- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതടക്കം വിവാദം; പോരാത്തതിന് അഴിമതി ആക്ഷേപവും; രക്ഷാധികാരി സ്ഥാനം ഗവർണ്ണർ ഒഴിഞ്ഞത് കേന്ദ്ര നിർദ്ദേശ പ്രകാരം; എന്നിട്ടും ഫോട്ടോ മാറ്റിയില്ല; ഒടുവിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ശിശുക്ഷേമ സമിതിയിൽ സംഭവിച്ചത്
തിരുവനന്തപുരം: വീണ്ടും സർക്കാരിനെതിരെ വാളെടുത്ത് ഗവർണ്ണറുടെ നീക്കം. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സമിതി രക്ഷാധികാരി സ്ഥാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമിതി പ്രസിഡന്റ്. രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതായി ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചത് ആഴ്ചകൾക്ക് മുമ്പാണ്. എന്നാൽ മാറ്റം ദൃശ്യമായില്ല. ഇതേ തുടർന്ന് തന്റെ നീരസം സർക്കാരിനെ ഗവർണ്ണർ അറിയിക്കുകയാണ്.
ശിശുക്ഷേമ സമിതിയിൽ ഗവർണ്ണർ പരസ്യ പ്രതികരണം നടത്തുമോ എന്നതാണ് നിർണ്ണായകം. സിപിഎം നേതാക്കളാണ് ശിശുക്ഷേമ സമിതിയുടെ ഭരണ സമിതിയെ നിയന്ത്രിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് രാജി നൽകിയെങ്കിലും ഇതംഗീകരിച്ച് സമിതിയുടെ രേഖകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഗവർണറുടെ പേര് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ ഗവർണർക്കുള്ള അസന്തുഷ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവൻ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതോടെ സമിതിയുടെ വെബ്സൈറ്റിൽ നിന്ന് ഗവർണറുടെ ചിത്രം ഒഴിവാക്കി.
അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതടക്കം വിവാദങ്ങളിൽ ശിശുക്ഷേമ സമിതി കുരുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, സമിതിയുടെ രക്ഷാധികാരി സ്ഥാനമൊഴിയാൻ ഗവർണർക്ക് ശുപാർശ നൽകിയത്. തുടർന്ന് രണ്ടു മാസം മുമ്പ് സമിതിയുടെ രക്ഷാധികാരി സ്ഥാനം ഗവർണർ ഒഴിഞ്ഞിരുന്നു. എന്നിട്ടും ചിത്രവും വിവരങ്ങളും രക്ഷാധികാരിയെന്ന പേരിൽ വെബ്സൈറ്റിലുൾപ്പെടുത്തിയിരുന്നു. രൂക്ഷമായ ഭാഷയിൽ, ഉടൻ നടപടിയെടുക്കണമെന്ന കർശന നിർദ്ദേശത്തോടെയാണ് ഗവർണർ ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയത്.
അതിനിടെ നിയമസഭ പാസാക്കിയ ഒരു ബിൽ സർക്കാരിന്റെ ശുപാർശ അനുസരിച്ച് ഗവർണർ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു. കേരള പാർട്നർഷിപ് നിയമ ഭേദഗതി ബില്ലാണ് കേന്ദ്രത്തിനയച്ചത്. നിയമസഭ പാസാക്കിയ ബില്ലിലെയും കേന്ദ്ര നിയമത്തിലെയും വ്യവസ്ഥകളിൽ ചില വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ബിൽ കേന്ദ്രത്തിനു വിടണമെന്നു സംസ്ഥാന സർക്കാർ ഗവർണറോടു ശുപാർശ ചെയ്തിരുന്നു. ഇതാണ് അദ്ദേഹം അംഗീകരിച്ചത്. ഗവർണ്ണറും സർക്കാരും തമ്മിലെ പോര് പുതിയ തലത്തിലാണ്. സർവ്വകലാശാലകളെ അടക്കം അത് ബാധിക്കുന്നുണ്ട്.
കേരള സർവകലാശാലയിൽ സ്ഥിരം വിസി ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. സർക്കാറും ഗവർണറും തമ്മിലെ തർക്കം തുടരുന്നതിനാൽ കേരള അടക്കം 7 സർവകലാശാലകളിൽ വിസിമാരില്ലാത്ത സാഹചര്യമാണ്. അതേസമയം, ഗവർണറുടെ ഒപ്പ് കാത്ത് ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. സർവകലാശാല ഭേദഗതി ബില്ലിലും ചാൻസിലർ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ സർക്കാരും ഗവർണറും തർക്കം തുടരുമ്പോൾ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനം അവതാളത്തിലാവുകയാണ്.
സ്ഥിരം വിസിക്കായുള്ള കേരള സർവകലാശാലയുടെ കാത്തിരിപ്പ് ഒരു വർഷം പിന്നിട്ടു. ഗവർണ്ണർ-സർക്കാർ തർക്കത്തിന്റെ പ്രധാനകേന്ദ്രം കൂടിയായിരുന്നു കേരള സർവകലാശാല. വിസി മഹാദേവൻ പിള്ളയുടെ കാലാവധി തീരാനിരിക്കെ ഗവർണ്ണർ പുതിയ വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ഉണ്ടാക്കി. ഗവർണ്ണറുടേയും യുജിസിയുടേയും പ്രതിനിധിയെ വെച്ചു. പക്ഷെ സർവ്വകലാശാല പ്രതിനിധിയെ നൽകിയില്ല. ഇതിനിടെ സർക്കാർ 3 അംഗ സർച്ച് കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർവ്വകലാശാലാ നിയമഭേഗദതി ബിൽ കൊണ്ടുവന്നു.
നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. ഇതോടെ ഇൻചാർജ്ജ് ഭരണത്തിലായി കേരള സർവകലാശാല. കേരളയിൽ മാത്രമല്ല, എംജി, കുസാറ്റ്, മലയാളം, ഫിഷറീസ്, അഗ്രികൾച്ചർ. കെടിയു എന്നിവിടങ്ങളിലുമില്ല സ്ഥിരം വിസിമാർ. എല്ലായിടത്തും ചുമതലക്കാർ മാത്രമാണ് നിലവിലുള്ളത്. സെർച്ച് കമ്മിറ്റിയെ മാറ്റാനുള്ള ബിൽ മാത്രമല്ല ചാൻസ്ലർ സ്ഥാനത്ത് നിന്നും ഗവർണ്ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസ്സാക്കി രാജ്ഭവനിൽ കെട്ടിക്കിടക്കുന്നുണ്ട്. സർക്കാറും ഗവർണ്ണറും ഒരിഞ്ചും വിട്ടുവീഴ്ചയില്ലാതെ ഉടക്കിൽ തുടരുന്നതിനിടെയാണ് ശിശുക്ഷേമ സമിതിയിലും പ്രശ്നം.
മറുനാടന് മലയാളി ബ്യൂറോ