- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യ സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി; ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ല; ആരോഗ്യ സര്‍വ്വകലാശാലയിലെ വിസിയുടെ പുനര്‍നിയമനം സര്‍ക്കാരിനെ ചൊടിപ്പിച്ചു; ഗവര്‍ണറെ കടന്നാക്രമിച്ച് ആരോഗ്യമന്ത്രി; സര്‍ക്കാരും രാജ്ഭവനും വീണ്ടും നേര്‍ക്കു നേര്
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനം വിവാദത്തിലേക്ക്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വിസി പുനര്‍ നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സ്വന്തം നിലയിലാണ് ചാന്‍സലര്‍ അത് ചെയ്തത്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടേത് ഏകാധിപത്യ നടപടിയാണെന്ന് പറഞ്ഞു വയ്ക്കുകയാണ് സര്‍ക്കാര്‍.
ഒക്ടോബര്‍ 27ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഡോ.മോഹനന്‍ കുന്നുമ്മലിന് വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനന്‍ കുന്നുമ്മലിന് വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടത്. അഞ്ചുവര്‍ഷമോ 70 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഡോ.മോഹനന് ആരോഗ്യ സര്‍വകലാശാല വിസിയായി തുടരാന്‍ സാധിക്കും. ഇതോടെ സംസ്ഥാനത്ത് പുനര്‍നിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ മാറി. ഇതാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനാണ് വിസി പദവിയില്‍ സംസ്ഥാനത്ത് ആദ്യമായി പുനര്‍നിയമനം ലഭിച്ചത്. വിസിക്ക് പുനര്‍നിയമനം നല്‍കാവുന്നതാണെന്നും, സെര്‍ച്ച് കമ്മിറ്റിയോ, പ്രായമോ ബാധകമല്ലെന്നുമുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായത്. പുനര്‍നിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചുവെങ്കിലും, നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ സ്വാധീനിച്ചുവെന്നതിന്റെ പേരില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു.
ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലറായി ആയി പുനര്‍നിയമനം നല്‍കിയ ഡോ.മോഹനന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയില്‍ തുടരണമെന്നും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. 2022 ഒക്ടോബര്‍ 24നാണ് അദ്ദേഹം കേരള സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തത്. അതിനിടെ ആരോഗ്യസര്‍വകലാശാലയില്‍ പുതിയ വിസിയെ കണ്ടെത്തുന്നതിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവന്‍ പുറപ്പെടുവിച്ച വിജ്ഞാപനവും ഗവര്‍ണര്‍ പിന്‍വലിച്ചിട്ടുണ്ട്. സേര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണ ഉത്തരവ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലൂടെ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിര്‍ണ്ണായക നീക്കം നടത്തുന്നത്.
2019 ഒക്ടോബറിലാണ് ആരോഗ്യ സര്‍വ്വകലാശാല വി സി യായി ഡോ. മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ നിയമിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനന്‍ കുന്നുമ്മല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം റേഡിയോ ഡയഗ്നോസിസില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.