസി അടക്കമുള്ള സാങ്കേതിക വിദ്യകളേക്കാൾ പണച്ചെലവ് ചെലവ് കുറവും പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതിയാണ് എഫ്ഡിആർ. റോഡുകളുടെ പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ.നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആർ സാങ്കേതികവിദ്യ.
മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ 4 അടുക്കുകളായി 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് നിർമ്മാണത്തിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചെലവും ഇതിലൂടെ കുറയ്ക്കാനാകും. മറ്റ് റോഡുകളെ അപേക്ഷിച്ചു കൂടുതൽ കാലം നിലനിൽക്കുമെന്നതും എഫ്ഡിആർ സാങ്കേതിക വിദ്യയുടെ മേന്മയാണ്.
മറുനാടന് മലയാളി ബ്യൂറോ