തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന് പകരം രാജേന്ദ്ര ആര്‍ലേക്കര്‍ കേരളാ ഗവര്‍ണറായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ച് ആശ്വാസത്തിലായിരുന്നു. തുടക്കത്തില്‍ ഗവര്‍ണറുമായി ഊഷ്മളമായ ബന്ധത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, യൂണിവേഴ്‌സിറ്റി വിഷയങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ നിലപാടിന് എതിരെ നിന്നതോടെ കളിമാറി. ഇതിന് പിന്നാലെ ഭാരതാംബ വിവാദം അടക്കം ഗവര്‍ണര്‍ സൃഷ്ടിച്ചു. ഇത് നിഷ്‌ക്കളങ്കമല്ലെന്നാണ് സര്‍ക്കാര്‍ കണ്ടത്. ആര്‍ലേക്കറിന്റെ താല്‍പ്പര്യത്തേക്കാള്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യമാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ക്ക് പിന്നിലെന്നാണ് അനുമാനം.

ഇതിനിടെ ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് മുറുകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടി. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കിയത്.

തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാപ്രശ്‌നങ്ങളില്ലെങ്കില്‍, ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.

എന്നാല്‍, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നാളയേ തലസ്ഥാനത്തെത്തൂ. അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പൊലീസില്‍ പൂര്‍ണ തൃപ്തിയെന്ന് രാജ്ഭവന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന കാര്യമാണ്. അതിന് പിന്നാലെ കുറച്ച് പൊലീസുകാരെ രാജ്ഭവന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

ട്രാന്‍സ്ഫറുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവും പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് ഉത്തരവുകളും ഒരേ ദിവസമാണ് ഇറങ്ങിയിട്ടുള്ളത്.

അതിനിടെ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പതാകയോ ദേശീയ ചിഹ്നമോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 1947 ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം.

സര്‍ക്കാരുമായി ചേര്‍ന്ന് രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടികളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 'ഭാരതാംബ' വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍വെയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി, കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയായിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലും മാധ്യമങ്ങളെ കണ്ട മന്ത്രി ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.

കാവിക്കൊടിയേന്തിയ 'ഭാരതാംബ' വിവാദം അവിടെയും തീര്‍ന്നിരുന്നില്ല. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ ശ്രീ പത്മനാഭസ്വാമി സേവാ ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ ഇതേ ചിത്രം ഉപയോഗിച്ചത് എസ്എഫ്ഐയുടേയും കെഎസ്യുവിന്റേയും പ്രതിഷേധത്തിന് കാരണമായി. പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുന്നോടിയായി കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിക്കരുതെന്നടക്കം സര്‍വകലാശാല രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംഘാടകര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് മാത്രമല്ല പരിപാടിയുമായി മുന്നോട്ടുപോകുകയും ചെയ്തു. ഇതിനെതിരെ രജിസ്ട്രാര്‍ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധങ്ങള്‍ക്കിടയിലൂടെ സെനറ്റ് ഹാളിലേക്ക് എത്തിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥയെക്കുറിച്ച പ്രസംഗിച്ച ശേഷമാണ് പുറത്തിറങ്ങിയത്. പ്രതിഷേധം കണക്കിലെടുത്ത് സര്‍വകലാശാലയുടെ പിന്‍ഭാഗത്തെ ഗേറ്റിലൂടെയായിരുന്നു ഗവര്‍ണറെ പുറത്തുകടത്തിയത്.

ഈ സംഭവത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗവര്‍ണറും രംഗത്തെത്തിയിരുന്നു. ജൂണ്‍ പത്തൊന്‍പതിന് നടന്ന പരിപാടിയില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കുട്ടികള്‍ക്ക് മുന്നില്‍വെച്ച് ഭരണഘടനയുടെ തലവനായ തന്നെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കാവി കളര്‍ ആര്‍എസ്എസിന്റേത് മാത്രമല്ല. 'ഭാരതാംബ' ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. ക്രമസമാധാന പ്രശ്നത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അയച്ച കത്തിന് പിന്നീട് മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ ഒന്നിന് ശേഷം ഗവര്‍ണര്‍ മറുപടി നല്‍കുമെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം.