- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആർക്കും കാണാൻ പറ്റാത്ത 'മറുക്' വരെ ചെറുക്കൻ നാട്ടുകാരെ കാണിച്ചു; ഇവന് എങ്ങനെ ഇതൊക്കെ അറിയാം..!!; ജെമിനി എഐ യുടെ പുത്തൻ രൂപം കണ്ട് ത്രിൽഡ് ആയ പെൺകുട്ടികൾ; ഇൻസ്റ്റ തുറന്നാൽ കാണുന്നത് സാരിയിൽ കുറെ ക്യൂട്ട് ഫോട്ടോസ്; സ്വന്തം ചിത്രം കണ്ട് ഞെട്ടിയെന്ന് യുവതി; ചർച്ചയായി പ്രതികരണങ്ങൾ
കൊച്ചി: ഗൂഗിളിന്റെ ജെമിനി എഐയിലെ 'നാനോ ബനാന' ട്രെൻഡ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉപയോക്താക്കൾ നൽകുന്ന ചിത്രങ്ങൾ സാരി പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിപ്പിച്ച് തിരികെ നൽകുന്ന ഈ ഫീച്ചർ ഏറെ പ്രചാരം നേടിയിരുന്നു. എന്നാൽ, ഇതിനിടയിൽ ഒരാൾക്ക് ജെമിനി എഐയിൽ നിന്നുണ്ടായ അനുഭവം ആശങ്ക പടർത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം പുറത്തുവന്നത്. പച്ച നിറത്തിലുള്ള ഫുൾ-സ്ലീവ് വസ്ത്രം ധരിച്ച ചിത്രം നാനോ ബനാന ടൂളിന് നൽകിയപ്പോൾ, യഥാർത്ഥ ചിത്രത്തിൽ മറഞ്ഞിരുന്ന ശരീരത്തിലെ ഒരു മറുക് എഐ ചിത്രത്തിൽ തെളിഞ്ഞതാണ് യുവതിയെ അമ്പരപ്പിച്ചത്. "ഫുൾ-സ്ലീവ് വസ്ത്രം ധരിച്ച ചിത്രമാണ് നൽകിയത്. എന്നിട്ടും ശരീരത്തിലെ മറുക് എഐക്ക് എങ്ങനെ കണ്ടെത്താനായി എന്നെനിക്കറിയില്ല. ഇത് ഭയപ്പെടുത്തുന്നു," യുവതി വീഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയകളിലും എഐ പ്ലാറ്റ്‌ഫോമുകളിലും ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഈ സംഭവം എഐ ഇമേജ് ജനറേഷൻ ടൂളുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നിരവധിപേർക്ക് ആശങ്കയുളവാക്കിയിട്ടുണ്ട്. എഐ ടൂളുകൾക്ക് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ പോലും ചോർത്താൻ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നു. യുവതി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾക്കൊപ്പം അതിൻ്റെ സുരക്ഷാപരമായ വശങ്ങളെക്കുറിച്ചും ഗൗരവമായ ചർച്ചകൾക്ക് ഇത് വഴിവെച്ചിരിക്കുകയാണ്.
എന്താണ് നാനോ ബനാന?
