- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറെ ആക്രമിക്കാനായി മാത്രം വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ് വിരട്ടലും പരിഹാസവും; തനിക്ക് ആർഎസ്എസ് പിന്തുണയെന്ന് വരുത്താനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമങ്ങൾക്കും പരിഹാസം; പിണറായിയുടെ കടന്നാക്രമണത്തോടെ സർക്കാറും ഗവർണറും രണ്ടു വഴിക്ക്
തിരുവനന്തപുരം: ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിൽ പറഞ്ഞു തീർക്കാൻ കഴിയാത്തതു കൊണ്ടു മാത്രമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചു രംഗത്തുവന്നത്. ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കാൻ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം ഉപയോഗിച്ചത്. വിരട്ടലും പരിഹാസവുമെല്ലാം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനതിൽ കടന്നുവന്നു. ഗവർണർ പറഞ്ഞ ചരിത്രപരമായ പിഴവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ ഗവർണറും സർക്കാറും ഏറ്റുമുട്ടലിന്റെ വഴിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
'ആരിഫ് മുഹമ്മദ് ഖാനു പിണറായി വിജയനെ മനസ്സിലായിട്ടില്ല. ഒരാളിൽ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റുന്നയാളല്ല ഞാൻ. ഗവർണറുടെ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി ഇടിച്ചു താഴ്ത്തേണ്ടതില്ലെന്നാണ് ഇപ്പോഴും കരുതുന്നത്. ചാൻസലറായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നു ഗവർണർ പറഞ്ഞിരുന്നു. എന്നാൽ, ഗവർണർ ആ സ്ഥാനത്തിരിക്കണമെന്നു തന്നെയാണു സർക്കാർ നിലപാട്'' മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
കണ്ണൂർ വാഴ്സിറ്റി വൈസ്ചാൻസലറെ പുനർനിയമിക്കുന്നതിൽ ഇടപെട്ടെന്ന ആരോപണം അദ്ദേഹവുമായി നടത്തിയ സംഭാഷണം തെറ്റായി അവതരിപ്പിച്ചു കൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ''മുഖ്യമന്ത്രിയും ഗവർണറും കാണുന്നതു തെറ്റായ കാര്യമല്ലല്ലോ. അദ്ദേഹത്തെ കണ്ടിട്ടുണ്ട്, ആശയവിനിമയവും നടത്തിയിട്ടുണ്ട്. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വിസിയായി നിയമിച്ചതു സർവകലാശാലാ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ്. ഞങ്ങൾ തമ്മിൽ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാവാം. ഗവർണർ പറഞ്ഞതു വസ്തുതയല്ലെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ
''ഗവർണർ ഒട്ടേറെ കാര്യങ്ങൾ എന്നോടും പറഞ്ഞു. അതു വെളിപ്പെടുത്താൻ നിന്നാൽ അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ പിടികിട്ടും. അതിനെക്കുറിച്ചു പറയുന്നതു മാന്യതയ്ക്കു ചേരുന്നതല്ല. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല'' മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകൾ വായിക്കുന്നതിനു മുൻപാണു ഗവർണർ അഭിപ്രായം പറഞ്ഞത്. വായിക്കുമ്പോഴുണ്ടാകുന്ന സംശയം തീർക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പിണറായി പറഞ്ഞു. ആരെങ്കിലും മൈക്ക് വയ്ക്കുന്നിടത്തെല്ലാം പ്രതികരിക്കുന്നയാളാണു ഗവർണറെന്നു പറഞ്ഞിട്ടില്ല. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അത് അവലംബിക്കാതെ, ഓരോ സ്ഥലത്തും നീട്ടിപ്പിടിക്കുന്ന മൈക്കിനു മുൻപിൽ നിന്ന്, ഇതെല്ലാം പറയാൻ താൻ പ്രാപ്തനാണ് എന്ന മട്ടിൽ ശബ്ദമുയർത്തിയും മുഖത്തു ഗൗരവം വരുത്തിയും സംസാരിച്ചു കാര്യം നിർവഹിച്ചുകളയാം എന്നു കരുതുന്നുണ്ടെങ്കിൽ അതു ഭരണഘടന അനുശാസിക്കുന്ന രീതിയല്ല എന്നാണു പറഞ്ഞത്. അതു പരിഭാഷപ്പെടുത്തിയവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.
