കാൻപൂർ: ഉത്തർപ്രദേശിൽ ഗൂഗിൾ മാപ്പ് സർവേ സംഘത്തിനെ നാട്ടുകാരുടെ മർദ്ദിച്ചത് മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച്. കാൻപൂരിലെ ഗ്രാമത്തിൽ രാത്രികാലത്ത് സർവേ നടത്താനെത്തിയ സംഘത്തെയാണ് ഒരു വിഭാഗം ഗ്രാമവാസികൾ ആക്രമിച്ചത്. ഓഗസ്റ്റ് 28-ന് രാത്രിയാണ് സംഭവം നടന്നത്.

അടുത്തിടെ ഗ്രാമത്തിൽ കള്ളന്മാരുടെ ശല്യം വർധിച്ചതിനെ തുടർന്ന് നാട്ടുകാർ ജാഗ്രത പുലർത്തിയിരുന്നു. രാത്രികാലങ്ങളിൽ ഗ്രാമത്തിൽ വാഹനങ്ങളിൽ കറങ്ങുന്നവരെ സംശയത്തോടെയാണ് ഇവർ വീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച് സർവേ നടത്താനായെത്തിയ ഗൂഗിൾ മാപ്പ് സംഘത്തെ മോഷ്ടാക്കളാണെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

അനധികൃതമായി സർവേ നടത്താനെത്തിയതാണെന്ന് ആരോപിച്ച നാട്ടുകാർ സംഘത്തെ വളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് മാറ്റി. തങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ മാപ്പ് സർവേയുടെ ലീഡർ സന്ദീപ് പോലീസിന് വിശദീകരിച്ചു.

സംഘത്തിന്റെ രേഖകൾ പരിശോധിച്ച പോലീസ്, ഗൂഗിൾ മാപ്പ് സർവേ സംഘം ഔദ്യോഗികമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തി. തുടർന്ന് ഇരു വിഭാഗത്തെയും അനുനയിപ്പിച്ച് പ്രശ്നം പരിഹരിച്ച് പോലീസ് പറഞ്ഞയക്കുകയായിരുന്നു.