- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍; വിമര്‍ശനം തള്ളി ബിജെപി; സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന് വാദം
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുകായാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നാണ് സൂചനകള്‍. ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വഖഫ് നിയമത്തില്‍ 40-ഓളം ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡുകള്‍ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേല്‍ പരിശോധന നിര്‍ബന്ധിതമാക്കും.
വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. പുറത്തുവിട്ട മന്ത്രിസഭാ തീരുമാനങ്ങളുടെ കൂട്ടത്തില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വഖഫ് നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകള്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് വിവരം. രാജ്യത്തുടനീളം 8.7 ലക്ഷത്തിലേറെ വസ്തുക്കളാണ് (9.4 ലക്ഷം ഏക്കര്‍ ഭൂമി) വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത്. നിലവില്‍ വഖഫ് ബോര്‍ഡിന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.
വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനേയും ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം കേന്ദ്രനീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വഖഫ് നിയമത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാടും ബിജെപി തള്ളിയിട്ടുണ്ട്. നിയമഭേദഗതി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പരാതികളുടെ കൂടി അടിസ്ഥാനത്തിലെന്നാണ് ബിജെപിയുടെ വാദം. വഖഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നും ബിജെപി വിശദീകരിക്കുന്നു. വഖഫ് നിയമത്തിലെ മാറ്റങ്ങള്‍ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് വ്യക്തിനിയമ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്. ഇന്ന് പാര്‍ലമെന്റില്‍ ബില്ല് കേന്ദ്രസക്കാര്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. വഖഫ് ബോര്‍ഡിന്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്കിയ അമിത അധികാരം എടുത്ത് കളയാനും ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.