ആർഎസ്എസ് എല്ലാത്തിനെയും സംരക്ഷിക്കാൻ പറ്റിയതാണ് എന്ന ബോധ്യത്തിൽ നിന്നാണു ഗവർണറുടെ സംസാരം. അതിന്റെ ഭാഗമായ മതിമറക്കൽ ഉണ്ട്. അതു നല്ലതല്ല. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ കാണുന്നത് ചോദ്യം ചെയ്യേണ്ട കാര്യമല്ല. പക്ഷേ, ഗവർണർ സ്ഥാനത്തിരിക്കുന്നയാൾ ഒരു വ്യക്തിയുടെ വീട്ടിൽ പോയി ആർഎസ്എസ് നേതാവിനെ സന്ദർശിച്ചതു സാധാരണ കാണുന്ന രീതിയല്ല.
സർക്കാരിന്റെ ഓണാഘോഷ സമാപന പരിപാടിയിൽ ക്ഷണിക്കാത്തതിൽ ഗവർണർ പരിഭവിച്ചത് ധാരണക്കുറവു കൊണ്ടാകാമെന്ന് മുഖ്യമന്ത്രി. ഘോഷയാത്ര കടന്നുപോകുമ്പോൾ എല്ലാവരും കണ്ടാസ്വദിക്കുന്നു എന്നല്ലാതെ അവിടെ മറ്റു പരിപാടികളൊന്നുമില്ല. ആരെയും ക്ഷണിക്കേണ്ടതില്ല. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ഗവർണർക്ക് ഉദ്ദേശ്യമുണ്ടോ എന്നു മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ പയറ്റി നോക്കാമെന്നാണെങ്കിൽ വരട്ടെ, നോക്കാം. ബിജെപിക്കു കേരളത്തിൽ ഒരു നല്ല സ്ഥാനാർത്ഥിയെ കിട്ടുമെന്ന് കരുതുന്നുണ്ടെങ്കിൽ നോക്കാമെന്നുമായിരുന്നു പിണറായിയുടെ പരിഹാസം.
ജനാധിപത്യ ഗവർണർ കൊളോണിയൽ ഗവർണർമാരെപ്പോലെ ആകരുതെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ കോളനി വാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണെന്ന ധാരണ മാറ്റണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും ഇതു ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് ആർഎസ്എസിന്റെ വാട്സാപ് കേന്ദ്രങ്ങളിൽ നിന്നാണോ വസ്തുതാവിരുദ്ധമായ വിവരങ്ങൾ ലഭിക്കുന്നത്. ജനങ്ങളും നാടുമാണു സർക്കാരിന്റെ പരിഗണനാ വിഷയങ്ങൾ; അല്ലാതെ ഏറ്റുമുട്ടലല്ല. അതേസമയം, ബില്ലിൽ ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്കു സമർപ്പിച്ചാൽ എന്തു ചെയ്യണമെന്നു ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അനുമതി നൽകുകയോ നൽകാതിരിക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു സമർപ്പിക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഭേദഗതികളോടെ നിയമസഭയ്ക്കു തിരിച്ചയയ്ക്കാം. മാധ്യമങ്ങൾക്കു മുന്നിൽ വന്നു ചില പ്രത്യേക ബില്ലുകളിൽ ഒപ്പിടില്ല എന്നു പ്രഖ്യാപിക്കുന്നതു ഭരണഘടനയ്ക്ക് അനുസൃതമാണോ? ഗവർണർ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിനു വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നും സർക്കാരിനാണെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചു പിണറായി ചൂണ്ടിക്കാട്ടി.
ഗവർണർ ഉന്നയിച്ച വിമർശനങ്ങൾ തികച്ചും രാഷ്ട്രീയമാണ്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ സർക്കാരിനെയും ഭരിക്കുന്ന കക്ഷിയെയും വിമർശിക്കാനുള്ള അവകാശവും കടമയും പ്രതിപക്ഷത്തിനും ജനങ്ങൾക്കുമുണ്ട്. എന്നാൽ, മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചു വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് 1974 ലെ ഷംഷേർസിങ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും വിധിന്യായത്തിൽ സ്പഷ്ടമാക്കുന്നു. ഗവർണർ കേന്ദ്ര സർക്കാരിന്റെ ജീവനക്കാരനോ ഏജന്റോ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
5 ബില്ലിൽ മാത്രം ഒപ്പുവച്ചു
സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ 5 എണ്ണത്തിൽ മാത്രം ഒപ്പുവച്ച ശേഷം ഡൽഹിക്കു പോയി. ഏറെ വിവാദമായ ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഉൾപ്പെടെ ഒപ്പിടാനുണ്ട്. ഗവർണറെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി.ജോയിയും ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒക്ടോബർ 2ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് അവർ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. സർക്കാർ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ഗവർണർ, ഓണം വാരാഘോഷ സമാപനച്ചടങ്ങിലേക്കു ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