തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് ഗവര്‍ണ്ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇതോടെ വീണ്ടും ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ പോര് ശക്തമാകുകയാണ്. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയില്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ചത് പ്രതിസന്ധി രൂക്ഷമാക്കും.

അതിനിടെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് തെളിയുകയും ചെയ്തു. ഗവര്‍ണറെ മറികടന്ന് സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം. ഏതാനും ദിവസം മുന്‍പ് ആണ് കെ.ടി.യു അടക്കം സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഈ നീക്കത്തിന് ഒരു തിരിച്ചടിയെന്നോണം ആണ് സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സര്‍വകലാശാല ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ കമ്മിറ്റി. കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍കുസാറ്റ് വി.സി ഡോ. കെ.എന്‍ മധുസൂധനനെ യൂണിവേഴ്‌സിറ്റി പ്രതിനിധിയാക്കിയപ്പോള്‍ മദ്രാസ് ഐ.ഐ.ടിയില്‍ നിന്നുള്ള ഡോ. പ്രദീപിനെ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നോമിനിയാക്കി.

ഗവര്‍ണറുടെ കമ്മിറ്റിയില്‍ ഉള്ള ക്ഷിതി ഭൂഷന്‍ ദാസ് തന്നെയാണ് യു.ജി.സി പ്രതിനിധി ആയിട്ടുള്ളത്. കുസാറ്റ് വി.സിയുടെ ചുമതല വഹിക്കുന്ന പി.ജി ശങ്കരന്‍, മുന്‍ എം.ജി വി.സി സാബു തോമസ് എന്നിവരെ സര്‍ക്കാര്‍ നോമിനികളായും പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരു സര്‍വകലാശാലയില്‍ രണ്ടു സെര്‍ച്ച് കമ്മിറ്റികള്‍ ഉണ്ടാകുമ്പോള്‍ അത് വീണ്ടുമൊരു തര്‍ക്കത്തിലേക്ക് തന്നെ കാര്യങ്ങളെ നയിക്കും. ഗവര്‍ണറുടെ കമ്മിറ്റികള്‍ക്കെതിരെ നിയമപരമായി നീങ്ങുന്ന സര്‍ക്കാര്‍ മറ്റു സര്‍വകലാശാലകളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത.

ഇതിനൊപ്പമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍കാലിക വിസി നിയമന വിവാദം. സര്‍വകലാശാലയിലെ മുന്‍ സയന്‍സ് വിഭാഗം ഡീനും കെമിസ്ട്രി വിഭാഗം പ്രൊഫസറുമായ ഡോ. പി. രവീന്ദ്രനാണ് വി.സി.യുടെ ചുമതല. നിലവിലെ വി.സി. ഡോ. എം.കെ. ജയരാജ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നിയമനം. ഗവര്‍ണ്ണറുടെ ഈ നടപടിയെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മറ്റ് സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിന് രാജ്ഭവന്‍ സ്വന്തം നിലയില്‍ നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനും നടപടികള്‍ സര്‍ക്കാര്‍ എടുക്കും. വിഴിഞ്ഞത്ത് സര്‍ക്കാരിനെ പരിഹസിക്കുന്ന നിലപാടാണ് ഗവര്‍ണ്ണര്‍ എടുത്തത്.

വി.സി.യുടെ ചുമതല നല്‍കാന്‍ മന്ത്രി ആര്‍. ബിന്ദു മൂന്നുപേര്‍ ഉള്‍പ്പെട്ട പാനല്‍ സമര്‍പ്പിച്ചിരുന്നു. കാലിക്കറ്റിലെ ഫിസിക്‌സ് പ്രൊഫസര്‍ ഡോ. പ്രദ്യുന്മന്‍, കേരളയിലെ ഹിന്ദി പ്രൊഫസര്‍ ഡോ. ജയചന്ദ്രന്‍, ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ. മീനാ പിള്ള എന്നിവരാണ് ഈ പാനലിലുണ്ടായിരുന്നവര്‍. ഇതു തള്ളിയാണ് ഡോ. രവീന്ദ്രനെ നിയമിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം. മുമ്പും സമാന സഭവങ്ങളുണ്ടായിട്ടുണ്ട്.

എം.ജി. സംസ്‌കൃതം, മലയാളം, കണ്ണൂര്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ വിരമിച്ചപ്പോഴും ഗവര്‍ണര്‍ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഇവിടെ എല്ലാം സര്‍ക്കാരിന് സര്‍വ്വകലാശാലകളിലുള്ള നിയന്ത്രണം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനത്തേയും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണ്ണറുടെ കാലാവധി തീരും. അതിനിടെ വീണ്ടും ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി നല്‍കുമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ പോര് കൂടുതല്‍ കടുക്കും.

ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളിലാണ് സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. കമ്മിറ്റിയില്‍ യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തി രാജ്ഭവന്‍ വിജ്ഞാപനം ഇറക്കുകും ചെയ്തു. സര്‍ക്കാര്‍ -ഗവര്‍ണര്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വി.സി നിയമനത്തില്‍ സര്‍വകലാശാലകള്‍ സെര്‍ച് കമ്മിറ്റി പ്രതിനിധികളെ നല്‍കിയിരുന്നില്ല.