ലണ്ടന്‍: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫോണ്‍ ആരെങ്കിലും കവര്‍ന്നാല്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണ് പുതിയ സുരക്ഷ ഫീച്ചറുകള്‍. ഇതോടെ നമ്മുടെ ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചാല്‍, ഫോണിലെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുമോയെന്ന ആശങ്കയ്ക്ക് പരിഹാരമാവും. നിര്‍മിതബുദ്ധി ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഇത്.

ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ ഓട്ടോമാറ്റിക് ആയി ലോക്ക് ചെയ്യപ്പെടുന്ന സംവിധാനമാണ് ഇത്. ഫോണ്‍ ലോക്ക് ആവുന്നതിനാല്‍ തന്നെ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ മോഷ്ടിച്ചയാള്‍ക്ക് സാധിക്കില്ല. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ തീര്‍ച്ചയായും സുരക്ഷിതമായിരിക്കും. അതുകൊണ്ട് തന്നെ ഫോണ്‍ മോഷ്ടിക്കാനുള്ള സാധ്യതകള്‍ കുറയുന്നു എന്ന ഗൂഗിള്‍ പറയുന്നു.

മറ്റൊരു ഫീച്ചാറാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍. നിങ്ങളുടെ കയ്യില്‍ നിന്ന് ആരെങ്കിലും ഫോണ്‍ തട്ടിയെടുത്ത് ഓടിയാല്‍ ഗൂഗിള്‍ എഐ ഉപയോഗിച്ച് അവരുടെ ചലനങ്ങളില്‍ നിന്നും മോഷണമാണെന്ന് കണ്ടെത്തും. ഇവിടെയാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കിന്റെ പ്രവര്‍ത്തനം. മോഷണമാണെന്ന് മനസിലാക്കുന്ന ഉടന്‍ തന്നെ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ വഴി ഫോണ്‍ ഓട്ടോമാറ്റിക് ആയി ലോക്ക് ആവും. ഇത് മോഷ്ടാവിനെ നിങ്ങളുടെ ഫോണിലെ വിവരങ്ങളിലേക്ക് കടക്കുന്നതില്‍ നിന്ന് തടയും.

നടന്നത് മോഷണമാണെന്ന് തിരിച്ചറിയുന്നതില്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് പരാജയപ്പെട്ടാല്‍, പേടിക്കേണ്ടതില്ല. ഓഫ്ലൈന്‍ ഡിവൈസ് ലോക്കും റിമോട്ട് ലോക്കും നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. മോഷണം നടന്നത് തിരിച്ചറിയാന്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനം വഴി സാധ്യമായില്ലെങ്കിലും, ഫോണിലെ ഇന്റര്‍നെറ്റ് സൗകര്യം ദീര്‍ഘകാലം വിച്ഛേദിച്ച് കിടന്നാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ചെയ്യും. ഫോണിലെ ലോക്കുകള്‍ പല തവണ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ തന്നെ മോഷണം നടന്നതായി മനസിലാക്കാനാകും.

നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എവിടെ നിന്നും ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചര്‍ ഉപയോഗിച്ച്, നിങ്ങളുടെ ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കും. ഇനി നിങ്ങള്‍ ഉപകരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് മോഷ്ടാവ് ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനോ, സ്‌ക്രീനിന്റെ ഡിസ്പ്ലേ സമയപരിധി നീട്ടാനോ ശ്രമിച്ചാല്‍, സെറ്റിങ്സ് മാറ്റാനായി നിങ്ങളുടെ ഫോണിന്റെ പിന്‍, പാസ്വേഡ് അല്ലെങ്കില്‍ ബയോമെട്രിക് അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെടും. ഒരു മോഷണത്തിന് ശേഷമുള്ള നിമിഷങ്ങളില്‍ പാസ്വേഡോ മറ്റ് ക്രെഡന്‍ഷ്യലുകളോ ഓര്‍മ്മിക്കാന്‍ കഴിയാത്ത ഉപയോക്താക്കളെ ഈ പുതിയ ഫീച്ചറുകള്‍ സഹായിച്ചേക്കാമെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യ ഡാറ്റ സുരക്ഷിതമാക്കേണ്ടതുണ്ട്.

ആന്‍ഡ്രോയ്ഡിലെ ഫാക്ടറി റീസെറ്റ് ഉപയോഗിച്ച് മോഷ്ടിച്ച ഫോണ്‍ റീസെറ്റ് ചെയ്യണമെങ്കില്‍ മോഷ്ടാവിന് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ക്രഡന്‍ഷ്യലും ആവശ്യമായി വരും. ഇതോടെ ഈ ഫോണ്‍ വില്‍ക്കാനായി സാധ്യമാകാതെ വരും.പഅതുകൊണ്ട് തന്നെ ഫോണ്‍ മോഷണങ്ങളും കുറഞ്ഞ് വരുമെന്നും വിശ്വസിക്കുന്നു. അമേരിക്കയില്‍ പുതിയ ഫോണുകളില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭിക്കുന്ന എല്ലാ ഫോണിലും പുതിയ സുരക്ഷ ഫീച്ചര്‍ എത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സര്‍വീസ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആയിരിക്കും പുതിയ സേവനം ലഭ്യമാവുക.