ഗൂഗിളിന്‍റെ ജെമിനി എഐ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേറ്റിംഗ് ടൂളാണ് നാനോ ബനാന അഥവാ ജെമിനി 2.5 ഫ്ലാഷ് ഇമേജ്. ഈ ടൂൾ സാധാരണ ചിത്രങ്ങളെ കളിപ്പാട്ടം പോലുള്ള 3ഡി പോർട്രെയ്റ്റുകളാക്കി മാറ്റുകയോ 90-കളിലെ ബോളിവുഡ് സാരി ലുക്കിലും മറ്റും അവതരിപ്പിക്കുകയും ചെയ്യുന്നു. തിളങ്ങുന്ന പ്ലാസ്റ്റിക് പോലുള്ള ടെക്‌സ്‌ചറുകൾ, വലിയ എക്‌സ്‌പ്രസീവ് കണ്ണുകൾ, ഫ്ലോട്ടിംഗ് ഷിഫോൺ സാരികൾ, റെട്രോ ഫിലിമി പശ്ചാത്തലങ്ങൾ തുടങ്ങിയവ ഈ ചിത്രങ്ങൾ കാണിക്കുന്നു. ഈ പ്രവണത അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ ജനപ്രിയതയ്ക്ക് ഏറ്റവും വലിയ കാരണം നാനോ ബനാന ചിത്രങ്ങള്‍ സൃഷ്‌ടിക്കുന്നതിനുള്ള എളുപ്പത്തിലുള്ള പ്രോംപ്റ്റുകളും നിർദേശങ്ങളുമാണ്. അതിലൂടെ ആർക്കും ഒരു നല്ല എഐ ജനറേറ്റഡ് ഇമേജ് സൃഷ്‌ടിക്കാൻ കഴിയും. നിങ്ങളുടെ ഹൈപ്പർ റിയലിസ്റ്റിക് ഇമേജ് നിർമ്മിക്കുന്നതിന് നിങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യമോ പണമടയ്ക്കലോ ആവശ്യമില്ല. എങ്കിലും ഈ ട്രെന്‍ഡ്, വ്യക്തിഗത ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വകാര്യത, സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് പുതിയ മുന്നറിയിപ്പുകൾ ഉയർത്തിയിട്ടുണ്ട്.
ഗൂഗിൾ ജെമിനി നാനോ ബനാന ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
ജെമിനി ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രങ്ങളിൽ എഐ നിര്‍മ്മിത ഉള്ളടക്കം പരിശോധിക്കാൻ സഹായിക്കുന്നതിന് മെറ്റാഡാറ്റ ടാഗുകൾക്കൊപ്പം സിന്ത്ഐഡി (SynthID) എന്നറിയപ്പെടുന്ന ഒരു അദൃശ്യ വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ പറയുന്നു. ജെമിനി 2.5 ഫ്ലാഷ് ഇമേജ് (നാനോ ബനാന) ഉപയോഗിച്ച് സൃഷ്‌ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ചിത്രങ്ങളിലും എഐ സൃഷ്‌ടിച്ചതാണെന്ന് വ്യക്തമായി തിരിച്ചറിയാൻ ഈ അദൃശ്യ സിന്ത്ഐഡി ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുന്നു. എന്നാൽ ഈ സിന്തൈഡിക്കായുള്ള കണ്ടെത്തൽ ഉപകരണങ്ങൾ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ല.
എന്നാൽ ഈ വാട്ടർമാർക്ക് പരിശോധിക്കാൻ ഇതുവരെ ഒരു ഉപകരണവുമില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ഈ വാട്ടർമാർക്കുകളിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ആദ്യം വാട്ടർമാർക്കിംഗ് ഒരു മാന്യമായ പരിഹാരമായി തോന്നാമെങ്കിലും, എളുപ്പത്തിൽ നീക്കം ചെയ്യാനോ വ്യാജമാക്കാനോ കഴിയുമെന്ന് റിയാലിറ്റി ഡിഫൻഡറിന്‍റെ സിഇഒ ബെൻ കോൾമാൻ പറഞ്ഞതായി വയേർഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാട്ടർമാർക്കിംഗിന് സാധ്യതകളുണ്ടെങ്കിലും അത് ഒരു മികച്ച സുരക്ഷാ സംവിധാനം അല്ലെന്നും അതിന് പരിമിതികൾ ഉണ്ടെന്നും യുസി ബെർക്ക്‌ലി സ്‌കൂൾ ഓഫ് ഇൻഫർമേഷനിലെ പ്രൊഫസർ ഹാനി ഫരീദ് വയേഡിനോട് വ്യക്തമാക്കി.